'ചുഴലിക്കാറ്റിനൊപ്പം ചാകര', മീനുകള്‍ വാരിക്കൂട്ടി ജനം! വൈറലായ വീഡിയോ എന്ത്? Fact Check

By Web TeamFirst Published Dec 10, 2023, 1:49 PM IST
Highlights

ആളുകള്‍ ഈ മീനുകളെ വാരിയെടുത്ത് കവറിലാക്കുന്നതും വീഡിയോയില്‍ കാണാം

വിശാഖപട്ടണം: മിഗ്ജൗമ് ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തീരത്ത് മീന്‍ ചാകരയുണ്ടായോ? ബീച്ചില്‍ നൂറുകണക്കിന് മീനുകള്‍ തിരയ്ക്കൊപ്പം ആഞ്ഞടിക്കുന്നതും ആളുകള്‍ മീനുകളെ കവറുകളില്‍ വാരിയെടുക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത് പോലെയല്ല ഈ വീഡിയോയുടെ യാഥാര്‍ഥ്യം. 

പ്രചാരണം

Latest Videos

Bapatla District News എന്ന ഫേസ്‌ബുക്ക് പേജില്‍ 2023 ഡിസംബര്‍ അഞ്ചിന് അപ്‌ലോഡ് ചെയ്‌തിരിക്കുന്ന 45 സെക്കന്‍ഡ‍് വീഡിയോയുടെ തലക്കെട്ട് ഇങ്ങനെ- 'കാറ്റ് കാരണം വിശാഖ തീരത്ത് മീനുകള്‍ ഇന്നലെയെത്തിയിരിക്കുന്നു'. തിരയ്ക്കൊപ്പം നൂറുകണക്കിന് മീനുകള്‍ കരയിലേക്ക് ഇരച്ചെത്തുന്നത് വീഡിയോയില്‍ കാണാം. ചുരുക്കം ആളുകള്‍ ഈ മീനുകളെ വാരിയെടുത്ത് കവറിലാക്കുന്നുമുണ്ട്. വീഡിയോ നിരവധി പേര്‍ ഈ എ‌ഫ്ബി പേജില്‍ നിന്ന് ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ദൃശ്യത്തിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം. 

വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

വസ്‌തുതാ പരിശോധന

എന്നാല്‍ മീന്‍ ചാകരയുടെ  വീഡിയോ മിഗ്ജൗമ് ചുഴലിക്കാറ്റിന്‍റെ സമയത്തേത് അല്ല എന്നതാണ് യാഥാര്‍ഥ്യം. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. സമാന വീഡിയോ ഉപയോഗിച്ച് വിവിധ മാധ്യമങ്ങളില്‍ മുമ്പ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നതാണ് എന്ന് പരിശോധനയില്‍ കണ്ടെത്താനായി. യൂട്യൂബില്‍ ഒരു തെലുഗു മാധ്യമത്തിന്‍റെ വെരിഫൈഡ് ചാനലില്‍ 2023 മെയ് 29ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ നോക്കിയാല്‍ യാഥാര്‍ഥ്യം ബോധ്യമാകും. 

ഇരു വീഡിയോകളിലും മത്സ്യം ശേഖരിക്കുന്ന ഒരേ ആളെ കാണാം. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയും 2023 മെയ് മാസത്തില്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയും സമാനമെന്ന് ഇത് തെളിയിക്കുന്നു. എന്നാല്‍ മിഗ്ജൗമ് ചുഴലിക്കാറ്റുണ്ടായത് 2023 ഡിസംബറിലാണ്. 

നിഗമനം

മിഗ്ജൗമ് ചുഴലിക്കാറ്റ് സമയത്ത് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം തീരത്ത് മീന്‍ ചാകരയുണ്ടായി എന്നുപറഞ്ഞ് പ്രചരിക്കുന്ന ദൃശ്യം 2023 മെയ് മാസത്തേതാണ്. വീഡിയോയ്‌ക്ക് മിഗ്ജൗമ് ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ല. 

Read more: വിമാനത്തില്‍ വൃദ്ധനുമായി പൊരിഞ്ഞ തര്‍ക്കം, അടിയുടെ വക്കോളം, ഇടപെട്ട് എയര്‍ഹോസ്റ്റസ്; വീഡിയോയില്‍ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!