കേരളത്തിലോ? റോഡിലെ പടുകുഴിയില്‍ ബൈക്ക് യാത്രികനും കുട്ടിയും മുങ്ങിത്താണു! സിസിടിവി വീഡിയോ

By Jomit JoseFirst Published Oct 1, 2023, 2:16 PM IST
Highlights

കേരളത്തിലെ റോഡാണിത് എന്ന് പലരും വീഡിയോയ്‌ക്ക് താഴെ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം

കേരളത്തിലെ റോഡുകളിലെ കുഴികള്‍ എക്കാലവും വലിയ ചര്‍ച്ചയായിട്ടുള്ള വിഷയമാണ്. സമീപകാലത്ത് റോഡുകള്‍ മെച്ചപ്പെട്ടുവെന്ന് ഭരണപക്ഷം വാദിക്കുമ്പോള്‍ ഇത് മുഖവിലയ്‌ക്കെടുക്കാത്തവരുണ്ട്. ഇതിനിടെ ഒരു സിസിടിവി വീഡിയോ കേരളത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നു. വെള്ളം നിറഞ്ഞുകിടക്കുന്ന റോഡിലെ വലിയ ഗര്‍ത്തത്തിലേക്ക് ബൈക്ക് യാത്രക്കാരനും കുട്ടിയും വീഴുന്നതും മുങ്ങിത്താഴുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. കേരളത്തിലെ റോഡാണിത് എന്ന് പലരും വീഡിയോയ്‌ക്ക് താഴെ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. സത്യമോ?

Latest Videos

പ്രചാരണം

സെപ്റ്റംബര്‍ 29-ാം തിയതി സിഎംഎസ് ഖാന്‍ എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവെച്ച വീഡിയോ ഇങ്ങനെ. 'റോഡിൽ സ്വിമ്മിംഗ് പൂൾ ഉള്ളത് അറിഞ്ഞില്ല' എന്ന അടിക്കുറിപ്പോടെയാണ് ഇയാള്‍ ബൈക്ക് അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ബൈക്കില്‍ വരുന്ന ഒരാളും പെണ്‍കുട്ടിയും വെള്ളംമൂടി കിടക്കുന്ന റോഡിലെ കുഴിയിലേക്ക് അബദ്ധത്തില്‍ വണ്ടിയുമായി വീഴുന്നതാണ് വീഡിയോയില്‍. ബൈക്കുമായി കുഴിയില്‍ വീണവരെ സമീപത്തുള്ള നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. കേരളത്തിലെ റോഡില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യമാണിത് എന്നുള്ള കമന്‍റുകള്‍ ഈ വീഡിയോയ്‌ക്ക് താഴെ പലരും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അതിനാല്‍തന്നെ ഈ വീഡിയോയുടെ വസ്‌തുത പരിശോധിക്കുകയാണ്.

റോഡിൽ സ്വിമ്മിംഗ് പൂൾ ഉള്ളത് അറിഞ്ഞില്ല pic.twitter.com/e7L3X2cR6Q

— Cms Khan (@CmsKhan1)

വസ്‌തുത

അപകട വീഡിയോ കേരളത്തില്‍ നിന്നുള്ളതാണ് എന്ന് പലരും കമന്‍റ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതിനാല്‍ വസ്‌തുത അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക് ടീം വിശദമായി പരിശോധിച്ചു. സിഎംഎസ് ഖാന്‍ ട്വീറ്റ് ചെയ്ത വീഡിയോയുടെ താഴെ വന്ന ഒരു കമന്‍റില്‍ പറയുന്നത് ഇത് ശ്രീലങ്കയില്‍ നിന്നുള്ള ദൃശ്യമാണ് എന്നാണ്. അതിനാല്‍തന്നെ ഇതുറപ്പിക്കാന്‍ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ വീഡിയോയും ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകളും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഫേസ്‌ബുക്ക് പേജുകളിലും കണ്ടെത്താനായി. എന്നാല്‍ ഈ വീഡിയോകള്‍ക്കൊപ്പമുണ്ടായിരുന്ന കുറിപ്പുകളൊന്നും മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരുന്നില്ല. ഇത് ഏത് ഭാഷയാണ് എന്ന് കണ്ടെത്താനായി ഇതോടെ ആദ്യ ശ്രമം. 

ഏഷ്യന്‍ മിറര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം അപകട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലത്തിലുണ്ടായിരുന്നു. സിംഹള ഭാഷയിലാണ് ഈ ഓണ്‍ലൈന്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വാര്‍ത്തയ്ക്ക് താഴെ നല്‍കിയിരിക്കുന്നത് സൂചനയായി. ഇതിനാല്‍ ട്രാന്‍സ്‌ലേറ്ററിന്‍റെ സഹായത്തോടെ വാര്‍ത്തയിലെ വിവരങ്ങള്‍ വായിച്ചെടുത്തു. ബൈക്ക് യാത്രയ്ക്കിടെ അച്ഛനും സ്‌കൂള്‍ വിദ്യാര്‍ഥിയായ മകളും വലിയ ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നുവെന്ന് വാര്‍ത്തയില്‍ പറയുന്നു. കൊളംബോയിലെ ഗൊതാത്വയിലാണ് ഈ സംഭവം എന്നും വാര്‍ത്തയിലുണ്ട്. ശ്രീലങ്കയില്‍ സിംഹള ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈനാണ് ഏഷ്യന്‍ മിറര്‍

ഈ വീഡിയോയുടെ പൂര്‍ണ രൂപം അപേ രതാ എന്ന എഫ്‌ബി പേജില്‍ സെപ്റ്റംബര്‍ 19ന് പോസ്റ്റ് ചെയ്‌തിട്ടുള്ളതായും റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലത്തിലുണ്ടായിരുന്നു. സിംഹള ഭാഷയിലാണ് ഈ കുറിപ്പും എന്ന് മനസിലായതോടെ വീഡിയോയ്‌ക്കൊപ്പമുള്ള തലക്കെട്ട് ട്രാന്‍സ്‌ലേറ്ററിന്‍റെ സഹായത്തോടെ വായിച്ചു. കേരളത്തില്‍ നിന്നുള്ള വീഡിയോയല്ല പ്രചരിക്കുന്നത് എന്ന് ഇതും കാണിച്ചുതന്നു. അപകടം നടക്കുന്നതിന്‍റെ തൊട്ടുമുമ്പ് ഈ വഴി ഓറഞ്ച് നിറത്തിലുള്ള ഒരു ഓട്ടോറിക്ഷ കടന്നുപോകുന്നതായി വീഡിയോയിലുണ്ടായിരുന്നു. ഇതും വീഡിയോ കേരളത്തില്‍ നിന്നല്ല എന്നുറപ്പിക്കാന്‍ സഹായകമായ ഘടകമായി. കേരളത്തില്‍ ഈ നിറത്തിലുള്ള ഓട്ടോകള്‍ സാധാരണമല്ല. ബൈക്ക് യാത്രികര്‍ റോഡിലെ വലിയ കുഴിയില്‍ വീഴുന്ന ദൃശ്യം കേരളത്തില്‍ നിന്നുള്ളതല്ല, ശ്രീലങ്കയിലേതാണ് എന്ന് ഇക്കാരണങ്ങള്‍ കൊണ്ട് ഉറപ്പിക്കാം. 

വീഡിയോയുടെ പൂര്‍ണരൂപം

Read more: യുപിയില്‍ മൃതദേഹം ആശുപത്രി ജീവനക്കാര്‍ ബൈക്കില്‍ ഉപേക്ഷിച്ചു; നെഞ്ചില്‍ കൊളുത്തി വലിക്കുന്ന ദൃശ്യം സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!