അയോധ്യയിലേക്കുള്ള ക്ഷണക്കത്തുമായി നരേന്ദ്ര മോദി നേരിട്ട് വീടുകളിലെത്തിയോ? വീഡിയോയുടെ വസ്‌തുത ഇത്- Fact Check

By Web TeamFirst Published Jan 8, 2024, 1:05 PM IST
Highlights

പ്രധാന സേവകൻ ശ്രീരാമചന്ദ്രന്‍റെ ഗൃഹപ്രവേശത്തിന് ക്ഷണപത്രികയുമായി വീടുകളിൽ സമ്പർക്കത്തിൽ- എന്നാണ് വീഡിയോയുടെ തലക്കെട്ട്

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മത്തിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കവെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതാണ് വീഡിയോയില്‍ കാണുന്നത്. രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിനായി വീടുകളിലെത്തി പ്രധാനമന്ത്രി ആളുകളെ ക്ഷണിക്കുന്നതിന്‍റെ വീഡിയോ ആണോ ഇത്? അയോധ്യ പ്രതിഷ്ഠാകര്‍മ്മത്തിന്‍റെ ക്ഷണപത്രികയുമായി വീടുകളിൽ നരേന്ദ്ര മോദി എത്തിയതായി അവകാശപ്പെടുന്ന ഈ വീഡിയോയുടെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

Latest Videos

'പ്രധാന സേവകൻ ശ്രീരാമചന്ദ്രന്റെ ഗൃഹപ്രവേശത്തിന് ക്ഷണപത്രികയുമായി വീടുകളിൽ സമ്പർക്കത്തിൽ'- എന്നാണ് അഭിനയ മോഹി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ 2024 ജനുവരി 5ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയുടെ തലക്കെട്ട്. ഒരു മിനുറ്റും 23 സെക്കന്‍ഡും ദൈര്‍ഘ്യവുമുള്ള വീഡിയോയില്‍ നരേന്ദ്ര മോദി ഒരു വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതും ആളുകളെ കൈവീശി അഭിസംബോധന ചെയ്യുന്നതും കാണാം. കനത്ത സുരക്ഷയിലാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്. അദേഹത്തിന്‍റെ പരിപാടി പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 

വസ്‌തുതാ പരിശോധന

ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന വീഡിയോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ Social Media and IT, BJP, Distt Gurdaspur എന്ന എഫ്‌ബി പേജില്‍ 2024 ജനുവരി 3ന് പോസ്റ്റ് ചെയ്ത വീഡിയോ കാണാനായി. വൈറലായിരിക്കുന്ന വീഡിയോയില്‍ നിന്ന് അല്‍പം കൂടി അടുത്തുനിന്ന് ഇതില്‍ മോദിയെ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോയുടെ വിവരണത്തില്‍ അയോധ്യയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി വീട്ടിലെത്തിയത് എന്ന് പറയുന്നില്ല. 

ഇതിനെ തുടര്‍ന്ന് കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തിയപ്പോള്‍ ബിജെപി അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ 2023 ഡിസംബര്‍ 30ന് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ കാണാനായി. അയോധ്യയില്‍ ഉജ്ജ്വല യോജന പദ്ധതിക്ക് കീഴില്‍ 10-ാം കോടി ഉപഭോക്താവായി മാറിയ ആളുടെ വീട്ടില്‍ മോദി ചായ കുടിക്കുന്നു എന്ന തലക്കെട്ടോടെ ബിജെപി പങ്കുവെച്ച വീഡിയോയായിരുന്നു ഇത്.  നാല് മിനുറ്റും 35 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഈ വീഡിയോയുടെ അവസാനം പ്രധാനമന്ത്രി കൈവീശി ആളുകളെ അഭിസംബോധന ചെയ്യുന്നത് കാണാം.

ബിജെപി ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലും ഫേസ്‌ബുക്കില്‍ മലയാളത്തില്‍ പ്രചരിക്കുന്ന ദൃശ്യത്തിലും പ്രധാനമന്ത്രി ധരിച്ചിരിക്കുന്നത് ഒരേ വസ്‌ത്രമാണ് എന്നതും കീശയിലെ പേനയും വീടിന്‍റെ തൂണും ജനലും കര്‍ട്ടനും ചുവപ്പ് സാരി ധരിച്ച സ്ത്രീയും കൂടെയുള്ള കുട്ടിയും ഇരു വീഡിയോകളും ഒരേ സംഭവത്തിന്‍റെതാണ് എന്ന് വ്യക്തമാക്കുന്നു. 

നിഗമനം

അയോധ്യ രാമക്ഷേത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആളുകളെ വീട്ടില്‍ നേരിട്ടെത്തി ക്ഷണിക്കുന്നതായുള്ള വീഡിയോ പ്രചാരണം തെറ്റാണ്. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയുടെ പത്താം കോടി ഗുണഭോക്താവായി മാറിയ ആളുടെ വീട്ടില്‍ നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതിന്‍റെ വീഡിയോയാണ് മലയാളത്തില്‍ തെറ്റായ തലക്കെട്ടില്‍ പ്രചരിക്കുന്നത് എന്ന് വസ്‌തുതാ പരിശോധനയില്‍ വ്യക്തമായി. 

Read more: അയോധ്യയില്‍ സ്ഥാപിക്കാനുള്ള കൊടിമരം കൊണ്ടുപോകുന്നതായി വീഡിയോ വൈറല്‍; പക്ഷേ സത്യം മറ്റൊന്ന്! Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!