ഭൂമി അണ്ടര്‍വാല്യുവേഷന്‍, 'പിണറായിയുടെ വക 30 ലക്ഷം പേര്‍ക്ക് നോട്ടീസ്'; പ്രചരിക്കുന്നത് വ്യാജ സന്ദേശം

By Web TeamFirst Published Nov 28, 2023, 8:35 AM IST
Highlights

'പറ്റ് പുസ്തകത്തിലെ അവസാന കണക്കും തപ്പി പിണറായി സര്‍ക്കാര്‍, 30 ലക്ഷം പേർക്ക് നോട്ടീസ്' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വാട്‌സ്ആപ്പ് സന്ദേശം വ്യാജം

തിരുവനന്തപുരം: ഭൂമിയുടെ അണ്ടര്‍വാല്യുവേഷനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം എന്ന് കേരള സര്‍ക്കാരിന് കീഴിലുള്ള ഫാക്‌ട് ചെക്ക് വിഭാഗം. 'പിണറായിയുടെ വക 30 ലക്ഷം പേര്‍ക്ക് നോട്ടീസ്' എന്ന തലക്കെട്ടോടെയാണ് സന്ദേശം വാട്‌സ്‌ആപ്പില്‍ പ്രചരിക്കുന്നത്. 1987 മുതൽ ആധാരം രജിസ്റ്റർ ചെയ്ത ഏകദേശം 35 ലക്ഷത്തോളം പേർക്ക് രജിസ്ട്രേഷൻ വകുപ്പ് നോട്ടീസ് അയച്ച് തുടങ്ങി, ഒരു അഭിഭാഷകനാണ് (അഡ്വ. വി.ടി.പ്രദീപ് കുമാർ, സെക്രട്ടറി, ദി പീപ്പിൾ) ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് എന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ കാണാം. വാട്‌സ്ആപ്പ് പ്രചാരണവും വസ്‌തുതയും വിശദമായി പരിശോധിക്കാം. 

പ്രചാരണം

Latest Videos

വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സമാന വൈറല്‍ സന്ദേശം ഫേസ്‌ബുക്കിലും വ്യാപകമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന്‍റെ പരിശോധനയില്‍ കണ്ടെത്തി. 2023 നവംബര്‍ 14ന് ശ്രീധരന്‍ ഉണ്ണി എന്ന വ്യക്തി ഫേസ്‌ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലെ വിവരങ്ങള്‍ ചുവടെ. 

30 ലക്ഷം പേർക്ക് പിണറായിയുടെ വക നോട്ടീസ്.

സർക്കാർ തങ്ങളുടെ പറ്റ് പുസ്തകത്തിലെ അവസാന കണക്കും തപ്പുകയാണ്..

കടം കയറി മൂക്കറ്റം മുങ്ങിയപ്പോൾ പഴയ പറ്റ് പുസ്തകത്തിലെ കണക്കിൽ ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് കേരള സർക്കാർ.

അതിന്റെ ഭാഗമായിട്ടാണ് 1987 മുതൽ ആധാരം രജിസ്റ്റർ ചെയ്ത ഏകദേശം 35 ലക്ഷത്തോളം പേർക്ക് രജിസ്ട്രേഷൻ വകുപ്പ് നോട്ടീസ് അയച്ച് തുടങ്ങിയത്.

എന്നാൽ നിങ്ങൾ ഈ തുക നൽകാൻ ബാധ്യസ്ഥനാണോ ?

കഴിഞ്ഞ 35 വർഷം ഇവർ എവിടെയായിരുന്നു ?

ഇത് രജിസ്റ്റർ ചെയ്ത് നൽകിയ സബ് - രജിസ്ട്രാർമാരുടെ പണി എന്തായിരുന്നു ?

സർക്കാറിന് ലഭിക്കേണ്ടിയിരുന്ന ഫീസ് ലഭ്യമാക്കാതെയും നിയമം ലംഘിച്ചും ആധാരം രജിസ്റ്റർ ചെയ്ത് നൽകിയ സബ് രജിസ്ട്രാർമാരും ആധാരം എഴുതി തയ്യാറാക്കിയ എഴുത്തുകാരുമല്ലെ ഇതിൽ ഒന്നും രണ്ടും പ്രതികളാവേണ്ടത് ?

നിങ്ങൾ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ഓരോ പ്രദേശത്തെയും ഭൂമിയുടെ മാർക്കറ്റ് വിലയ്ക്ക് ആനുപാതികമായ

തുകയ്ക്കുള്ള സ്റ്റാമ്പ് പേപ്പറിലാണ് ആധാരം രജിസ്റ്റർ ചെയ്യേണ്ടത്.

രജിസ്ടേഷൻ ഫീസ് നിശ്ചയിക്കുന്നതും ഇതിന് ആനുപാതികമായിട്ടാണ്.

എന്നാൽ രജിസ്ട്രേഷൻ സമയത്ത് യഥാർത്ഥ വില കാണിക്കാതെ ഭൂമിയുടെ വില നിങ്ങൾ കുറച്ച് കാണിച്ചുവെന്നും അതുകൊണ്ട് സർക്കാറിന് നഷ്ടം സംഭവിച്ചുവെന്നുമാണ് സർക്കാർ ഭാഷ്യം.

ഇത് പണ്ട് ഡോ.തോമസ് ഐസക്കിന്റെ ബുദ്ധിയിൽ ഉദിച്ച കാര്യമായിരുന്നു.

വ്യാപകമായ പരാതിയെ തുടർന്ന് പിന്നീട് നിർത്തി വെച്ച നടപടിയാണ് ഇത്.

1000 , 2000, 3000 തുടങ്ങിയ പിഴ അടച്ച് നടപടിയിൽ നിന്നും ഒഴിവാകാമെന്നും ഇല്ലെങ്കിൽ 1000 ന് പകരം 10,000 , 2000 ന് പകരം 20,000, 3000 പകരം 30,000 തുടങ്ങിയ തുകയ്ക്ക് റവന്യൂ റിക്കവറി നടത്തി തുക വസൂൽ ചെയ്യുമെന്നാണ് ഭീഷണി.

ഇത് ഭയന്ന് സാധാരണക്കാരൻ ഈ തുക അടയ്ക്കാൻ നിർബന്ധിതനാവുകയാണ്.

മക്കളുടെ വിവാഹ കാര്യത്തിനോ ബേങ്കിൽ നിന്ന് ലോൺ കിട്ടുന്ന കാര്യത്തിലോ നാളെ സ്ഥലം വിൽക്കുമ്പോഴോ വരുന്ന ബുദ്ധിമുട്ടുകൾ ഭയന്നാണ് കിട്ടുന്ന ഇടത്ത് നിന്ന് കടം വാങ്ങി സാധാരണക്കാരൻ ഈ തുക അടയ്ക്കാൻ നിർബന്ധിതനാവുന്നത്.

ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂടി, ഇലക്ട്രിസിറ്റി ചാർജ്ജും വെള്ള കരവും തുടങ്ങി എല്ലാ നികുതികളും കുത്തനെ കൂടി. അതിന് പുറമെ ഇതും കൂടി ഒരു ഇരുട്ടടിയായി സാധാരണക്കാരന്റെ തലയിൽ ഭാരം കെട്ടിവെക്കുകയാണ് സർക്കാർ.

ഇത് കൊള്ളയാണ്.

പകൽ കൊള്ള.

അതിലുപരി നിയമ വിരുദ്ധമായ പിരിവാണിത്.

1987 മുതൽ ക്രയവിക്രയം നടക്കുന്ന ഓരോ ഭൂമിയും അതിന് ശേഷം പത്തോ പതിനഞ്ചോ കൈമാറ്റം നടന്നു കഴിഞ്ഞിട്ടുണ്ടാവും.

ഇന്ന് ഭൂമി കൈവശമില്ലാത്തവരും ഈ പിഴ അടയ്ക്കാൻ ബാധ്യസ്ഥരാണ്.

2010 ന് മുമ്പെ രജിസ്ടേഷൻ നടത്തിയ ഒരു സ്ഥലത്തിനും ഈ പിഴ വാങ്ങിക്കാൻ സർക്കാറിന് അധികാരമില്ല.

2010 ലാണ് ആദ്യമായി ഭൂമിയുടെ വില സർക്കാർ ഔദ്യോഗികമായി നിശ്ചയിച്ച് ഉത്തരവ് ഇറക്കിയത്.

വില നിശ്ചയിച്ച ഒരു വസ്തു അതിലും കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ചാൽ വില കുറച്ചു കാണിച്ചുവെന്ന് പറയാം.

വില നിശ്ചയിക്കാതെ എങ്ങനെയാണ് വില കുറഞ്ഞുവെന്ന് പറയാൻ കഴിയുക ?

2010 ന് മുമ്പെ നടന്ന രജിസ്ടേഷന് നോട്ടീസ് കിട്ടിയവർ കോടതിയെ സമീപിച്ച എല്ലാവരുടെയും കാര്യത്തിൽ ഈ നോട്ടീസ് കോടതികൾ റദ്ദാക്കിയിട്ടുണ്ട്.

ചെറിയ തുകയുള്ളവർ കോടതിയെ സമീപിക്കാനുള്ള സാമ്പത്തിക ബാധ്യത ചിന്തിച്ച് കേസിന് പോകാറില്ല.

2010 മുമ്പെയുള്ള രജിസ്ട്രേഷന് നോട്ടീസ് കിട്ടി കേസിന് പോകാൻ പറ്റാത്തവർ നിങ്ങൾക്ക് വരുന്ന നോട്ടീസിന് കൃത്യമായ മറുപടി നൽകിയാൽ മതി.

പണം അടയ്ക്കേണ്ടതില്ല.

ഈ വിഷയത്തെ നിസ്സാരമായി കാണുന്നവർ ഒന്നറിയുക.

നാളെ ഒരു ലോണിന്റെ ആവശ്യത്തിനോ മറ്റ് എന്തെങ്കിലും ആവശ്യത്തിനോ നിങ്ങളുടെ വസ്തുവിന്റെ കുടിക്കട സർട്ടിഫിക്കറ്റിന് വേണ്ടി ചെല്ലുമ്പോൾ അതിൽ സർക്കാറിന് നൽകാനുള്ള ഈ തുക ഉണ്ടാവും.

അത് ഒഴിവാക്കാൻ വേണ്ടി അപ്പോൾ നിങ്ങൾ വൻ തുക കൈക്കൂലി നൽകേണ്ടി വരും.

2010 ന് മുമ്പെ ആധാരം എഴുത്തുകാരും, സബ് - രജിസ്ട്രാറും 38500 രൂപയുടെ സ്റ്റാമ്പ് പേപ്പർ വേണമെന്ന് ആവശ്യപ്പെട്ട ആധാരം വെറും 100 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഞാൻ രജിസ്റ്റർ ചെയ്യിപ്പിച്ച് നൽകിയിട്ടുണ്ട്.

17000 രൂപയുടെ സ്റ്റാമ്പ് പേപ്പർ ആവശ്യപ്പെട്ട വീടും സ്ഥലവും കേവലം 50 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ആധാരം ചെയ്യിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പണം ഉണ്ടാക്കാൻ നിയമ വിരുദ്ധമായ പണപിരിവിന് ജനങ്ങൾ കൂട്ട് നിൽക്കേണ്ടതില്ല.

നിയമപരമായി നൽകാനുള്ളത് നമ്മൾ നൽകിയേ മതിയാവൂ.

നിങ്ങളുടെ ഭൂമി അണ്ടർ വാല്വേഷൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ രജിസ്ടേഷൻ വകുപ്പിന്റെ സൈറ്റിൽ പോയി നിങ്ങളുടെ ആധാരത്തിന്റെ നമ്പർ നൽകിയാൽ നിങ്ങൾക്കും മനസ്സിലാക്കാവുന്നതാണ്. ഇത് 35 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ഇത് ശരിയാന്നെന്ന് ബോധ്യമുള്ളവർ ഷെയർ ചെയ്യാൻ മറക്കരുത്.

തയ്യാറാക്കിയത്,

അഡ്വ. വി.ടി.പ്രദീപ് കുമാർ, സെക്രട്ടറി, ദി പീപ്പിൾ..

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത എന്ത്? ഫാക്‌ട് ചെക്ക് വിഭാഗം നല്‍കിയ വാര്‍ത്തയിലെ പ്രസക്‌ത ഭാഗങ്ങള്‍

ഭൂമി ആധാരത്തിന്റെ അണ്ടര്‍വാല്യുവേഷനുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകന്റെ എന്ന പേരില്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്ന സന്ദേശം വസ്തുതാവിരുദ്ധമാണെന്ന് രജിസ്‌ട്രേഷന്‍ വകുപ്പിനെ ഉദ്ധരിച്ച് ഐ ആന്‍ഡ് പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. '1986 മുതല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ 17 ലക്ഷത്തോളം മാത്രമാണ്. അതില്‍തന്നെ കുടിശ്ശികയുളളത് രണ്ട് ലക്ഷത്തില്‍പരം കേസുകള്‍ മാത്രമാണ്. ബാക്കിയുളള കേസുകള്‍ തീര്‍പ്പാക്കി കഴിഞ്ഞു. അതിനാല്‍ 35 ലക്ഷത്തോളം പേര്‍ക്ക് നോട്ടീസ് അയച്ചു എന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഭൂമി ആധാരത്തിന്റെ അണ്ടര്‍വാല്യുവേഷനുമായി ബന്ധപ്പെട്ടുള്ള നടപടികൾ കേരള നിയമസഭ പാസാക്കിയ നിയമ നടപടികൾ ആണ്' എന്നും രജിസ്‌ട്രേഷൻ വകുപ്പ് വ്യക്തമാക്കിയതായി ഐ ആന്‍ഡ് പിആര്‍ഡി 2023 നവംബര്‍ 17ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

നിഗമനം

ഭൂമി ആധാരത്തിന്‍റെ അണ്ടര്‍വാല്യുവേഷനുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകന്‍റെ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വസ്തുതാവിരുദ്ധമാണ്. 35 ലക്ഷത്തോളം പേര്‍ക്ക് നോട്ടീസ് അയച്ചു എന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണ് എന്നുമാണ് രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. വാട്‌സ്ആപ്പ് സന്ദേശം തയ്യാറാക്കി എന്ന് പറയുന്ന അഭിഭാഷകനെ കണ്ടെത്താന്‍ പരിശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ല. 

ഐ ആന്‍ഡ് പിആര്‍ഡി പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക് വാര്‍ത്ത വിശദമായി ലിങ്കില്‍ വായിക്കാം

Read more: 3800 രൂപ അടയ്‌ക്കൂ, നിങ്ങളുടെ സ്ഥലത്ത് മൊബൈല്‍ ടവറും പ്രതിമാസം 45000 രൂപയും 40 ലക്ഷം അഡ്വാന്‍സും?

click me!