ദാവൂദ് ഇബ്രാഹിം മരിച്ചതായി പാകിസ്ഥാന്‍ താല്‍ക്കാലിക പ്രധാനമന്ത്രിയുടെ ട്വീറ്റ്? സത്യമെന്ത്- Fact Check

By Web Team  |  First Published Dec 19, 2023, 1:01 PM IST

പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രി അന്‍വാര്‍ ഉള്‍ ഹഖ് കകറിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് എന്ന തരത്തിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെ മരണത്തെ കുറിച്ച് സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്


കറാച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രിയുടെ എക്‌സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റിന്‍റെത് എന്നവകാശപ്പെടുന്ന സ്ക്രീന്‍ഷോട്ടാണ് ഈ പ്രചാരണത്തിന് തീവേഗം പകര്‍ന്നത്. ദാവൂദ് ഇബ്രാഹിമിന് അജ്ഞാതൻ വിഷം നൽകിയെന്നായിരുന്നു വാര്‍ത്തകള്‍. പാകിസ്ഥാനിലെ അപ്രഖ്യാപിച്ച ഇന്‍റർനെറ്റ് നിരോധനവും ദാവൂദിന്റെ ആശുപത്രിവാസവുമായി ബന്ധമുണ്ടെന്നും വാർത്തകൾ പ്രചരിച്ചു. ഈ സാഹചര്യത്തില്‍ പാക് കാവല്‍ പ്രധാനമന്ത്രിയുടെ ട്വീറ്റിന്‍റെ വസ്‌തുത എന്താണ് എന്ന് നോക്കാം. 

പ്രചാരണം

Latest Videos

പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രി അന്‍വാര്‍ ഉള്‍ ഹഖ് കകറിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് എന്ന തരത്തിലാണ് ദാവൂദ് ഇബ്രാഹിമിന്‍റെ മരണത്തെ കുറിച്ച് സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി പേര്‍ എക്‌സില്‍ ഈ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്‌തു. ദാവൂദ് മരിച്ചതായി 2023 ഡിസംബര്‍ 18ന് പാക് കാവല്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തതായാണ് സ്ക്രീന്‍ഷോട്ടില്‍ കാണുന്നത്. 'അജ്ഞാതര്‍ വിഷം നല്‍കിയതിനെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിം മരണമടഞ്ഞു. കറാച്ചിയില്‍ വച്ചാണ് ദാവൂദിന്‍റെ മരണം' എന്നും അന്‍വാര്‍ ഉള്‍ ഹഖ് ട്വീറ്റ് ചെയ്‌തതായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിലുണ്ട്. ഈ ട്വീറ്റില്‍ ദാവൂദിനെ 'മനുഷ്യത്വത്തിന്‍റെ മിശിഹാ' എന്ന് അന്‍വാര്‍ ഉള്‍ ഹഖ് വിശേഷിപ്പിച്ചതായി കാണുന്നത് വലിയ വിവാദമാവുകയും ചെയ്‌തു. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

എന്നാല്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം മരിച്ചതായി പാകിസ്ഥാനിലെ കാവൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തതായി പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്നതാണ് വസ്‌തുത. പ്രചരിക്കുന്ന തരത്തിലുള്ള ട്വീറ്റ് അന്‍വാര്‍ ഉള്‍ ഹഖ് കകറിന്‍റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍ 2023 ഡിസംബര്‍ 18-ാം തിയതി കണ്ടെത്താനായില്ല. ഡിസംബര്‍ 18ന് ഒരു ട്വീറ്റ് പോലും പാക് താല്‍ക്കാലിക പ്രധാനമന്ത്രി ചെയ്തിട്ടില്ല. മാത്രമല്ല, വൈറല്‍ സ്ക്രീന്‍ഷോട്ടിലും അന്‍വാര്‍ ഉള്‍ ഹഖിന്‍റെ അക്കൗണ്ടിലും നല്‍കിയിട്ടുള്ള യൂസര്‍ നെയിം വ്യത്യസ്തമാണ് എന്നതും സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്ന് തെളിയിക്കുന്നു. @anwaar_kakar എന്നതാണ് യഥാര്‍ഥ ട്വിറ്റര്‍ ഐഡിയുടെ യൂസ‍ര്‍ നെയിം എങ്കില്‍ വൈറല്‍ സ്ക്രീന്‍ഷോട്ടില്‍ കാണുന്നത് @anwaar_kakkar എന്ന യൂസ‍ര്‍ നെയിമാണ്. വ്യാജ ഐഡിയില്‍ കക‍ര്‍ എന്ന പേരിന് ഒരു 'k' കൂടുതലാണ്.

Read more: ഡീപ്ഫേക്കിന് ശമനമില്ല; ഐശ്വര്യ റായിയുടെ വീഡിയോ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!