ഇങ്ങനെയൊരു സംഭവത്തിനേ സാധ്യതയില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്
സിഡ്‌നി: ഏഷ്യാ കപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണ് എന്ന് ഓസ്ട്രേലിയന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സ് പറഞ്ഞതായി വ്യാജ പ്രചാരണം സജീവം. നേരത്തെതന്നെ ചില ധാരണകള്‍ ഉള്ളതുകൊണ്ടാണ് ശ്രീലങ്ക ഇന്ന് ഇത്തരത്തില്‍ മോശമായി കളിച്ചത്. ഫൈനലിലെത്തിയ ഒരു ടീം ഇത്ര മോശമായി കളിച്ചത് ചില ചോദ്യങ്ങള്‍ മുന്നോട്ടുവെക്കുന്നു. എന്നാല്‍ ചിലപ്പോള്‍ നമ്മള്‍ നിശബ്ദരാവേണ്ടതുണ്ട് എന്നും ആന്‍ഡ്രൂ സൈമണ്ട്‌സ് പറഞ്ഞതായാണ് ട്വീറ്റുകള്‍ പ്രചരിച്ചത്. സെമണ്ട്‌സിന്‍റെ ചിത്രം സഹിതമാണ് അദേഹം പറഞ്ഞതായുള്ള വാചകങ്ങള്‍ പ്രചരിക്കുന്നത്.
പ്രചരിക്കുന്ന ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
undefined
എന്നാല്‍ ഇങ്ങനെയൊരു സംഭവത്തിനേ സാധ്യതയില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കാരണം, 2022 മെയ് 14ന് ക്വിന്‍സ്‌ലന്‍ഡില്‍ വച്ചുണ്ടായ കാറപകടത്തില്‍ ആന്‍ഡ്രൂ സൈമണ്ട്‌സ് അന്തരിച്ചിരുന്നു. സൈമണ്ട്‌സിന്‍റെ നിര്യാണ വാര്‍ത്ത അന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഉള്‍പ്പടെ പ്രസിദ്ധീകരിച്ചിരുന്നു. ആന്‍ഡ്രൂ സൈമണ്ട്‌സ് പറഞ്ഞതായി മാത്രമല്ല, അന്തരിച്ച മറ്റ് ഓസീസ് മുന്‍ താരങ്ങളായ ഷെയ്‌ന്‍ വോണും ഫിലിപ് ഹ്യൂസും പറഞ്ഞതായും ഈ വാചകങ്ങള്‍ വച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം കാണാം. ഇതിനാല്‍തന്നെ കരുതിക്കൂട്ടിയുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നത് എന്ന് വ്യക്തം. കൊളംബോയില്‍ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 15.2 ഓവറില്‍ 50 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 6.1 ഓവറില്‍ 51 റണ്‍സുമായി 10 വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കിയിരുന്നു. ലങ്ക വെറും 50 റണ്ണില്‍ പുറത്തായതോടെയാണ് വ്യാജ പ്രചാരണം ഉടലെടുത്തത്.
സൈമണ്ട്‌സിന്‍റെ വേര്‍പാട്
മരിക്കുമ്പോള്‍ 46 വയസായിരുന്നു ആന്‍ഡ്രൂ സൈമണ്ട്‌സിന് പ്രായം. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോക കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായി. ആൻഡ്രൂ സൈമണ്ട്‌സ് ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റേയും താരമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം