'എന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാര്‍'; കെ സുധാകരന്‍ പ്രസ്‌താവന നടത്തിയതായുള്ള പത്ര കട്ടിംഗ് വ്യാജം- Fact Check

By Jomit Jose  |  First Published Dec 21, 2023, 11:12 AM IST

മലയാള മനോരമ ദിനപത്രത്തിന്‍റെ വര്‍ഷങ്ങള്‍ മുമ്പുള്ള ഒരു ഒന്നാം പേജിന്‍റെ എന്നുപറഞ്ഞുള്ള കട്ടിംഗാണ് സാമൂഹ്യമാധ്യമങ്ങളില്‍ 2023 ഡിസംബറില്‍ വൈറലായിരിക്കുന്നത്


കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കേരള സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ കേരള ഗവര്‍ണറെ അനുകൂലിച്ച് നടത്തിയ പ്രസ്‌താവന വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പഴയ പത്രവാര്‍ത്തയുടേത് എന്നവകാശപ്പെടുന്ന കട്ടിംഗുകള്‍ വ്യാപകമായി പ്രചരിക്കുന്നു. 'എന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരനാണ്' എന്ന് കെ സുധാകരന്‍ പ്രസ്‌താവന നടത്തിയതായാണ് പത്ര കട്ടിംഗില്‍ കാണുന്നത്. എന്നാല്‍ ഇതൊരു വ്യാജ പ്രചാരണമാണ് എന്നതാണ് യാഥാര്‍ഥ്യം. പ്രചാരണവും വസ്തുതയും വിശദമായി പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

പ്രചരിക്കുന്ന പത്ര കട്ടിംഗ്- സ്ക്രീന്‍ഷോട്ട്

മലയാള മനോരമ ദിനപത്രത്തിന്‍റെ വര്‍ഷങ്ങള്‍ മുമ്പുള്ള ഒരു ഒന്നാം പേജിന്‍റെ കട്ടിംഗാണ് സാമൂഹ്യമാധ്യമങ്ങളില്‍ 2023 ഡിസംബറില്‍ വൈറലായിരിക്കുന്നത്. 'എന്നെ ജയിപ്പിച്ചത് RSSകാരാണ്'- ഇങ്ങനെ കെ സുധാകരന്‍ പറഞ്ഞതായുള്ള പ്രധാന വാര്‍ത്തയാണ് പത്രത്തിന്‍റെ സ്ക്രീന്‍ഷോട്ടില്‍ കാണുന്നത്. സുധാകരന്‍റെ വലിയ ചിത്രവും വാര്‍ത്തയിലുണ്ട്. Anilkumar Kannapuram എന്നയാള്‍ ഫേസ്‌ബുക്കില്‍ പത്രവാര്‍ത്തയുടെ കട്ടിംഗ് പങ്കുവെച്ചതിന് ഇരുന്നൂറിലേറെ ഷെയറുകളാണ് ഈ ഫാക്ട് ചെക്ക് വാര്‍ത്ത ചെയ്യും വരെ ലഭിച്ചത്. 'സുധാകരൻ അന്നും ഇന്നും എന്നും എല്ലാം തികഞ്ഞ ഒരു Rss കാരനായിരുന്നു'- എന്ന കുറിപ്പോടെയായിരുന്നു അനില്‍കുമാര്‍ കുന്നപ്പുറം എന്നയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കൊടുത്തിരിക്കുന്നു. 

മറ്റൊരു പത്ര കട്ടിംഗ് 'എന്നെ ജയിപ്പിച്ചത് ആര്‍ എസ് എസ് കാര്‍': കെ സുധാകരന്‍- എന്ന തലക്കെട്ടോടെ 𝗖𝗣𝗜𝗠 𝗘𝗱𝗮𝘃𝗮𝗻𝗻𝗮 𝗟𝗼𝗰𝗮𝗹 𝗖𝗼𝗺𝗺𝗶𝘁𝘁𝗲𝗲 എന്ന ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നതായും കാണാം. 'കാര്യങ്ങൾ അപ്പോൾ മനസ്സിലായില്ലേ. എന്ത് കൊണ്ട് സുധാകരൻ' എന്ന കുറിപ്പോടെയാണ് പത്ര കട്ടിംഗ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഈ പോസ്റ്റിന് മുന്നൂറിനടുത്ത് ഷെയറുകളും ലഭിച്ചതായി കാണാം. പത്ര കട്ടിംഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അതിന്‍റെ വസ്‌തുത നമുക്ക് പരിശോധിക്കാം. 

വസ്തുതാ പരിശോധന

എന്നാല്‍ കെ സുധാകരന്‍റെ പ്രസ്‌താവന മനോരമ ദിനപത്രം റിപ്പോര്‍ട്ട് ചെയ്‌തത് എന്ന നിലയില്‍ പ്രചരിക്കുന്ന പത്ര കട്ടിംഗ് വ്യാജമാണ് എന്ന് യാഥാര്‍ഥ്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം നടത്തിയ പരിശോധനയില്‍ കണ്ടെത്താനായി. ഇക്കാര്യം അനായാസം ചില നിരീക്ഷണങ്ങളിലൂടെ മനസിലാക്കാകുന്നതേയുള്ളൂ. ആ സൂചനകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. 

1. മലയാള മനോരമയുടെതായി പ്രചരിക്കുന്ന പത്ര കട്ടിംഗുകളുടെ രണ്ട് തലക്കെട്ടുകളിലും മലയാളത്തിലും ഇംഗ്ലീഷിലുമായി വ്യത്യസ്ത ശൈലിയിലാണ് ആര്‍എസ്എസ്/RSS എന്നെഴുതിയിരിക്കുന്നത്. 

2. മലയാള മനോരമ ദിനപത്രം തലക്കെട്ടുകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കാറില്ല. പ്രചരിക്കുന്ന പത്രകട്ടിംഗുകളിലൊന്നില്‍ തലക്കെട്ടില്‍ RSS എന്നാണ് എഴുതിയിട്ടുള്ളത്. 

3. എന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാര്‍ എന്ന് കെ സുധാകരന്‍ പ്രസ്താവിച്ചതായുള്ള തലക്കെട്ടിലും വാര്‍ത്തയുടെ ഉള്ളടക്കത്തിലും കാണുന്ന ഫോണ്ട് രണ്ട് തരത്തിലുള്ളതാണ്. 

4. തലക്കെട്ട് പ്രത്യേകം എഡിറ്റ് ചെയ്‌ത് ചേര്‍ത്തപ്പോള്‍ അനാവശ്യ വൈറ്റ്‌സ്പേസും അകലവുമെല്ലാം ഉപയോഗിച്ചിരിക്കുന്നതായി കാണാം. മലയാള മനോരമ ദിനപത്രത്തില്‍ ഇങ്ങനെ സംഭവിക്കാറില്ല.

5. മലയാള മനോരമയുടെ ഒരേ ദിനത്തിലെ പത്ര കട്ടിംഗുകളില്‍ രണ്ട് രീതിയിലാണ് തലക്കെട്ടുകള്‍ കാണുന്നത്. ഇങ്ങനെ തലക്കെട്ട് അച്ചടിച്ചു വരാന്‍ യാതൊരു സാധ്യതയുമില്ല. 

രണ്ട് പത്ര കട്ടിംഗുകളും ചുവടെ- വ്യത്യാസം വ്യക്തം

നിഗമനം

എന്നെ ജയിപ്പിച്ചത് ആര്‍ എസ് എസ് കാര്‍: കെ സുധാകരന്‍/എന്നെ ജയിപ്പിച്ചത് RSSകാരാണ് എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള മനോരമ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു എന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. മനോരമയുടെ ഒരു പത്ര കട്ടിംഗില്‍ തലക്കെട്ട് പ്രത്യേകം എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് ഈ വ്യാജ പത്ര കട്ടിംഗുകള്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധന തെളിയിക്കുന്നു. 

Read more: 'ഡെൽറ്റയേക്കാള്‍ അഞ്ച് മടങ്ങ് തീവ്രമായ കൊവിഡ് വേരിയന്‍റ്, മരണനിരക്ക് കൂടുതല്‍, കണ്ടെത്താന്‍ പ്രയാസം'; സത്യമോ?

click me!