സിപിഎമ്മുമായി അന്തര്‍ധാര സജീവം, പരസ്‌പരം സഹായിച്ച് ബിജെപിയെ തോല്‍പിക്കും എന്ന് കെ മുരളീധരന്‍ പറഞ്ഞതായാണ് പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിലുള്ളത്! സത്യം തന്നെയോ?
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആവേശം കേരളത്തില്‍ സജീവമായിക്കഴിഞ്ഞു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മൂന്ന് മുന്നണികളും പടപ്പുറപ്പാട് തുടങ്ങി. ഇതിനിടെ അനവധി വ്യാജ സന്ദേശങ്ങളും വാര്‍ത്തകളുമാണ് പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പ്രസ്‌താവനയുടെ യാഥാര്‍ഥ്യം ഈ സാഹചര്യത്തില്‍ പരിശോധിക്കാം. ബിജെപിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിവിടാന്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്‌പരം വോട്ടുകള്‍ ചെയ്‌ത് സഹായിക്കുമെന്ന് കെ മുരളീധരന്‍ വെളിപ്പെടുത്തി എന്ന തരത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള കാര്‍ഡ് സഹിതം പ്രചാരണം തകൃതിയായി നടക്കുന്നത്.
undefined
പ്രചാരണം
ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡ് എന്ന തരത്തിലാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍റെ പേരില്‍ പ്രസ്‌താവന പ്രചരിക്കുന്നത്. "ബിജെപിക്ക് ഒന്നാംസ്ഥാനം കിട്ടാന്‍ സാധ്യതയുള്ളിടത്തെല്ലാം ഞങ്ങള്‍ ഒറ്റകെട്ടായി നിന്ന് ബിജെപിയെ മൂന്നാം സ്ഥാനത്തേക്കെത്തിക്കും" എന്ന് കെ മുരളീധരന്‍ പറഞ്ഞതായാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെതായി പ്രചരിക്കുന്ന കാര്‍ഡിലുള്ളത്. കെ മുരളീധരന്‍റെ ചിത്രവും ഈ കാര്‍ഡിലുണ്ട്. ഈ കാര്‍ഡ് പങ്കുവെച്ചുകൊണ്ട് BJP Niranam എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് 2024 മാര്‍ച്ച് ഏഴിന് പ്രത്യക്ഷപ്പെട്ട പോസ്റ്റ് ചുവടെ കാണാം...
'അരിവാൾ ചുറ്റിക കൈപ്പത്തി... ആണ് നുമ്മ ചിഹ്നം (ആരാണ് ഈ ഞങ്ങൾ...ജനങ്ങൾക്ക് ബോധ്യം ആയല്ലോ അല്ലേ) ഈ അഡ്ജസ്റ്മെന്റ് ആണ് കേരളത്തിൽ നടന്നുകൊണ്ടിരുന്നത് എന്ന് മുരളീധരൻ ജി'... എന്ന കുറിപ്പോടെയാണ് ഈ കാര്‍ഡ് ബിജെപി നിരണം എഫ്‌ബിയില്‍ പങ്കുവെച്ചിരിക്കുന്നത്.
വസ്‌തുത
എന്നാല്‍ കെ മുരളീധരന്‍റെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിക്കുന്ന ഫോണ്ട് അല്ല കെ മുരളീധരന്‍റെ പ്രസ്‌താവനയുടേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിലുള്ളത്. ഈ കാര്‍ഡില്‍ വ്യാകരണ തെറ്റുകളും അക്ഷര തെറ്റുകളും ഉണ്ട് എന്നതും കാര്‍ഡ് വ്യാജമാണ് എന്ന് അടിവരയിടുന്നു. 'ലീഗിന് ആറ് സീറ്റിന് അര്‍ഹതയുണ്ട്, കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല' എന്ന് കെ മുരളീധരന്‍ പറഞ്ഞതായി 21-02-2024ന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡില്‍ കെ മുരളീധരന്‍റെ ഇല്ലാത്ത പ്രസ്‌താവന എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് വ്യാജ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്.
യഥാര്‍ഥ കാര്‍ഡ്
Read more: പൂക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാർത്ഥനെ മര്‍ദിക്കുന്ന ദൃശ്യങ്ങളോ ഇത്? വസ്‌തുത അറിയാം- Fact Check