ഇന്ന് രാത്രി 12.30 മുതല്‍ പുലര്‍ച്ചെ 3.30 വരെ നിങ്ങളുടെ മൊബൈല്‍ ഫോണും ലാപ്ടോപുകളും മറ്റും ഓഫായിരിക്കാന്‍ ശ്രദ്ധിക്കുക എന്നാണ് സന്ദേശത്തില്‍ പറയുന്നത്
കോസ്‌മിക് രശ്‌മികള്‍ ഭൂമിയിലേക്ക് വരുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മൊബൈല്‍ ഫോണ്‍ മെസേജുകളായും വാട്സ്ആപ്പ് മെസേജുകളുമായുമെല്ലാം വലിയ പ്രചാരം നേടിയ ഈ വ്യാജ സന്ദേശം ഇപ്പോള്‍ വീണ്ടും വ്യാപകമായിരിക്കുകയാണ്. അതിനാല്‍ ഇതിന്‍റെ വസ്തുത ഒരിക്കല്‍ക്കൂടി അറിയാം.
പ്രചാരണം
undefined
'ഇന്ന് രാത്രി 12.30 മുതല്‍ പുലര്‍ച്ചെ 3.30 വരെ നിങ്ങളുടെ മൊബൈല്‍ ഫോണും ലാപ്ടോപുകളും മറ്റും ഓഫായിരിക്കാന്‍ ശ്രദ്ധിക്കുക. സിംഗപ്പൂര്‍ ടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇക്കാര്യം നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അറിയിക്കുക' എന്നുപറഞ്ഞാണ് സന്ദേശം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. സ്ക്രീന്‍ഷോട്ട് ചുവടെ കാണാം.
ഇതേ മെസേജ് കൂടുതല്‍ വിശദ വിവരങ്ങളോടെ വാട്സ്ആപ്പിലും സജീവമാണ്. സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു.
വസ്തുതാ പരിശോധന
ഈ വ്യാജ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ 2015 മുതലെങ്കിലും പ്രചരിക്കുന്നതാണ് എന്നതാണ് യാഥാര്‍ഥ്യം. 2015 മുതല്‍ ഇതേ സന്ദേശം മലയാളത്തിലടക്കം ഫേസ്ബുക്കില്‍ കാണാം.
മലയാളത്തില്‍ പ്രചരിച്ചിരുന്ന വ്യാജ സന്ദേശം
'ഇന്നു രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുക വളരെ നിർബന്ധമായും = .സിംഗാപ്പൂർ ടിവി പുറത്തു വിട്ട വിവരമാണിത് .ഇതു വായിച്ചു നിങ്ങൾ നിങ്ങ്ളുടെ ശരീരം രക്ഷിക്കുക. നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരെയും കൂട്ടുക്കാരെയും അറിയിക്കുക .ഇന്നു രാത്രി 12;30 മുതൽ 3:30 വരെ അപകടമായ വളരെ കൂടിയ റെഡിയേഷൻ ഉള്ള കോസ്മിക്ക് രശ്മികൾ ഭൂമിയിൽ വന്നു പതിച്ച് ഇല്ലാതാവും .അതുക്കൊണ്ട് ദയവു ചെയ്തു നിങ്ങളുടെ മൊബൈൽ ഓഫ് ചെയ്യുക .ഈ സമയം ഒരു കാരണവശാലും മൊബൈൽ ശരീരത്തിന് അടുത്ത് വെച്ച് കിടക്കരുത് ചിലപ്പോൾ ശ്വാസകോശത്തിന് തകരാർ പറ്റും .സംശയം ഉള്ളവർ ഗൂഗിളിൽ NASA എന്ന് സെർച്ച് ചെയ്യുക .BBC ന്യൂസ് നോക്കുക. എല്ലാവരിലേക്കും ഈ മെസ്സേജ് എത്തിക്കുക'.
എന്നാല്‍ ഈ മെസേജ് വ്യാജമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ മുമ്പ് ഫാക്ട് ചെക്ക് ചെയ്തതാണ്.
നിഗമനം
ഇന്ന് രാത്രി കോസ്മിക് രശ്മികൾ ഭൂമിയിലേക്ക് വരുമെന്നും അതിനാല്‍ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്യണം എന്നുമുള്ള സന്ദേശത്തില്‍ കഴമ്പില്ല എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിഞ്ഞതാണ്. കോസ്‌മിക് രശ്‌മികളെ കുറിച്ച് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.