ആഴം വ്യക്തമല്ലാത്ത വലിയ കിടങ്ങിലേക്ക് സംഘത്തിലെ ഒരാള്‍ കാല്‍വഴുതി വീഴുന്നതാണ് ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്
ചിദംബരം സംവിധാനം ചെയ്‌ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമ തിയറ്ററില്‍ വലിയ ഹിറ്റാണ്. കൊച്ചിയിലെ മഞ്ഞുമ്മല്‍ ഗ്രാമത്തില്‍ നിന്ന് യാത്ര പോയ യുവാക്കളുടെ സംഘത്തിലെ ഒരാള്‍ കൊടൈക്കനാലിലെ ഗുണാ കേവിലെ ആഴങ്ങളിലേക്ക് വീഴുന്നതും കൂട്ടത്തിലൊരാള്‍ സാഹസികമായി രക്ഷിക്കുന്നതുമാണ് സിനിമയുടെ പശ്ചാത്തലം. ഗുണാ കേവില്‍ അകപ്പെട്ട അനേകം മനുഷ്യരെ പോലെ കാല്‍വഴുതി ആഴങ്ങളിലേക്ക് പതിച്ച ഒരാളുടെ വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) വൈറലാണ്.
പ്രചാരണം
undefined
ഇരുട്ട് നിറഞ്ഞ, ആഴം വ്യക്തമല്ലാത്ത വലിയ കിടങ്ങിലേക്ക് സംഘത്തിലെ ഒരാള്‍ കാല്‍വഴുതി വീഴുന്നതാണ് ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്. ഗുണാ കേവ്‌സ് പോലെ കൂരിരുട്ടാണ് ഈ താഴ്ചയില്‍ കാണുന്നത്. ചുറ്റുമുള്ളവര്‍ അപകടം കണ്ട് ഞെട്ടുന്നതിന്‍റെ ശബ്ദം വീഡിയോയിലുണ്ട്. സാഹസിക യാത്രികരോ നീന്തല്‍ വിദഗ്‌ധരോ ക്ലിഫ് ജംപര്‍മാരോ ആണ് വീഡിയോയിലുള്ളത് എന്നാണ് അവരുടെ വേഷങ്ങളില്‍ നിന്ന് അനുമാനിക്കാനാവുന്നത്. 2024 ഫെബ്രുവരി 26ന് ട്വീറ്റ് ചെയ്ത വീഡിയോ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോഴേക്ക് ഇതിനകം രണ്ട് കോടി ഇരുപത് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.
വസ്‌തുതാ പരിശോധന
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത് എന്നതാണ് വസ്തുത. ഇതേ സംഭവത്തിന്‍റെ 16 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മറ്റൊരു ദൃശ്യം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. RM Videos എന്ന യൂട്യൂബ് ചാനലില്‍ നിന്ന് ഈ വീഡിയോ 2017 മാര്‍ച്ച് 17ന് പോസ്റ്റ് ചെയ്തിരുന്നു. രണ്ട് കോടിയിലധികം പേര്‍ ഈ യൂട്യൂബ് വീഡിയോയും കണ്ടിട്ടുണ്ട്. ക്ലിഫില്‍ നിന്ന് ജംപ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെ ആള്‍ കാല്‍വഴി ആഴത്തിലേക്ക് വീഴുന്നതാണ് വീഡിയോയില്‍. എന്നാല്‍ എക്‌സിലുള്ള വീഡിയോയില്‍ കാണുന്നത് പോലെ, ആഴം വ്യക്തമല്ലാത്ത ഇടത്ത് ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള വലിയൊരു അപകടമായിരുന്നില്ല അത്.
എക്‌സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോയില്‍ ക്ലിഫിന്‍റെ താഴ്‌ഭാഗം അവ്യക്തമായിരുന്നു. എന്നാല്‍ യൂട്യൂബില്‍ കാണുന്ന വീഡിയോയില്‍ കിടങ്ങിന്‍റെ താഴ്‌ഭാഗത്ത് ധാരാളം ജലമുള്ളതായി കാണാം. ഈ വെള്ളത്തിലേക്കാണ് ആള്‍ കാല്‍വഴുതി വീണത്. ഇദേഹം കാല്‍തെറ്റി വീഴുന്നത് കണ്ടയുടനെ താഴെയുണ്ടായിരുന്ന ഒരു നീന്തല്‍കാരന്‍ എത്തി ജലത്തില്‍ നിന്ന് ഇയാളെ രക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. നിഗൂഢമായ ഏതോ കിടങ്ങിലേക്ക് അല്ല കാല്‍വഴി ആള്‍ വീണത് എന്ന് ഇതിലൂടെ ഉറപ്പിക്കാം. ഈ ജലത്തിലേക്ക് തന്നെയാണ് ഇയാളും കൂടെയുള്ളവരും ചാടാന്‍ തയ്യാറെടുത്തിരുന്നത്.
നിഗമനം
കാല്‍വഴുതി ഒരാള്‍ ഇരുട്ട് നിറഞ്ഞ വലിയ കിടങ്ങിലേക്ക് വീഴുന്നതായി പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ധാരാളം ജലമുള്ള കിടങ്ങിലേക്കാണ് ഇയാള്‍ വീണത്. കിടങ്ങിന് താഴ്‌ഭാഗത്തുള്ള വെള്ളം ബ്ലര്‍ ചെയ്‌താണ് എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം