യുപിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബൂത്ത് കയ്യേറിയതിന്‍റെ വീഡിയോയോ? സത്യമെന്ത്- Fact Check

By Web Team  |  First Published May 27, 2024, 2:30 PM IST

യുപിയിലേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം എന്ത്? 


ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. എന്‍ഡിഎയും ഇന്ത്യാ മുന്നണിയും അവകാശവാദങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങളാണിത്. ഉത്തര്‍പ്രദേശിലേത് എന്ന് അവകാശപ്പെടുന്ന ഈ വീഡിയോയുടെ വസ്‌തുത എന്തായിരിക്കും? പ്രചാരണവും യാഥാര്‍ഥ്യവും നോക്കാം.

പ്രചാരണം

Latest Videos

undefined

'400 തികയ്ക്കാനുള്ള സംഘമിത്രങ്ങളുടെ തത്രപ്പാട്...യുപി മോഡൽ'... എന്ന തലക്കെട്ടോടെയാണ് വീഡിയോ ഒരു ഫേസ്‌ബുക്ക് യൂസര്‍ 2024 മെയ് 21ന് പങ്കുവെച്ചിരിക്കുന്നത്. ഒരു മിനുറ്റും 19 സെക്കന്‍ഡുമാണ് വീഡിയോയുടെ ദൈര്‍ഘ്യം. പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ ക്യൂ നിന്ന് വോട്ട് ചെയ്യുന്നതും മറ്റൊരാള്‍ വോട്ടിംഗ് മെഷീനിന് അരികിലെത്തി ഇടപെടുന്നതാണ് വീഡിയോയില്‍ കാണുന്നത്. പോളിംഗ് ബൂത്തില്‍ വച്ചുതന്നെ പകര്‍ത്തിയ വീഡിയോയാണിത് എന്ന് മനസിലാക്കാം. 

വസ്‌തുത

യുപിയിലേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ളതാണ് എന്നതാണ് ഒരു യാഥാര്‍ഥ്യം. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 2024ലേത് അല്ല, 2019ലെ പൊതു തെരഞ്ഞെടുപ്പ് വേളയില്‍ നിന്നുള്ള ദൃശ്യമാണിത് എന്നതാണ് മറ്റൊരു വസ്‌തുത.

2019 മെയ് 13ന് ഈ സംഭവത്തിന്‍റെ വാര്‍ത്ത ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കുറഞ്ഞത് മൂന്ന് വോട്ടര്‍മാരെയെങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ച പോളിംഗ് ഏജന്‍റിനെ പിടികൂടി എന്ന രീതിയിലാണ് ഫരീദാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയുടെ വാര്‍ത്ത. അന്നും ഈ വീഡിയോ വൈറലായിരുന്നു. 

നിഗമനം

2024 പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സംഘപരിവാറുകാര്‍ ബൂത്ത് കയ്യേറി വോട്ട് ചെയ്തു എന്ന ആരോപണത്തോടെയുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ദൃശ്യങ്ങള്‍ 2019ലേതും ഹരിയാനയില്‍ നിന്നുള്ളതുമാണ്. 

Read more: പാരസെറ്റമോളില്‍ മാരക വൈറസോ? ഗുളിക കഴിക്കരുത് എന്നാവശ്യപ്പെടുന്ന സന്ദേശത്തിന്‍റെ വസ്തുത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 


 

click me!