പലരും ഈ റോഡുകള്‍ ഗുജറാത്തിലല്ല എന്ന് കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ വസ്‌തുത പരിശോധിക്കാം
ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന് ബിജെപി തയ്യാറെടുക്കുന്നത് മോദിയുടെ ഗ്യാരണ്ടി എന്ന വാഗ്‌ദാനവുമാണ്. മോദിയുടെ ഗ്യാരണ്ടി എന്ന അവകാശവാദത്തോടെ ഒരു വിസ്‌മയ റോഡ് നെറ്റ്‌വര്‍ക്കിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പലരും പോസ്റ്റ് ചെയ്യുന്നുണ്ട്. ഏറെ മേല്‍പാലങ്ങളോടെ റോളർ കോസ്റ്റർ സ്റ്റൈലിലാണ് റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. റോഡ് ഗുജറാത്തില്‍ നിന്നുള്ളതാണ് എന്ന അവകാശവാദത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പലരും ഈ റോഡുകള്‍ ഗുജറാത്തിലല്ല എന്ന് കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
undefined
ഷിമ്മി പറമ്പത്ത് എന്ന യൂസര്‍ ഫേസ്‌ബുക്കില്‍ 2024 മാര്‍ച്ച് 17ന് വീഡിയോ പോസ്റ്റ് ചെയ്‌തത് ചുവടെ കൊടുക്കുന്നു. 'മോദിയുടെ ഗ്യാരണ്ടി, ഗുജറാത്ത്' എന്ന തലക്കെട്ടിലാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മറ്റ് നിരവധിയാളുകളും സമാന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെ മേല്‍പാലങ്ങളോടെയുള്ള ഈ റോഡ് നെറ്റ്‌വര്‍ക്ക് നിര്‍മിച്ചത് നരേന്ദ്ര മോദിയാണ് എന്ന് വീഡിയോ പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നു. ഇതിനായി മോദിയുടെ ചിത്രവും തലക്കെട്ടിന് പുറമെ വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
വസ്‌തുതാ പരിശോധന
വീഡിയോ പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നത് പോലെ ഈ ഗംഭീര റോഡ് നെറ്റ്‌വര്‍ക്ക് ഗുജറാത്തില്‍ നരേന്ദ്ര മോദി പണിതതാണോ? ഇതറിയാന്‍ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ തെളിഞ്ഞത് റോഡ് ചൈനയിലുള്ളതാണ് എന്നാണ്. പ്രചരിക്കുന്ന വീഡിയോയിലുള്ള റോഡിന്‍റെ ചിത്രം സ്റ്റോക് ഇമേജ് വെബ്‌സൈറ്റായ അലാമിയില്‍ കാണാം. അലാമിയിലെ ഫോട്ടോയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു.
അതേ റോഡിന്‍റെ വീഡിയോയും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. അത് ചുവടെ ചേര്‍ക്കുന്നു. റോഡിനെ കുറിച്ചുള്ള വിവരണവും വീഡിയോയിലുണ്ട്.
നിഗമനം
ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മിച്ചതായി പല എഫ്‌ബി പോസ്റ്റുകളിലും അവകാശപ്പെടുന്ന വിസ്‌മയ റോഡിന്‍റെ വീഡിയോ ചൈനയില്‍ നിന്നുള്ളതാണ്.
Read more: മമതാ ബാനര്‍ജിയുടെ നെറ്റിയിലെ മുറിവ് വ്യാജം? രണ്ട് ചിത്രങ്ങളില്‍ മുറിവ് രണ്ടിടത്തോ- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം