'അങ്ങനെ അതിനും ഒരു തീരുമാനമായി' എന്ന തലക്കെട്ടോടെയാണ് റോബോട്ട് നെല്‍ക്കതിരുകള്‍ കൊയ്യുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
ഒട്ടേറെ മേഖലകളില്‍ റോബോട്ടുകള്‍ ചുവടുറപ്പിക്കുന്ന കാലമാണിത്. വയലില്‍ നെല്‍ക്കതിരുകള്‍ കൊയ്യാനും റോബോട്ടുകള്‍ വന്നുതുടങ്ങിയോ? റോബോട്ട് വയലില്‍ പണിയെടുക്കുന്നതായി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. ഇതിന്‍റെ വസ്തുത എന്താണ് എന്ന് നമുക്ക് പരിശോധിക്കാം.
പ്രചാരണം
undefined
'അങ്ങനെ അതിനും ഒരു തീരുമാനമായി' എന്ന തലക്കെട്ടോടെയാണ് ടിപി കബീര്‍ തെന്നല എന്ന വ്യക്തി റോബോട്ട് നെല്‍ക്കതിരുകള്‍ കൊയ്യുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എട്ട് സെക്കന്‍ഡാണ് 2024 ജനുവരി 25ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയുടെ ദൈര്‍ഘ്യം. റോബോട്ട് അനായാസം, വേഗത്തില്‍ കൊയ്യുന്നതും നെല്‍ക്കതിരുകള്‍ അടുക്കിവെക്കുന്നതുമാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്.
വസ്തുതാ പരിശോധന
പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ഈ ദൃശ്യം യൂട്യൂബും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാണ് എന്ന് വ്യക്തമായി. വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ റോബോട്ടിന്‍റെ കാലുകളുടെയും കൈകളുടെയും പല ഭാഗങ്ങളും മാഞ്ഞുപോയിരിക്കുന്നതായും കാലുകള്‍ നിലത്ത് പതിയുന്നില്ല എന്നും മനസിലായി. ഒരു വയലിന്‍റെ വീഡിയോയിലേക്ക് റോബോട്ടിന്‍റെ വീഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് എന്ന് ഇതില്‍ നിന്ന് വ്യക്തമായി.
ഫേസ്ബുക്കില്‍ കാണുന്ന വീഡിയോയില്‍ ടിക്ടോക്കിന്‍റെ വാട്ടര്‍മാര്‍ക്ക് കാണാമെങ്കിലും ഇന്ത്യയില്‍ ഈ ആപ്പിന് നിരോധനമുള്ളതിനാല്‍ പരിശോധിക്കാനായില്ല. എന്നാല്‍ ഈ വീഡിയോ ആരാണ് ആദ്യം പോസ്റ്റ് ചെയ്തത് എന്ന് കണ്ടെത്താനായില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയാണിത് എന്ന് ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
നിഗമനം
വയലില്‍ നെല്‍ക്കതിര്‍ റോബോട്ട് കൊയ്യുന്നതായുള്ള വീഡിയോ കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകളുടെ സഹായത്തോടെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണ്. നെല്‍വയലിന്‍റെ വീഡിയോയില്‍ എഡിറ്റിംഗ് നടന്നതായി ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്.
Read more: ജനഗണമന ലോകത്തെ ഏറ്റവും മികച്ച ഗാനമായി യുനസ്‌കോ തെരഞ്ഞെടുത്തതായി മെസേജുകള്‍; സത്യമിത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം