ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് നേരെ ചെരുപ്പേറുണ്ടായി എന്നാണ് പ്രചാരണം
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് ഉത്തര്‍പ്രദേശാണ്. യുപിയിലെ 80 സീറ്റുകള്‍ ഇന്ത്യയില്‍ ആര് ഭരിക്കണം എന്ന് നിര്‍ണയിക്കുന്ന പ്രധാന മണ്ഡലങ്ങളാണ് എന്ന പൊതുവിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ യുപിയില്‍ നിന്ന് വരുന്ന ഒരു വീഡിയോ അവകാശപ്പെടുന്നത് സംസ്ഥാനത്ത് വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവ് അഖിലേഷ് യാദവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെരുപ്പേറ് കിട്ടി എന്നതാണ്. എന്താണ് ഈ വീഡിയോയുടെ വസ്‌തുത.
undefined
പ്രചാരണം
'ഉത്തർപ്രദേശ് ലോക്‌സഭ ഇലക്ഷൻ റാലിയിൽ അഖിലേഷ് യാദവിനെ ചെരുപ്പ് കൊണ്ട് സ്വാഗതം ചെയ്യുന്നു'- എന്ന തലക്കെട്ടോടെയാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സമാന വീഡിയോ അഖിലേഷിന് ചെരുപ്പേറ് കിട്ടി എന്ന ആരോപണത്തോടെ മറ്റ് നിരവധിയാളുകളും പങ്കുവെച്ചിട്ടുണ്ട്. അഖിലേഷ് യാദവിന് ചെരുപ്പേറ് കിട്ടി എന്നാണ് വീഡിയോ ഷെയര്‍ ചെയ്‌തവരെല്ലാം അവകാശപ്പെടുന്നത്. പ്രചാരണ വാഹനത്തിന് മുകളില്‍ നിന്ന് അണികളെ അഭിസംബോധന ചെയ്യുന്ന അഖിലേഷിന് നേര്‍ക്ക് എന്തൊക്കയോ എറിയുന്നത് വീഡിയോയില്‍ വ്യക്തം. വൈറല്‍ വീഡിയോ ചുവടെ കാണാം.
വസ്‌തുതാ പരിശോധന
എസ്‌പി നേതാവ് അഖിലേഷ് യാദവിന് നേര്‍ക്ക് നടന്നത് ചെരുപ്പേറ് അല്ല എന്നതാണ് യാഥാര്‍ഥ്യം. അണികള്‍ പൂമാലകളാണ് അഖിലേഷിന് നേര്‍ക്ക് എറിയുന്നത്. പ്രചരിക്കുന്ന വീഡിയോയില്‍ എവിടെയും ചെരുപ്പുകള്‍ കാണുന്നില്ല. അതേസമയം ധാരാളം പൂക്കളും പൂമാലകളും വാഹനത്തിന് മുകളില്‍ നില്‍ക്കുന്ന അഖിലേഷ് യാദവിന്‍റെ അടുത്തേക്ക് വരുന്നുണ്ട്.
കനൗജ് എന്ന വാട്ടര്‍മാര്‍ക്ക് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. യുപിയിലെ ലോക്‌സഭ മണ്ഡലമാണ് കനൗജ്. ഇവിടെ ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ഥിയാണ് എസ്‌പി നേതാവായ അഖിലേഷ് യാദവ്. മണ്ഡലത്തില്‍ അഖിലേഷ് യാദവ് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ വീഡിയോ വിശദമായി ദേശീയമാധ്യമമായ എന്‍ഡിടിവി നല്‍കിയിട്ടുണ്ട്. അഖിലേഷിന് ചെരുപ്പേറ് കിട്ടിയതായി ഈ വീഡിയോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ചെരുപ്പേറ് സംഭവമുണ്ടായതായി മറ്റ് മാധ്യമ വാര്‍ത്തകളൊന്നും തന്നെ കണ്ടെത്താനുമായില്ല.
നിഗമനം
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് നേരെ ചെരുപ്പേറുണ്ടായി എന്ന പ്രചാരണം വ്യാജമാണ് എന്ന് മാധ്യമവാര്‍ത്തകളില്‍ നിന്ന് മനസിലാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം