ദിവസം പകുതിയാകുമ്പോഴെക്കും അയോധ്യയിലെ ഭണ്ഡാരം നിറയുന്നു' എന്ന തലക്കെട്ടോടെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്
അയോധ്യ: 2024 ജനുവരി 22ന് നടന്ന പ്രതിഷ്ഠാ കര്‍മ്മത്തിന് ശേഷം അയോധ്യ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഓരോ ദിവസവും രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നത്. ഇതോടെ രാമക്ഷേത്രത്തിലെ ഭണ്ഡാരം നിറഞ്ഞുകവിഞ്ഞിരിക്കുകയാണോ? 'ദിവസം പകുതിയാകുമ്പോഴെക്കും അയോധ്യയിലെ ഭണ്ഡാരം നിറയുന്നു'- എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഈ ദൃശ്യത്തിന്‍റെ വസ്തുത മറ്റൊന്നാണ്.
പ്രചാരണം
*ദിവസം പകുതിയാകുമ്പോഴെക്കും അയോദ്ധ്യയിലെ ഭണ്ഡാരം നിറയുന്നു. ജയ് ശ്രീറാം*- എന്നാണ് 2024 ജനുവരി 26ന് ഗോപകുമാര്‍ ശ്രീ അപ്പച്ചേരി എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറച്ചുപേര്‍ വരിവരിയായി നിന്ന് പണം എണ്ണുന്നതിന്‍റെ 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. കുമിഞ്ഞുകൂടിയിരിക്കുന്ന നോട്ടുകെട്ടുകള്‍ ഈ വീഡിയോയില്‍ കാണാം.
സമാന വീഡിയോ മറ്റ് നിരവധി യൂസര്‍മാരും ഇന്നലെ മുതല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിവസം പകുതിയാകുമ്പോഴെക്കും അയോദ്ധ്യയിലെ ഭണ്ഡാരം നിറയുന്നു- എന്ന ഇതേ തലക്കെട്ട് തന്നെയാണ് എല്ലാ വീഡിയോകള്‍ക്കും കൊടുത്തിരിക്കുന്നത്.
വസ്തുതാ പരിശോധന
പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോള്‍ ദൃശ്യം അയോധ്യയിലേത് എന്ന തലക്കെട്ടില്‍ എക്‌സിലും (പഴയ ട്വിറ്റര്‍) വൈറലാണ് എന്ന് മനസിലായി. ശീതല്‍ ചോപ്ര എന്ന യൂസര്‍ ജനുവരി 24-ാം തിയതി ട്വീറ്റ് ചെയ്ത വീഡിയോ ഇതിനകം അമ്പതിനായിരത്തോളം പേര്‍ കണ്ടു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ രണ്ട് ദിനം കൊണ്ട് 3.17 കോടി രൂപ ഭണ്ഡാരത്തില്‍ ലഭിച്ചു എന്നാണ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്. ഫേസ്ബുക്കിനും എക്സിനും പുറമെ യൂട്യൂബിലും വീഡിയോ വൈറലാണ്.
എന്നാല്‍ മറ്റൊരു കാര്യവും റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ബോധ്യപ്പെട്ടു. 2024 ജനുവരി 16-ാം തിയതി ഈ വീഡിയോ രാജസ്ഥാനിലെ സാൻവാലിയ ക്ഷേത്രത്തില്‍ നിന്നുള്ളത് എന്ന അവകാശവാദത്തോടെ sanwaliya_seth_1007 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പോസ്റ്റ് ചെയ്തിട്ടുള്ളതാണ് എന്ന് വ്യക്തമായി. കാണിക്കവഞ്ചിയില്‍ നിന്ന് 12 കോടി 69 ലക്ഷം രൂപ ലഭിച്ചു എന്നാണ് വീഡിയോയുടെ തലക്കെട്ടില്‍ പറയുന്നത്.
എന്നാല്‍ ഇതിന് ആറ് ദിവസങ്ങള്‍ക്ക് ശേഷം 22-ാം തിയതി മാത്രമാണ് അയോധ്യയിലെ പ്രതിഷ്ഠാ കര്‍മ്മം നടന്നത്. രാമക്ഷേത്രത്തിലെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യം പഴയതാണെന്നും അയോധ്യയില്‍ നിന്നുള്ളതല്ല എന്നും ഇതോടെ ഉറപ്പായി. തുടര്‍ന്ന് നടത്തിയ കീവേഡ് സെര്‍ച്ചില്‍ സാൻവാലിയ ക്ഷേത്ര ക്ഷേത്രത്തില്‍ 12 കോടി രൂപയിലധികം കാണിക്കവഞ്ചിയില്‍ സംഭാവന ലഭിച്ചതിനെ കുറിച്ചുള്ള വാര്‍ത്ത ലഭിക്കുകയും ചെയ്തു.
നിഗമനം
'ദിവസം പകുതിയാകുമ്പോഴെക്കും അയോധ്യയിലെ ഭണ്ഡാരം നിറയുന്നു, രണ്ട് ദിവസം കൊണ്ട് 3.17 കോടി രൂപ ഭണ്ഡാരത്തില്‍ ലഭിച്ചു എന്നീ തലക്കെട്ടുകളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് രാമക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല. രാജസ്ഥാനിലെ സാൻവാലിയ ക്ഷേത്രത്തില്‍ നിന്നുള്ള വീഡിയോയാണ് രാമക്ഷേത്രത്തിലെത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
Read more: അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യ ദിനം എത്തിയ ജനസഞ്ചയമോ ഇത്; ചിത്രത്തിന്‍റെ സത്യം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം