അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യ ദിനം എത്തിയ ജനസഞ്ചയമോ ഇത്; ചിത്രത്തിന്‍റെ സത്യം പുറത്ത്

By Jomit Jose  |  First Published Jan 25, 2024, 11:13 AM IST

2024 ജനുവരി 22-ാം തിയതിയായിരുന്നു അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം


അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മം രാജ്യത്ത് വലിയ സംഭവമായിരുന്നു. നിരവധി സെലിബ്രിറ്റികളടക്കം ചടങ്ങില്‍ പങ്കെടുത്തു. പ്രതിഷ്ഠാ കര്‍മ്മ ദിനം അയോധ്യ ജനസമുദ്രമായി എന്ന തരത്തില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ റോഡ് നിറഞ്ഞുകവിഞ്ഞുള്ള ജനസഞ്ചയമാണ് ഈ ചിത്രത്തില്‍ കാണുന്നത്. ഈ ചിത്രം അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നടന്ന 2024 ജനുവരി 22-ാം തിയതി എടുത്തത് തന്നെയോ?

പ്രചാരണം

Latest Videos

undefined

2024 ജനുവരി 22-ാം തിയതിയായിരുന്നു അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം. ജനുവരി 24ന് മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ ശിവ്ശങ്കര്‍ അയോധ്യയിലേത് എന്ന അവകാശവാദത്തോടെ രണ്ട് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമമായ എക്സില്‍ പങ്കുവെച്ചു. അയോധ്യയിലെ ആദ്യ ദിനം അഞ്ച് ലക്ഷം ഭക്തര്‍ എത്തി എന്ന അവകാശവാദത്തോടെയാണ് രാഹുല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇവയിലെ ആദ്യ ചിത്രമാണ് ആരുടെയും കണ്ണഞ്ചിപ്പിക്കും വിധം റോഡിലെ വലിയ ജനസഞ്ചയത്തിന്‍റെത്. 

മലയാളത്തിലും സമാനമായ പോസ്റ്റുകള്‍ കാണാം. വീര ശിവജി എന്ന എഫ്ബി അക്കൗണ്ടില്‍ 2024 ജനുവരി 23ന് പ്രത്യക്ഷപ്പെട്ട പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ. 

വസ്‌തുതാ പരിശോധന

എന്നാല്‍ രാഹുല്‍ ശിവ്ശങ്കറും, വീര ശിവജിയും അവകാശപ്പെടുന്നതുപോലെ അല്ല ഈ ചിത്രത്തിന്‍റെ വസ്‌തുത. എന്താണ് യാഥാര്‍ഥ്യം എന്നറിയാന്‍ ഫോട്ടോ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വിധേയമാക്കി. ഇതില്‍ ലഭിച്ച ഫലങ്ങളിലൊന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് 2023 ജൂണ്‍ 20ന് ചെയ്തൊരു ട്വീറ്റായിരുന്നു. #RathaJatra2023 എന്ന ഹാഷ്ടാഗോടെയായിരുന്നു ഈ ട്വീറ്റ്. രാഹുല്‍ ശിവ്ശങ്കര്‍, വീര ശിവജി എന്ന സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പങ്കുവെച്ച ചിത്രമുള്‍പ്പടെ നാല് ഫോട്ടോകള്‍ നവീന്‍ പട്നായിക് ട്വീറ്റ് ചെയ്തിരുന്നു.

ଆତୁର ନୟନ, ବିଭୋର ମନ। ବଡ଼ଦାଣ୍ଡରେ ଭକ୍ତ ଓ ଭଗବାନଙ୍କ ଅପୂର୍ବ ମିଳନ। ଜୟ ଜଗନ୍ନାଥ 🙏 pic.twitter.com/unzxhzIafH

— Naveen Patnaik (@Naveen_Odisha)

ഇതേ ചിത്രം അന്നേ ദിവസം ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും പലരും പോസ്റ്റ് ചെയ്തിരുന്നു. ദേശീയ മാധ്യമമായ എന്‍ഡിടിവി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലും സമാന ചിത്രം കാണാം. ജഗന്നാഥ രഥയാത്രയുടെ ചിത്രങ്ങള്‍ എന്ന തലക്കെട്ടോടെയാണ് എന്‍ഡിടിവി ചിത്രം വാര്‍ത്തയാക്കിയിരിക്കുന്നത്. 

തുടര്‍ന്ന് എന്താണ് ജഗന്നാഥ രഥയാത്ര 2023 എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തി. ഒഡിഷയിലെ പുരിയിലുള്ള ജഗന്നാഥ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഹിന്ദു ഉത്സവമാണ് രഥ യാത്ര എന്ന് കീവേഡ് സെര്‍ച്ചിലൂടെ മനസിലാക്കാനായി. നവീന്‍ പട്നായിക്കിന്‍റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ട ജൂണ്‍ 20ന് തന്നെയാണ് 2023ല്‍ ഈ ചടങ്ങ് നടന്നത് എന്നും കീവേഡ് സെര്‍ച്ച് ഫലങ്ങള്‍ വ്യക്തമാക്കുന്നു. അയോധ്യയിലെത് എന്ന കുറിപ്പുകളോടെ പ്രചരിക്കുന്ന ചിത്രം ഒഡിഷയിലെ പുരിയില്‍ നടന്ന ജഗന്നാഥ രഥയാത്രയില്‍ നിന്നുള്ളതാണ് എന്ന് ഇതോടെ ഉറപ്പായി. 

നിഗമനം

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മത്തിന് എത്തിയ ജനസഞ്ചയം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ഒഡിഷയിലെ പുരിയില്‍ നിന്നുള്ളതാണ്. 

Read more: അയോധ്യയെയും ശ്രീരാമനെയും കുറിച്ച് നടി ഉര്‍വശി ഇങ്ങനെ പറഞ്ഞിട്ടില്ല, ചിത്രം പഴയത്; നടക്കുന്നത് വ്യാജ പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!