'വിദേശരാജ്യങ്ങളിലും സനാതന ധര്‍മ്മം, ട്രെയിനിന് മുന്നില്‍ പൂജ'; വീഡിയോ സത്യമോ? Fact Check

By Web Team  |  First Published Mar 13, 2024, 4:42 PM IST

'വിദേശരാജ്യങ്ങളിലും സനാതന ധർമ്മം ഏറ്റെടുത്തു കഴിഞ്ഞു'- എന്ന തലക്കെട്ടിലാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ


വിദേശരാജ്യങ്ങളിലും സനാതന ധര്‍മ്മം ഏറ്റെടുത്തു കഴിഞ്ഞു എന്ന കുറിപ്പോടെ ഒരു വീഡിയോ ഫേസ്‌ബുക്കില്‍ വലിയ ശ്രദ്ധ നേടുകയാണ്. പുതിയത് എന്ന് തോന്നുന്ന ട്രെയിനിന് മുന്നില്‍ പൂജ ചെയ്യുന്നതും തേങ്ങ ഉടയ്‌ക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ പോസ്റ്റ് ചെയ്‌തവര്‍ അവകാശപ്പെടുന്നതുപോലെ ഈ ദൃശ്യം വിദേശത്ത് നിന്നുള്ളതാണോ? എന്താണ് വസ്‌തുത.

പ്രചാരണം

Latest Videos

'വിദേശരാജ്യങ്ങളിലും സനാതന ധർമ്മം ഏറ്റെടുത്തു കഴിഞ്ഞു'- എന്ന തലക്കെട്ടിലാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ 'പ്രണയം കാവിയോട്' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരു ട്രെയിനിന് മുന്നില്‍ നിന്നുകൊണ്ട് പൂജ ചെയ്യുന്നതും തേങ്ങ ഉടയ്‌ക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയിലുള്ള ആളുകളെ കണ്ടാല്‍ വിദേശികള്‍ എന്ന് തോന്നുമെന്നതിനാല്‍ വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന് പരിശോധിക്കാം.

വസ്‌തുതാ പരിശോധന

വീഡിയോയുടെ യാഥാര്‍ഥ്യം മനസിലാക്കാന്‍ ദൃശ്യങ്ങളുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ആദ്യം ചെയ്‌തത്. പ്രചരിക്കുന്ന വീഡിയോ Yellow Line #bangalore #nammametro എന്ന തലക്കെട്ടില്‍ യൂട്യൂബില്‍ മനോജ് യാദവ് എന്ന യൂസര്‍ 2024 മാര്‍ച്ച് എട്ടിന് പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്ന് കാണാം. ബെംഗളൂരുവില്‍ നിന്നുള്ള വീഡിയോയാണിത് എന്ന് മറ്റ് ചില യൂട്യൂബ് പോസ്റ്റുകളും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും അവകാശപ്പെടുന്നതായും മനസിലായി. 

റെഡ് എഫ്‌എം കന്നഡ യൂട്യൂബില്‍ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് വൈറല്‍ ദൃശ്യമടക്കം 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്. 'യെല്ലോ ലൈന്‍ മെട്രോ ട്രയല്‍ റണ്‍' എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. ബെംഗളൂരു മെട്രോയുടെ വാര്‍ത്തയാണിത് എന്ന് വീഡിയോയില്‍ കാണാം. ഇതോടെ ബെംഗളൂരുവില്‍ നിന്നുള്ള വീഡിയോയാണിത് എന്ന് വ്യക്തമായി. 

ഇതിന് ശേഷം യെല്ലോ ലൈന്‍ മെട്രോ ട്രയല്‍ റണ്ണിനെ കുറിച്ച് കീവേഡ് സെര്‍ച്ചും നടത്തി. ഇതില്‍ ഇംഗ്ലീഷ് മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡ് 2024 മാര്‍ച്ച് എട്ടിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. നമ്മ മെട്രോ യെല്ലോ ലൈന്‍ ട്രയല്‍ റണ്‍ തുടങ്ങി എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. ചൈനയില്‍ നിന്നുള്ള ടെസ്റ്റിംഗ് എഞ്ചിനീയര്‍മാരാണ് ട്രയല്‍ റണ്ണിന് നേതൃത്വം കൊടുത്തത് എന്ന് ഈ വാര്‍ത്തയില്‍ കാണാം. വൈറലായിരിക്കുന്ന വീഡിയോ ബെംഗളൂരുവില്‍ നിന്നുള്ളതാണെന്നും ദൃശ്യങ്ങളില്‍ കാണുന്നത് ചൈനയില്‍ നിന്നെത്തിയ എഞ്ചിനീയര്‍മാരാണ് എന്നും ഇതില്‍ നിന്ന് അനുമാനിക്കാം. 

Read more: കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് 50000 കോടിയുടെ ആസ്‌തിയോ? വസ്‌തുത പുറത്തുവിട്ട് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!