റെയില്‍വേ ട്രാക്കില്‍ നിന്ന് വന്‍ സ്വര്‍ണനാണയ ശേഖരം പിടികൂടിയതായുള്ള ചിത്രം സത്യമോ? Fact Check

By Web Team  |  First Published Jul 3, 2024, 2:33 PM IST

ചിത്രം സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോള്‍ ചില അസ്വാഭാവികതകള്‍ ദൃശ്യമായി


റോഡില്‍ വച്ച് ട്രക്ക് നിറയെ സ്വര്‍ണ നാണയങ്ങളും പണവും പൊലീസ് പിടികൂടിയതായി ഒരു ചിത്രം സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ മുമ്പ് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇതൊരു യഥാര്‍ഥ സംഭവത്തിന്‍റെ ഫോട്ടോയായിരുന്നില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ നിര്‍മിത ചിത്രമായിരുന്നു ഇതെന്ന് പിന്നീട് തെളിഞ്ഞു. ഇതുപോലെ സ്വര്‍ണനാണയങ്ങളുടെ മറ്റൊരു ചിത്രം സഹിതം വേറൊരു പ്രചാരണം ഇപ്പോള്‍ നടക്കുകയാണ്. ഇതിന്‍റെ വസ്‌തുത നോക്കാം.

പ്രചാരണം

Latest Videos

undefined

റെയില്‍വേ ട്രാക്കില്‍ അധികാരികള്‍ സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തി എന്ന കുറിപ്പോടെയാണ് ചിത്രം. ഇന്ത്യന്‍ ഫോട്ടോഗ്രഫി ക്ലബ് എന്ന എഫ്‌ബി ഗ്രൂപ്പിലാണ് ഫോട്ടോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. റെയില്‍വേ ട്രാക്കില്‍ നിരന്നുകിടക്കുന്ന സ്വര്‍ണനാണയങ്ങളും സമീപത്തായി സുരക്ഷാ ഉദ്യോഗസ്ഥരും ട്രെയിനും കാണാം. 

വസ്‌തുതാ പരിശോധന

ഇത്തരമൊരു സംഭവം നടന്നോ എന്നറിയാന്‍ നടത്തിയ കീവേഡ് സെര്‍ച്ചില്‍ ഇത് സംബന്ധിച്ച മാധ്യമവാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. ചിത്രം സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോള്‍ ചില അസ്വാഭാവികതകള്‍ ദൃശ്യമായി. ഫോട്ടോയിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകള്‍, മുഖങ്ങള്‍ എന്നിവയില്‍ അപൂര്‍ണത കാണാം. എഐ നിര്‍മിത ചിത്രമാണിത് എന്ന സൂചനയാണ് ഇതില്‍ നിന്ന് കിട്ടിയത്. എഐ ചിത്രങ്ങളില്‍ ഇത്തരം അപൂര്‍ണതകളും പിഴവുകളും സ്ഥിരമാണ്. ചിത്രം കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകളുടെ സഹായത്തോടെ നിര്‍മിച്ചതാണ് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തോന്നുകയും ചെയ്യുന്നുണ്ട്. 

പ്രചരിക്കുന്ന ചിത്രം എഐ സഹായത്താല്‍ നിര്‍മിച്ചതാണോ എന്ന് പരിശോധിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ചിത്രം 99.2 ശതമാനവും എഐ നിര്‍മിതമാണ് എന്ന ഫലമാണ് ലഭിച്ചത്. സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു. 

നിഗമനം

റെയില്‍വേ ട്രാക്കില്‍ നിന്ന് സ്വര്‍ണനാണയ ശേഖരം പിടികൂടിയതായുള്ള ചിത്രം എഐ നിര്‍മിതമാണ്, യഥാര്‍ഥ ഫോട്ടോയല്ല. 

Read more: ട്രക്ക് നിറയെ സ്വര്‍ണനാണയങ്ങളും നോട്ടുകെട്ടുകളും പൊലീസ് പിടികൂടിയതായി ചിത്രം; സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!