കര്‍ഷക സമരത്തില്‍ ഖലിസ്ഥാന്‍ വാദം ഉയര്‍ത്തി പ്ലക്കാര്‍ഡോ; പ്രചാരണവും സത്യവും- Fact Check

By Jomit Jose  |  First Published Feb 19, 2024, 3:34 PM IST

2024ലെ കര്‍ഷക സമരത്തിന്‍റെ മറവില്‍ നടക്കുന്നത് ഖലിസ്ഥാന്‍ വാദികളുടെ പ്രക്ഷോഭമാണ് എന്ന ആരോപണത്തോടെയാണ് ഈ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്


ദില്ലി: വീണ്ടുമൊരു ക‍ര്‍ഷക സമരം ചര്‍ച്ചാകുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു ചിത്രം വൈറലാണ്. 'ഞങ്ങള്‍ക്ക് ഖലിസ്ഥാന്‍ വേണം' (We want Khalistan) എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി ഒരു സിഖുകാരന്‍ നില്‍ക്കുന്നതാണ് ചിത്രത്തില്‍. 2024ലെ കര്‍ഷക സമരത്തിന് മറവില്‍ നടക്കുന്നത് ഖലിസ്ഥാന്‍ വാദികളുടെ പ്രക്ഷോഭമാണ് എന്ന ആരോപണത്തോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

Latest Videos

undefined

വിപിന്‍ കിലിയാനി എന്ന ഫേസ്ബുക്ക് യൂസര്‍ 2024 ഫെബ്രുവരി 16ന് പോസ്റ്റ് ചെയ്ത ചിത്രം ചുവടെ. 'കൃഷി😀 വ്യാജ കർഷകർ വിളയിച്ചെടുക്കാൻ നോക്കുന്നത് വിഘടനവാദം,,, ഖലിസ്ഥാൻ.. അന്തം അടിമകളുടെ കട്ട സപ്പോർട്ട് കിട്ടും'. എന്ന തലക്കെട്ടോടെയാണ് വിപിന്‍റെ പോസ്റ്റ്.

സമാന ചിത്രം കര്‍ഷക സമരത്തില്‍ ഖലിസ്ഥാന്‍ വാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നു എന്ന വാദത്തോടെ മറ്റ് നിരവധിയാളുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് 1, 2, 3. അവയുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു. 

വസ്തുതാ പരിശോധന

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം നിലവിലെ ക‍ർഷക സമരത്തില്‍ നിന്നുള്ളതാണോ എന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ഫോട്ടോ റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തി. ഇതില്‍ ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസിന്‍റെ ഒരു ഫലം കിട്ടി. ഈ റിസല്‍റ്റ് പറയുന്നത് ഫോട്ടോ 2013 ജൂണ്‍ 6ന് അമൃത്സറിലെ സുവ‍ര്‍ണക്ഷേത്രത്തിന് മുന്നില്‍ നിന്ന് പകര്‍ത്തിയതാണ് എന്നാണ്. ഇപ്പോള്‍ വൈറലായിരിക്കുന്ന ചിത്രം 2024ലെ ക‍ര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല എന്ന് ഇതില്‍ നിന്ന് വ്യക്തം. 

നിഗമനം

2024ലെ കര്‍ഷക സമരത്തില്‍ ഖലിസ്ഥാന്‍ വാദത്തോടെ പ്ലക്കാര്‍ഡ് ഉയര്‍ത്തപ്പെട്ടു എന്ന സാമൂഹ്യമാധ്യമങ്ങളിലെ വാദം തെറ്റാണ്. 2013ലെ ചിത്രമാണ് 2024 ഫെബ്രുവരി മാസത്തിലേത് എന്ന പേരില്‍ നിരവധിയാളുകള്‍ പ്രചരിപ്പിക്കുന്നത്. 

Read more: ഭാരത് ബന്ദ് പൊലിപ്പിക്കാന്‍ മദ്യ വിതരണമോ; കർഷകരെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള വീഡിയോ സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!