ഇത് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്‍റെ ദൃശ്യമല്ല; പ്രചരിക്കുന്ന ഫോട്ടോ വ്യാജം- Fact Check

By Web TeamFirst Published Aug 5, 2024, 3:19 PM IST
Highlights

ഫോട്ടോയുടെ യാഥാര്‍ഥ്യമറിയാന്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി

കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍. മൂന്നൂറിലേറെ പേരുടെ മരണം ഇതിനകം സ്ഥിരീകരിച്ച വയനാട് ഉരുള്‍പൊട്ടലിന്‍റെത് എന്ന പേരില്‍ പ്രചരിക്കുന്ന ഒരു ചിത്രം പഴയതും മുണ്ടക്കൈ ദുരന്തവുമായി ബന്ധമില്ലാത്തതുമാണ്. സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിലെ പ്രചാരണവും വസ്‌തുതതയും വിശദമായി അറിയാം. 

പ്രചാരണം

Latest Videos

വയനാടിനൊപ്പം എന്ന ഹാഷ്‌ടാഗോടെയാണ് RedArmy Nileshwar എന്ന ഫേസ്‌ബുക്ക് പേജില്‍ നിന്ന് ഫോട്ടോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ ഉരുള്‍പൊട്ടിയിരിക്കുന്നതും രക്ഷാപ്രവര്‍ത്തനം നടക്കുന്നതുമാണ് ഫോട്ടോയില്‍ കാണുന്നത്. ഏറെ മണ്ണും പാറകളും ഒലിച്ചിറങ്ങിയിരിക്കുന്നത് ഫോട്ടോയില്‍ കാണാം. രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആളുകളും ഒരു ജെസിബിയും ചിത്രത്തിലുണ്ട്. 

വസ്‌തുത

ഫോട്ടോയുടെ യാഥാര്‍ഥ്യമറിയാന്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ വസ്‌തുത വെളിവായി. 2020 ഓഗസ്റ്റില്‍ ഇടുക്കിയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ ചിത്രമാണിത്. വയനാട്ടിലെ മുണ്ടക്കൈയിലേത് എന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ 2020 ഓഗസ്റ്റ് 9ന് ദി വീക്ക് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പരിശോധനയില്‍ ലഭിച്ചു. പെട്ടിമുടി ഉരുള്‍പൊട്ടലിനെ കുറിച്ച് മറ്റ് ചില മാധ്യമങ്ങള്‍ 2020ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളിലും സമാന ചിത്രം ഉപയോഗിച്ചിരിക്കുന്നത് കാണാം.

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്‍റെ ചിത്രം എന്ന പേരില്‍ ഫേസ്‌ബുക്കില്‍ റെഡ്‌ആര്‍മി നീലേശ്വരം പോസ്റ്റ് ചെയ്‌തിരിക്കുന്നത് 2020ലെ ചിത്രമാണ് എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം. 

Read more: ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണം; ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!