വീഡിയോ പങ്കുവെയ്ക്കുന്നവർ അവകാശപ്പെടുന്നത് മന്ത്രി അക്ഷരം വായിക്കാനറിയാതെ തപ്പിത്തടയുകയായിരുന്നു എന്നാണ്
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി 2024ല്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം വാർത്താസമ്മേളനത്തില്‍ അരോചകമായി അവതരിപ്പിച്ചു എന്നൊരു ആരോപണം വീഡിയോ സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ വീഡിയോ പങ്കുവെയ്ക്കുന്നവർ അവകാശപ്പെടുന്നത് പോലെ മന്ത്രി അക്ഷരം വായിക്കാനറിയാതെ വാർത്താസമ്മേളനത്തില്‍ തപ്പിത്തടയുകയായിരുന്നില്ല എന്നതാണ് യാഥാർഥ്യം.
പ്രചാരണം
'SSLC പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണം നാല് രണ്ട് ഏഴ് ഒന്ന് പൂജ്യം അഞ്ച്' എന്നിങ്ങനെ തപ്പിത്തപ്പി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതായാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. അക്കങ്ങള്‍ എണ്ണിപ്പറഞ്ഞ് മന്ത്രി സംസാരിക്കുന്ന വീഡിയോയാണ് പാല്‍ക്കാരന്‍ പാലാ എന്ന യൂസർ 2024 മാർച്ച് 1ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മന്ത്രിയെ കളിയാക്കിക്കൊണ്ട് ട്രോള്‍ രൂപത്തിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എന്നും കാണാം.
വസ്തുത
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ എണ്ണം വാർത്താസമ്മേളനത്തില്‍ തപ്പിത്തടഞ്ഞാണോ വായിച്ചത് എന്നറിയാന്‍ പ്രസ് മീറ്റിന്‍റെ വീഡിയോ പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ ഈ വീഡിയോ പരിശോധിച്ചതില്‍ നിന്ന് മനസിലായത് മന്ത്രി ആദ്യം എണ്ണം കൃത്യമായി വായിക്കുകയും മാധ്യമപ്രവർത്തകർക്ക് കുറിച്ചെടുക്കാന്‍ എഴുപ്പത്തില്‍ വീണ്ടും ഓരോ അക്കങ്ങളായി എടുത്തുപറയുകയുമായിരുന്നു എന്നാണ്. ഇതില്‍ മന്ത്രി വിദ്യാർഥികളുടെ എണ്ണം എടുത്തുപറയുന്ന ഭാഗം മാത്രം വെട്ടിയെടുത്താണ് വീഡിയോ തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് മനസിലാക്കാം.
മാത്രമല്ല, ഇത്തരത്തില്‍ തെറ്റായി വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ മന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട് എന്നും തുടർ പരിശോധനകളില്‍ മനസിലാക്കാന്‍ സാധിച്ചു. 'ഇതാണ് വാസ്തവമെന്നിരിക്കെ വീഡിയോ വെട്ടിമുറിച്ച് പ്രചരിപ്പിക്കുന്നവർക്ക് നല്ല നമസ്കാരം...മാധ്യമപ്രവർത്തകർക്ക് തെറ്റാതിരിക്കാൻ അക്കങ്ങൾ ആയി ആവർത്തിച്ചതിനെയാണ് പിശകായി വ്യാഖ്യാനിക്കുന്നത്. നിയമപരമായ നടപടികൾ കൈക്കൊള്ളാൻ ആണ് തീരുമാനം'...എന്നും മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.