'ഈ ഫെബ്രുവരി നിങ്ങളുടെ ജീവിതത്തിൽ ഇനി വരില്ല. കാരണം 823 വർഷത്തിലൊരിക്കൽ ഇത് സംഭവിക്കുന്നു' എന്നും ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നു
തിരുവനന്തപുരം: '823 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഫെബ്രുവരി, ഈ മെസേജ് ഷെയര്‍ ചെയ്താല്‍ കൈനിറയെ പണം ലഭിക്കും' എന്നുമൊരു സന്ദേശം ഫേസ്ബുക്കില്‍ വൈറലാണ്. 'കുറഞ്ഞത് 5 പേർക്കോ 5 ഗ്രൂപ്പുകൾക്കോ അയക്കുക, 4 ദിവസത്തിനുള്ളിൽ പണം എത്തും' എന്നുമാണ് എഫ്ബി പോസ്റ്റുകളില്‍ പറയുന്നത്. അവിശ്വസനീയത തോന്നുന്ന ഈ സന്ദേശത്തിന്‍റെ വസ്തുത തിരയാം.
പ്രചാരണം
undefined
“ഈ ഫെബ്രുവരി നിങ്ങളുടെ ജീവിതത്തിൽ ഇനി വരില്ല. കാരണം ഈ വർഷം ഫെബ്രുവരിയിൽ 4 ഞായർ, 4 തിങ്കൾ, 4 ചൊവ്വ, 4 ബുധൻ, 4 വ്യാഴം, 4 വെള്ളി, 4 ശനി എന്നിവയുണ്ട്. 823 വർഷത്തിലൊരിക്കൽ ഇത് സംഭവിക്കുന്നു. ഇവയെ മണി ബാഗുകൾ എന്ന് വിളിക്കുന്നു. അതുകൊണ്ട് കുറഞ്ഞത് 5 പേർക്കോ 5 ഗ്രൂപ്പുകൾക്കോ അയക്കുക, 4 ദിവസത്തിനുള്ളിൽ പണം എത്തും. ചൈനീസ് ഫെങ് ഷൂയിയെ അടിസ്ഥാനമാക്കി. വായിച്ച് 11 മിനിറ്റിനുള്ളിൽ അയയ്ക്കുക,”
ഇത്രയുമാണ് വിവിധ ഫേസ്ബുക്ക് പോസ്റ്റുകളിലുള്ള സ്ക്രീന്‍ഷോട്ടില്‍ എഴുതിയിരിക്കുന്നത്. അവയുടെ ലിങ്കുകള്‍ 1, 2, 3, 4 എന്നിവയില്‍ വായിക്കാം.
ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
വസ്‌തുതാ പരിശോധന
ആദ്യ വായനയില്‍ തന്നെ സംശയം ജനിപ്പിക്കുന്നതാണ് ഈ പോസ്റ്റ് എന്നതിനാല്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. ആദ്യം തന്നെ ഇതിനായി 2024 ഫെബ്രുവരി മാസത്തെ കലണ്ടര്‍ പരിശോധിക്കുകയാണ് ചെയ്തത്. 2024 ലീപ് ഇയറാണ് എന്നതിനാല്‍ (നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്നത്) ഈ വര്‍ഷം ഫെബ്രുവരിയില്‍ 29 ദിവസങ്ങളുണ്ട്. ലീപ് ഇയര്‍ അല്ലാത്ത സാധാരണ വര്‍ഷങ്ങളില്‍ 28 ദിവസങ്ങള്‍ മാത്രമേ ഫെബ്രുവരിയിലുണ്ടാകൂ. 2024ലെ കലണ്ടര്‍ പരിശോധിച്ചപ്പോള്‍ അഞ്ച് വ്യാഴാഴ്ചകളുണ്ട് എന്ന് ബോധ്യപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ആഴ്ചയിലെ മറ്റെല്ലാ ദിവസങ്ങളും നാല് വീതമേയുള്ളൂ. എന്നാല്‍ എഫ്ബി പോസ്റ്റുകളില്‍ പറയുന്നത് ഈ വര്‍ഷം ഫെബ്രുവരിയില്‍ ആഴ്ചയില്‍ ഞായര്‍ മുതല്‍ ശനി വരെയുള്ള എല്ലാ ദിവസങ്ങളും നാല് വീതമാണുള്ളത് എന്നാണ്.
2024 ഫെബ്രുവരിയിലെ കലണ്ടര്‍ ചുവടെ
'കുറഞ്ഞത് 5 പേർക്കോ 5 ഗ്രൂപ്പുകൾക്കോ അയക്കുക, 4 ദിവസത്തിനുള്ളിൽ പണം എത്തും. ചൈനീസ് ഫെങ് ഷൂയിയെ അടിസ്ഥാനമാക്കി. വായിച്ച് 11 മിനിറ്റിനുള്ളിൽ അയയ്ക്കുക'... എന്നിങ്ങനെ മെസേജില്‍ ഉള്ള ഭാഗം പതിവ് വ്യാജ സന്ദേശങ്ങളുടെ ചുവടുപിടിച്ച് അതേ ശൈലിയില്‍ തയ്യാറാക്കിയതാണ് എന്നും മനസിലാക്കാം.
ഇപ്പോള്‍ മലയാളത്തില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന സന്ദേശം 2021ല്‍ ഇംഗ്ലീഷില്‍ പ്രചരിച്ചിരുന്നതാണ് എന്ന് പിന്നാലെ നടത്തിയ കീവേഡ് സെര്‍ച്ചില്‍ വ്യക്തമാവുകയും ചെയ്തു. മേല്‍പറയുന്ന 2021 ലീപ് ഇയറായിരുന്നില്ല.
നിഗമനം
'ഈ ഫെബ്രുവരി നിങ്ങളുടെ ജീവിതത്തിൽ ഇനി വരില്ല. കാരണം ഈ വർഷം ഫെബ്രുവരിയിൽ 4 ഞായർ, 4 തിങ്കൾ, 4 ചൊവ്വ, 4 ബുധൻ, 4 വ്യാഴം, 4 വെള്ളി, 4 ശനി എന്നിവയുണ്ട്' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റുകളിലെ വിവരങ്ങള്‍ തെറ്റാണ്. പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ വഞ്ചിതരാവുകയേയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം