അമ്മയ്ക്ക് സുഖമില്ലാത്തതിനാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം
ദില്ലി: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി വിട്ടുനില്‍ക്കുകയാണ്. കോലി എന്തുകൊണ്ട് കളിക്കുന്നില്ല എന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും ശക്തമാണ്. എന്തായാലും എന്തോ വ്യക്തിപരമായ കാരണങ്ങളാല്‍ കോലി രണ്ട് മത്സരങ്ങളില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു എന്ന് വ്യക്തം. ഇതിനിടെ കോലിയുടെ മാതാവിന്‍റെ ആരോഗ്യനിലയെ കുറിച്ച് ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമായുണ്ട്. ഇതിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് വിശദമായി പരിശോധിക്കാം.
പ്രചാരണം
undefined
അമ്മയ്ക്ക് (സരോജ് കോലി) സുഖമില്ലാത്തതിനാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ ഏറെ പ്രചാരം ലഭിത്ത ഒരു പോസ്റ്റില്‍ പറയുന്നത് ചുവടെ കൊടുക്കുന്നു. ദി ബാബറിയന്‍സ് ആര്‍മി എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ 2024 ജനുവരി 24ന് പ്രത്യക്ഷപ്പെട്ട പോസ്റ്റിന് ഏറെ റിയാക്ഷനുകളും കമന്‍റുകളും ഷെയറുകളും കിട്ടിയതായി കാണാം.
'വിരാട് കോലിയുടെ മാതാവ് കരള്‍രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ് എന്ന് അറിയാന്‍ കഴിഞ്ഞു. ഈ വാര്‍ത്ത ശരിയെങ്കില്‍ വിരാടിന്‍റെ അമ്മയുടെ ആരോഗ്യത്തിനായി ശക്തമായി പ്രാര്‍ഥിക്കുന്നു. മാതാപിതാക്കള്‍ക്ക് എന്തെങ്കിലും രോഗം ബാധിക്കുന്നതാണ് നമുക്ക് ഏറ്റവും വേദന നല്‍കുന്ന കാര്യം. വിരാട് കോലിക്ക് കഠിനമായ പരീക്ഷകളുടെ കാലമാണിത്. അദേഹത്തിന്‍റെ അമ്മയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു. എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എല്ലാറ്റിനെക്കാളും മുകളിലാണ് കുടുംബത്തിന് പ്രാധാന്യം. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടപ്പെട്ടാലും വിരാട് അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കട്ടെ. അവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെ'- എഫ്ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു.
വസ്‌തുത
വിരാട് കോലിയുടെ അമ്മയുടെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്നതെല്ലാം തെറ്റായ വാര്‍ത്തയാണ് എന്ന് താരത്തിന്‍റെ സഹോദരന്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. 'പ്രിയമുള്ളവരെ, ഞങ്ങളുടെ മാതാവിന്‍റെ ആരോഗ്യത്തെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അമ്മ സുഖമായിരിക്കുന്നതായി വ്യക്തമാക്കുകയാണ്. കൃത്യമായ വിവരങ്ങളില്ലാതെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്ന് ആളുകളോടും മാധ്യമങ്ങളോടും അഭ്യര്‍ഥിക്കുകയാണ്' എന്നും കോലിയുടെ സഹോദരന്‍ വികാസ് കോലി 2024 ജനുവരി 31ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
നിഗമനം
മാതാവിന്‍റെ ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന പ്രചാരണം വ്യാജമാണ് എന്നാണ് താരത്തിന്‍റെ കുടുംബം പുറത്തുവിട്ട പ്രതികരണത്തില്‍ നിന്ന് വ്യക്തമാവുന്നത്.
Read more: മുഹമ്മദ് ഷമിയെ സാനിയ മിര്‍സ വിവാഹം കഴിച്ചോ? വൈറല്‍ ചിത്രത്തിന്‍റെ സത്യമെന്ത്