'ഞാന്‍ സാമന്തയാണ്, സൈക്കിള്‍ ചിഹ്‌നത്തിന് വോട്ട് ചെയ്യുക'- എന്നും നടി പറയുന്നതായാണ് 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ
അമരാവതി: ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂട് രാജ്യത്ത് ഉയരുന്നതിനിടെ തെലുഗു നടി സാമന്ത ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിക്കുന്നതായി വീഡിയോ പ്രചരിക്കുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാന്‍ സാമന്ത ആന്ധ്രാപ്രദേശിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നു എന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കാനിരിക്കേ ഈ വീഡിയോ വലിയ പ്രചാരം നേടിക്കഴിഞ്ഞു. എന്നാല്‍ ഈ ദൃശ്യത്തില്‍ എഡിറ്റിംഗ് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണെന്നതിനാല്‍ വീഡിയോയുടെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
'ഞാന്‍ സാമന്തയാണ്, സൈക്കിള്‍ ചിഹ്‌നത്തിന് വോട്ട് ചെയ്യുക'- എന്നും സാമന്ത പറയുന്നതായാണ് 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്. 'വികസനത്തിനായി വോട്ട് ചെയ്യൂ, സൈക്കിള്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യൂ' എന്ന തലക്കെട്ടോടെ വീഡിയോ വെരിഫൈഡ് എക്‌സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടുകളില്‍ നിന്നടക്കം ട്വീറ്റ് ചെയ്‌തിരിക്കുന്നതായി കാണാം. #TDPWillBeBack #NaraChandrababuNaidu #NaraLokesh എന്നീ ഹാഷ്‌ടാഗുകളോടെയാണ് വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. എന്നാല്‍ വിവിധ ഫ്രെയിമുകള്‍ എഡിറ്റ് ചെയ്‌താണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
నేను మీ సమంత .. అభివృద్ధి కి వోట్ చేయండి .
సైకిల్ గుర్తుకే మీ ఓటు..
జై తెలుగుదేశం..✌️ pic.twitter.com/6UGojTF4pl
വസ്‌തുത
2024ലെ ലോക്‌സഭ, ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ടിഡിപിക്ക് വോട്ട് ചെയ്യാന്‍ സാമന്ത അഭ്യര്‍ഥിക്കുന്നതായുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണ് ഫാക്ട് ചെക്ക് വെബ്‌സൈറ്റുകളുടെ കണ്ടെത്തല്‍. സാമന്ത 2019ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് റെപ്പല്ലെ മണ്ഡലത്തിലെ തന്‍റെ സുഹൃത്ത് കൂടിയായ ടിഡിപി സ്ഥാനാര്‍ഥി അനഗാനി സത്യപ്രസാദിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് സംസാരിക്കുന്ന വീഡിയോയിലെ ഭാഗങ്ങള്‍ പലതും എഡിറ്റ് ചെയ്‌ത് ഒഴിവാക്കിയാണ് ഇപ്പോഴത്തെ ദൃശ്യം തയ്യാറാക്കിയിരിക്കുന്നത്. 2019ല്‍ സാമന്തയുടേതായി പുറത്തുവന്ന വീഡിയോ താഴെ കൊടുക്കുന്നു. അന്ന് ടിഡിപി സ്ഥാനാര്‍ഥിക്കായുള്ള സാമന്തയുടെ വോട്ട് അഭ്യര്‍ഥന ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.
നിഗമനം
2024 ലോക്‌സഭ, ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി തെലുഗു നടി സാമന്ത ടിഡിപിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചതായുള്ള പ്രചാരണം വ്യാജമാണ്. ഈ തെരഞ്ഞെടുപ്പുകളുമായി യാതൊരു ബന്ധമില്ലാത്ത 2019ലെ പഴയ വീഡിയോയാണ് നടിയുടെ പേരില്‍ പ്രചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം