നവകേരള സദസിന് ഉപയോഗിച്ച ബസിന് നേര്‍ക്ക് കരിങ്കൊടിയുമായി നാല് പേര്‍ പ്രതിഷേധിക്കുന്നതാണ് ചിത്രത്തില്‍
നവകേരള സദസിനായി തയ്യാറാക്കിയ പ്രത്യേക ബസ് ഇപ്പോള്‍ കെഎസ്ആര്‍ടിസി സര്‍വീസിനായി ഉപയോഗിക്കുകയാണ്. കോഴിക്കോട്– ബെംഗളൂരു റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുന്നത്. സര്‍വീസ് തുടങ്ങി ആദ്യ ദിനങ്ങളില്‍ തന്നെ ബസിന് നേരെ പ്രതിഷേധമുണ്ടായോ. കെഎസ്‌ആര്‍ടിസി സര്‍വീസിനായി ഉപയോഗിക്കുന്ന ഈ ബസിന് നേര്‍ക്ക് പ്രതിഷേധമുണ്ടായി എന്ന തരത്തില്‍ ഒരു പ്രചാരണം സജീവമാണ്. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് നോക്കാം.
പ്രചാരണം
സിപിഐഎം കോതമംഗലം എന്ന ഫേസ്ബുക്ക് പേജില്‍ മെയ് നാലിന് പ്രത്യക്ഷപ്പെട്ട പോസ്റ്റ് ചുവടെ കൊടുക്കുന്നു. നവകേരള സദസിന് ഉപയോഗിച്ച ബസിന് നേര്‍ക്ക് കരിങ്കൊടിയുമായി നാല് പേര്‍ പ്രതിഷേധിക്കുന്നതാണ് ചിത്രത്തില്‍. ഈ ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. 'ഇവരിപ്പോഴും പഴയ മൂഡിൽ തന്നെ...യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരളം ബസിന് നേരെ കരിങ്കൊടിയുമായി യൂത്ത് ലീഗും ഹരിത ലീഗും'- എന്നാണ് ചിത്രം അടക്കമുള്ള സിപിഐഎം കോതമംഗലത്തിന്‍റെ എഫ്‌ബി പോസ്റ്റില്‍ പറയുന്നത്.
വസ്തുതാ പരിശോധന
നവകേരള സദസിനുപയോഗിച്ച ബസിന് നേര്‍ക്ക് യൂത്ത് ലീഗ് കരിങ്കൊടി കാണിച്ചതായി എന്തെങ്കിലും വാര്‍ത്തയുണ്ടോ എന്നാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ ഈ പരിശോധനയില്‍ ഇത്തരം വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. ഇതോടെ ചിത്രത്തിന്‍റെ ഉറവിടം അറിയാന്‍ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ ഇപ്പോഴത്തേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം പഴയതാണ് എന്ന് ബോധ്യപ്പെട്ടു. 2023 നവംബര്‍ 29ന് കോൺഗ്രസ് പോരാളികൾ എന്ന ഫേസ്ബുക്ക് പേജില്‍ ചിത്രം പോസ്റ്റ് ചെയ്‌തിരുന്നതാണ് എന്ന് പരിശോധനയില്‍ തെളിഞ്ഞു.
നവകേരള സദസ് യാത്രയ്‌ക്കിടെ മലപ്പുറം ജില്ലയിലെ ആനക്കയത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന്‍റെ ചിത്രമാണിത് എന്നാണ് വ്യക്തമാകുന്നത്.
നിഗമനം
മുമ്പ് നവകേരള സദസിന് ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ കോഴിക്കോട്– ബെംഗളൂരു റൂട്ടില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നതുമായ ബസിനെ യൂത്ത് ലീഗ് കരിങ്കൊടി കാണിച്ചതായി ചിത്രം സഹിതമുള്ള പ്രചാരണം വ്യാജമാണ്.