രാജസ്ഥാനില്‍ ജയിച്ച സിപിഎം നേതാവ് ബിജെപിയിലേക്ക് എന്ന പ്രചാരണം ശരിയോ? Fact Check

By Web Team  |  First Published Jun 7, 2024, 12:22 PM IST

രാജസ്ഥാനിലെ സിപിഎം നിയുക്ത എംപി ബിജെപിയിലേക്ക് പോകുന്നു എന്നാണ് ഫേസ്ബുക്കിലെ പ്രചാരണം


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ കേരളത്തില്‍ തിരിച്ചടിയേറ്റെങ്കിലും സിപിഎമ്മിന് രാജസ്ഥാനില്‍ സീറ്റ് ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിക്കെതിരെ ഇന്ത്യാ മുന്നണിക്കായി സിപിഎമ്മിന്‍റെ അമ്ര റാം 72,896 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിക്കാര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയായിരുന്നു. രാജസ്ഥാനിലെ സിപിഎമ്മിന്‍റെ നിയുക്ത എംപി അമ്ര റാം ബിജെപിയിലേക്ക് ചേക്കേറും എന്ന തരത്തില്‍ ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും പോസ്റ്റുകള്‍ കാണാം. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് പരിശോധിക്കാം. 

Latest Videos

undefined

പ്രചാരണം

'രാജസ്ഥാനില്‍ ജയിച്ച സിപിഎം സ്ഥാനാര്‍ഥി ബിജെപിയിലേക്ക്' എന്നാണ് ചിത്രം സഹിതം വിവിധ ഫേസ്‌ബുക്ക് പോസ്റ്റുകളിലുള്ളത്. ബിജെപി ഷാള്‍ അണിഞ്ഞ് നില്‍ക്കുന്ന ഒരാളുടെ ചിത്രം കുറിപ്പുകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കാണാം. 

വസ്‌തുതാ പരിശോധന

രാജസ്ഥാനിലെ നിയുക്ത സിപിഎം എംപി ബിജെപിയിലേക്ക് പോകുന്നു എന്ന പ്രചാരണം സത്യമോ എന്നറിയാന്‍ വസ്‌തുതാ പരിശോധന നടത്തി. സിപിഎം സ്ഥാനാര്‍ഥി ബിജെപിയില്‍ ചേരുമെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകളൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ല. ഇതോടെ പോസ്റ്റുകളിലുള്ള ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസ് 2024 ജൂണ്‍ നാലിന് ലൈവ്‌ ബ്ലോഗില്‍ പങ്കുവെച്ച ചിത്രവും അടിക്കുറിപ്പും കണ്ടെത്താനായി. 

ഗുജറാത്തിലെ വഡോദരയില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി ഹോമങ് ജോഷിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിുന്ന ജഷ്‌പാല്‍സിംഗ് പഡിയാര്‍ അഭിനന്ദിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇന്ത്യന്‍ എക്‌സ്‌പ്രസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിത്രത്തിലുള്ളത് രാജസ്ഥാനില്‍ നിന്ന് വിജയിച്ച സിപിഎം സ്ഥാനാര്‍ഥി അല്ല, ഗുജറാത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് എന്ന നിഗമനത്തില്‍ ഇതില്‍ നിന്ന് എത്താം. 

രാജസ്ഥാനിലെ സികാര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സിപിഎം സ്ഥാനാര്‍ഥി അമ്ര റാമിന്‍റെ ചിത്രം സിപിഎം 2024 ജൂണ്‍ നാലിന് ട്വീറ്റ് ചെയ്‌തത് ചുവടെ കാണാം. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം അമ്രയുടേത് അല്ല എന്ന് ഇതോടെ ഉറപ്പിക്കാം.

Red Salutes to INDIA Bloc-backed CPI(M) candidate comrade Amra Ram for his massive victory in Sikar seat of Rajasthan by over 70,000 votes! pic.twitter.com/QwK8mt98j0

— CPI (M) (@cpimspeak)

നിഗമനം

രാജസ്ഥാനില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച സിപിഎം സ്ഥാനാര്‍ഥി ബിജെപിയിലേക്ക് എന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണ്. 

Read more: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!