കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് 50000 കോടിയുടെ ആസ്‌തിയോ? വസ്‌തുത പുറത്തുവിട്ട് റിപ്പോര്‍ട്ട്

By Web Team  |  First Published Mar 13, 2024, 2:26 PM IST

കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് അമ്പതിനായിരം കോടി രൂപയുടെ ആസ്‌തിയുണ്ട് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം


ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കും മുമ്പേ ഇതാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെ കുറിച്ച് അതിശയോക്‌തി നിറഞ്ഞ ഒരു പ്രചാരണം ആളുകളില്‍ സംശയം ജനിപ്പിക്കുകയാണ്. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം.

പ്രചാരണം

Latest Videos

undefined

കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് 50000 കോടി രൂപയുടെ ആസ്‌തിയുണ്ട് എന്നാണ് സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ പ്രചാരണം. മറ്റ് നിരവധിയാളുകളും മല്ലികാർജുൻ ഖാർഗെയ്ക്ക് അമ്പതിനായിരം കോടിയുടെ ആസ്തിയുള്ളതായി അവകാശപ്പെടുന്നു. ഇതേ ആരോപണം 2023ല്‍ പലരും ട്വീറ്റ് ചെയ്‌തിരുന്നതാണ് എന്നും കാണാം. 

വസ്‌തുത

മല്ലികാർജുൻ ഖാർഗെയ്ക്ക് 50000 കോടി രൂപയുടെ ആസ്തിയുണ്ടോ എന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ വിശ്വാസ് ന്യൂസ് വിശദമായി പരിശോധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. myneta.infoയില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം 20 കോടി രൂപയുടെ (20,12,46,422) ആസ്തിയാണ് അദേഹത്തിനുള്ളത്. 23,75,000 കോടി രൂപയുടെ ബാധ്യത ഖാര്‍ഗെയ്‌ക്കുണ്ട് എന്നും വെബ്സൈറ്റിലെ വിവരങ്ങളില്‍ കാണാം.

രാജ്യസഭയിലേക്ക് മത്സരിക്കും മുമ്പ് 2020 ജൂണ്‍ 6ന് സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം മല്ലികാർജുൻ ഖാർഗെയുടെ ആസ്തി 20 കോടി രൂപയിലധികം മാത്രമാണ്. ഇവിടെ നിന്ന് വെറും നാല് വര്‍ഷം കൊണ്ട് അമ്പതിനായിരം കോടിയിലേക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ ആസ്തി വര്‍ധിക്കാന്‍ സ്വാഭാവികമായ സാധ്യതകളൊന്നുമില്ല. അതിനാല്‍തന്നെ ഖാര്‍ഗെയുടെ സ്വത്തിനെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്നുറപ്പിക്കാം. 

നിഗമനം

കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് അമ്പതിനായിരം കോടി രൂപയുടെ ആസ്തിയുള്ളതായുള്ള പ്രചാരണം വ്യാജമാണ് എന്നാണ് ഫാക്ട് ചെക്ക് വെബ്‌സൈറ്റിന്‍റെ കണ്ടെത്തല്‍. ഖാർഗെയുടെ സാമ്പത്തിക വിവരങ്ങള്‍ ഇലക്ഷന്‍ അഫി‍ഡവിറ്റില്‍ ലഭ്യമാണ്. 2020ലെ തെരഞ്ഞെടുപ്പ് അഫിഡവിറ്റ് പ്രകാരം 20 കോടി രൂപയുടെ ആസ്തിയാണ് ഖാര്‍ഗയ്‌ക്കുള്ളത്. 

Read more: സിപിഎം നേതാവ് മണിക് സര്‍ക്കാരിന്‍റെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്നതായി ചിത്രം വ്യാപകം; സത്യമെന്ത്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!