ക്യാൻസർ ബാധിച്ച് ചികിത്സിച്ച് മടുത്തവരോടുള്ള അഭ്യര്‍ഥന എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്
ചൂട് തേങ്ങാവെള്ളം ഉപയോഗിച്ച് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാം എന്നൊരു പ്രചാരണം വാട്സ്ആപ്പ് മെസേജായി കറങ്ങിനടപ്പുണ്ട്. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. രാജേന്ദ്ര എയാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് വിശദമായ കുറിപ്പില്‍ പറയുന്നത്. ഇക്കാര്യം സത്യമോ?
പ്രചാരണം
'ക്യാൻസർ ബാധിച്ച് ചികിത്സയിൽ മടുത്ത ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
*ദയവായി ചൂടു തേങ്ങാ വെള്ളം*
ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. രാജേന്ദ്ര എ. * ഈ വാർത്താക്കുറിപ്പ് ലഭിച്ച എല്ലാവരും പത്ത് കോപ്പികൾ മറ്റുള്ളവർക്ക് അയച്ചാൽ, തീർച്ചയായും ഒരു ജീവനെങ്കിലും രക്ഷിക്കാനാകുമെന്ന് ബഡ്‌വേ നിർബന്ധിച്ചു ... * നിങ്ങൾ ഇതിനകം അത് ചെയ്തുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പങ്ക് ചെയ്യുക. നന്ദി!
* ചൂടുള്ള തേങ്ങാവെള്ളം ജീവിതത്തിലുടനീളം ക്യാൻസറിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു *
* ചൂടുള്ള തേങ്ങ ~ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്നു!
*ഒരു കപ്പിൽ തേങ്ങ 2-3 കഷ്ണം മുറിച്ച് ചൂടുവെള്ളത്തിൽ ഇട്ടാൽ അത് "ആൽക്കലൈൻ വാട്ടർ" ആയി, ദിവസം മുഴുവൻ കുടിക്കുക, ആർക്കും നല്ലത്.*
* ചൂടുള്ള തേങ്ങാവെള്ളം കാൻസർ വിരുദ്ധ പദാർത്ഥം പുറത്തുവിടുന്നു, ക്യാൻസറിനെ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള മെഡിക്കൽ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റം.
* ചൂടുള്ള തേങ്ങാനീര് വ്രണങ്ങളെയും മുഴകളെയും ബാധിക്കും. എല്ലാത്തരം ക്യാൻസറുകളും തടയുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.*
* തേങ്ങാ സത്ത് ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള ചികിത്സ ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കാത്ത മാരകമായ കോശങ്ങളെ മാത്രമേ നശിപ്പിക്കൂ.
* കൂടാതെ, തേങ്ങാനീരിലെ അമിനോ ആസിഡുകളും കോക്കനട്ട് പോളിഫെനോളുകളും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ആഴത്തിലുള്ള സിര ത്രോംബോസിസ് ഫലപ്രദമായി തടയുകയും രക്തചംക്രമണം ക്രമീകരിക്കുകയും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
വായിച്ചതിനുശേഷം, * മറ്റുള്ളവരോട് പറയുക, കുടുംബം, സുഹൃത്തുക്കൾ, സ്നേഹം പ്രചരിപ്പിക്കുക! * സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക'.
വസ്‌തുതാ പരിശോധന
ഈ വാട്സ്ആപ്പ് മെസേജ് സത്യമാണോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തുകയാണ് ആദ്യം ചെയ്തത്. ഈ പരിശോധനയില്‍ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് 2019 മെയ് 18ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ലഭിക്കുകയുണ്ടായി. ഡോ. രാജേന്ദ്ര ബഡ്‍വെ ചൂട് തേങ്ങാവെള്ളം ക്യാന്‍സര്‍ മാറ്റുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അദേഹത്തിന്‍റെ പ്രസ്താവനയായി പ്രചരിക്കുന്ന കുറിപ്പ് വ്യാജമാണ് എന്നും ടാറ്റ മെമ്മോറിയല്‍ ആശുപത്രി വ്യക്തമാക്കിയതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത. ഇതോടെ ഇപ്പോള്‍ ചൂട് തേങ്ങാവെള്ളത്തെ കുറിച്ച് പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും പഴയതാണ് എന്നും വ്യക്തമായി.
ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമാന മെസേജ് മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതാണ് എന്ന് കണ്ടെത്താനായി. ലിങ്ക്.
നിഗമനം
ചൂടുള്ള തേങ്ങാവെള്ളം ഉപയോഗിച്ച് ക്യാന്‍സര്‍ മാറ്റാമെന്ന പ്രചാരണം വ്യാജമാണ്. ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. രാജേന്ദ്ര ബഡ്‍വെയുടെ പേരിലുള്ള കുറിപ്പ് ആരും വിശ്വസിക്കരുത്.