സയണിസം പുതിയ നാസിസം ആണ് എന്നെഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച് ഗാൽ ഗാഡോട്ട് തന്‍റെ പ്രതിഷേധം അറിയിക്കുന്നു എന്നുപറഞ്ഞാണ് ചിത്രം
ഗാസയില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത ആക്രമണങ്ങളില്‍ ഇസ്രയേലിനുള്ളില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ശക്തമാണ് എന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതിന്‍റെ ചുവടുപിടിച്ച് ഒരു പ്രചാരണം ഇപ്പോള്‍ സജീവമായിരിക്കുകയാണ്. ഇസ്രയേല്‍ നടിയും സൂപ്പര്‍ മോഡലുമായ ഗാൽ ഗാഡോട്ട് ഇസ്രയേലിന്‍റെ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തി എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം സഹിതം പ്രചരിക്കുന്നത്.
പ്രചാരണം
undefined
'സയണിസം പുതിയ നാസിസം' ആണ് എന്നെഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച് ഗാൽ ഗാഡോട്ട് തന്‍റെ പ്രതിഷേധം അറിയിക്കുന്നു എന്നുപറഞ്ഞാണ് ചിത്രം പലരും ഫേസ്‌ബുക്കും ട്വിറ്ററും അടങ്ങുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. 2023 നവംബര്‍ ആറിന് ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. മുമ്പ് ഇസ്രയേല്‍ സൈന്യത്തിന്‍റെ ഭാഗമായിരുന്ന ഗാൽ ഗാഡോട്ട് ഇത്തരമൊരു പ്രതിഷേധം നടത്തിയതായി ചിത്രം പുറത്തുവന്നത് ഏവരേയും അതിശയിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ പലര്‍ക്കും ഈ ചിത്രം വിശ്വസിക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ചിത്രവും പ്രചാരണവും ശരി തന്നെയോ എന്ന് പരിശോധിക്കാം.
വസ്‌തുത
ഗാൽ ഗാഡോട്ടിന്‍റെ തന്നെ അഞ്ച് വര്‍ഷം പഴക്കമുള്ള ഒരു ചിത്രത്തില്‍ പോസ്റ്റര്‍ ഭാഗം എഡിറ്റ് ചെയ്‌താണ് വൈറല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വസ്‌തുത. #WeRemember എന്ന ഹാഷ്‌ടാഗ് എഴുതിയ പോസ്റ്റര്‍ പിടിച്ചിരിക്കുന്ന ഒരു ചിത്രം 2018 ജനുവരി 27ന് ഗാൽ ഗാഡോട്ട് തന്‍റെ വെരിഫൈഡ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിലെ #WeRemember എന്ന എഴുത്ത് മായിച്ച് പകരം ZIONISM is the new NAZISM എന്നെഴുതി കൃത്രിമമായി തയ്യാറാക്കിയ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഗാൽ ഗാഡോട്ടിന്‍റെ 2018ലെ ഇന്‍സ്റ്റ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ.
ഹോളിവുഡ് സിനിമകളില്‍ അമാനുഷിക വനിതയായി വേഷമിട്ടിട്ടുള്ള പ്രശസ്‌ത ഇസ്രയേലി നടിയും മോഡലുമാണ് ഗാൽ ഗാഡോട്ട്. മുമ്പ് രണ്ട് വര്‍ഷം ഇസ്രയേലില്‍ നിര്‍ബന്ധിത സൈനിക സേവനം ഗാഡോട്ട് ചെയ്‌തിരുന്നു. ഗാഡോട്ടിന്‍റെ പേരില്‍ മുമ്പും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണമുണ്ടായിരുന്നു.
Read more: ഹമാസിനെതിരായ യുദ്ധം; ഇസ്രയേല്‍ നടിയും സൂപ്പര്‍ മോഡലുമായ ഗാൽ ഗാഡോട്ട് സൈന്യത്തില്‍ ചേര്‍ന്നോ?