അകായ്‌യുടെ ഫോട്ടോകള്‍ എന്ന അവകാശവാദത്തോടെ ഒരു കൊളാഷ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്
ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാം കുഞ്ഞ് 2024 ഫെബ്രുവരി മധ്യേ പിറന്നിരുന്നു. 'അകായ്' എന്നാണ് ആണ്‍കുട്ടിക്ക് ഇരുവരും പേര് നല്‍കിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ കോലിയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. എന്നാല്‍ കുഞ്ഞിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിക്കണമെന്ന് കോലി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വിരുഷ്‌കയുടെ രണ്ടാം കുട്ടിയുടെ ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നോ? അകായ്‌യുടെ ഫോട്ടോകള്‍ എന്ന അവകാശവാദത്തോടെ ഒരു കൊളാഷ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ വസ്‌തുത നോക്കാം.
പ്രചാരണം
undefined
അനുഷ്‌ക ശര്‍മ്മ ഒരു കുഞ്ഞ് കുട്ടിയുമായി ആശുപത്രിയില്‍ കിടക്കുന്നതിന്‍റെയും കുട്ടിയെ എടുത്തിരിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കൊളാഷ് രൂപത്തില്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റയില്‍ ചിത്രങ്ങള്‍ സഹിതം പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് ഇതിനകം രണ്ട് ലക്ഷത്തോളം ലൈക്കുകളാണ് കിട്ടിയത്. എന്നാല്‍ പോസ്റ്റില്‍ കാണുന്ന ചിത്രങ്ങള്‍ വ്യാജമാണെന്നും എഡിറ്റ് ചെയ്‌ത് നിര്‍മിച്ചവയാണെന്നും നിരവധിയാളുകള്‍ കമന്‍റ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതിനാല്‍ വസ്‌തുത പരിശോധിക്കാം.
വസ്‌തുതാ പരിശോധന
ചിത്രങ്ങളുടെ സത്യാവസ്ഥ മനസിലാക്കാന്‍ ഫോട്ടോകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഈ പരിശോധനയില്‍ ആദ്യ ചിത്രത്തിന്‍റെതായി ലഭിച്ച ഫലം പറയുന്നത് ഫോട്ടോയിലുള്ളത് അനുഷ്‌ക ശര്‍മ്മ അല്ലായെന്നും ഗുസ്‌തി താരം ബബിത ഫോഗട്ടാണ് എന്നുമാണ്. ഫോട്ടോ ബബിത തന്നെ മുമ്പ് ട്വീറ്റ് ചെയ്‌തതാണ്. ബബിത ഫോഗോട്ടിന്‍റെ ചിത്രത്തിലേക്ക് അനുഷ്‌കയുടെ തല വെട്ടിയൊട്ടിച്ചാണ് വൈറല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
അനുഷ്ക ശര്‍മ്മയും രണ്ടാം കുട്ടിയും എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന മറ്റൊരു ചിത്രമാവട്ടെ 2018 ഫെബ്രുവരി 14ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നല്‍കിയിട്ടുള്ളതാണ്. ഇതിനും രണ്ട് വര്‍ഷം മുമ്പ് 2016ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ചിത്രമാണിത്. ഇതില്‍ കാണുന്നത് അനുഷ്ക ശര്‍മ്മ അല്ല.
മറ്റൊരു ചിത്രമാവട്ടെ അനുഷ്ക ശര്‍മ്മ ആദ്യ കുട്ടിയായ വാമികയ്ക്ക് ഒപ്പം സമയം ചിലവഴിക്കുന്നതിന്‍റെതാണ്. ഈ ചിത്രം തന്നെ 2021 ഒക്ടോബര്‍ 13ന് ഇന്‍സ്റ്റയില്‍ പങ്കുവെച്ചതാണ്.
അനുഷ്‌ക ആശുപത്രിയില്‍ കിടക്കുന്നതായുള്ള ഫോട്ടോ നടി സോം കപൂറിന് കുഞ്ഞ് പിറന്നപ്പോഴുള്ളതാണ്. ഇവിടെ സോനത്തിന്‍റെ മുഖത്തിന് പകരം അനുഷ്കയുടെ ചിത്രം ചേര്‍ത്താണ് വ്യാജ ചിത്രം തയ്യാറാക്കിയിരുന്നത്.
നിഗമനം
ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്കും പിറന്ന രണ്ടാം കുഞ്ഞിന്‍റെ ചിത്രങ്ങള്‍ എന്ന അവകാശവാദത്തോടെയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. അകായ് എന്ന് പേരിട്ടിരിക്കുന്ന ആണ്‍കുട്ടിയുടെ ചിത്രങ്ങളല്ല ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം