'വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? 500 രൂപ വരെ നേടാം'; വൈറല്‍ സന്ദേശം സത്യമോ

By Web Team  |  First Published Oct 7, 2020, 8:06 PM IST

നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ!. ഒരു വെബ്‌സൈറ്റിന്‍റെ ലിങ്ക് സഹിതമാണ് ഈ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.


തിരുവനന്തപുരം: കേരളത്തിലെ വാട്‌സ്‌ആപ്പ് സ്റ്റാറ്റുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ഒരു വൈറല്‍ സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടെങ്കില്‍ 500 രൂപ വരെ നേടാം എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഈ സന്ദേശം കണ്ട് പിന്നാലെകൂടിയവര്‍ ഇപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴയുകയാണ്. വൈറല്‍ സന്ദേശത്തില്‍ പറയുന്നതുപോലെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വഴി ധാരാളം പണം കീശയിലാക്കാന്‍ കഴിയുമോ? 

സന്ദേശത്തില്‍ പറയുന്നത്

Latest Videos

undefined

നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ!. ഒരു വെബ്‌സൈറ്റിന്‍റെ ലിങ്ക് (https://www.keralaonline.work/register.php#) സഹിതമാണ് ഈ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. #parttimejob #keralaonlinework #verified എന്നീ ഹാഷ്‌ടാഗുകളും ഒപ്പമുണ്ടായിരുന്നു. 

വെളിച്ചത്തുവരുന്നത് ഞെട്ടിക്കുന്ന വസ്‌തുതകള്‍

വൈറല്‍ സന്ദേശത്തില്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍ എന്നാണ് വ്യക്തമാകുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ് ഈ വെബ്‌സൈറ്റ്. വൈറല്‍ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ എത്തുന്നത് ഫോണ്‍ നമ്പറും ജില്ലയും രജിസ്റ്റര്‍ ചെയ്യാനുള്ള ഒരു പേജിലേക്ക്(സ്‌ക്രീന്‍ഷോട്ട് ചുവടെ).

 

വെബ്‌സൈറ്റില്‍ പറയുന്ന നാല് കാര്യങ്ങള്‍... 

1. നിങ്ങളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ലഭിക്കുന്ന Views-ന്റെ സ്ക്രീൻഷോട്ട് ആവശ്യപ്പെട്ടാൽ കാണിക്കേണ്ടതാണ്.

2. 30 Views-ൽ കുറവുള്ള സ്റ്റാറ്റസുകൾ പരിഗണിക്കുന്നതല്ല.

3. ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകൾ വരെ ഷെയർ ചെയ്യാവുന്നതാണ്.

4. Google Pay, PhonePe, PayTm വഴി മാത്രമേ Withdrawal അനുവദിക്കുകയുള്ളു. ഓരോ ശനിയാഴ്ച്ചകളിലും Pay Out ഉണ്ടാകും.

സംശയമുയര്‍ത്തി നിരവധി പിഴവുകള്‍

1. എല്ലാ വെബ്‌സൈറ്റുകളിലും നല്‍കാറുന്ന അടിസ്ഥാന വിവരങ്ങളൊന്നും ഈ സൈറ്റില്‍ എവിടെയുമില്ല. ഈ വെബ്‌സൈറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളോ(About), ഫോണ്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ(Contact) ഒന്നുംതന്നെ നല്‍കിയിട്ടില്ല. 

2. ഫോണ്‍ നമ്പറും ജില്ലയും നല്‍കി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വെരിഫിക്കേഷന്‍ കോഡ് വരുമെന്നാണ് പറയുന്നത്. എന്നാല്‍ കോഡ് ലഭിച്ചവരില്ല. വെരിഫിക്കേഷന്‍ കോഡ് ലഭിച്ചില്ല എന്ന് നിരവധി പേര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വെരിഫിക്കേഷന്‍ കോഡിനായി ക്ലിക്ക് ചെയ്‌തപ്പോള്‍ പോപ്‌-അപ് പരസ്യത്തിലേക്കാണ് ലിങ്ക് എത്തിയത്. പോപ്‌-അപ് പരസ്യത്തില്‍ നല്‍കിയിരിക്കുന്നതാവട്ടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ആപ്ലിക്കേഷനുകളും.  

3. രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പറിലേക്ക് 24 മണിക്കൂറിനുള്ളില്‍ സന്ദേശം വരുമെന്ന് പറഞ്ഞു. അതും വന്നില്ല എന്ന് പലരും പരാതി ഉന്നയിക്കുന്നു. 

4. Terms and Conditionsല്‍ കാര്യമായ വിവരങ്ങളൊന്നുമില്ല. ഇതോടെയാണ് രജിസ്റ്റര്‍ ചെയ്തവര്‍ സംശയത്തിലായത്. 

(രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിച്ച പോപ്‌-അപ് പരസ്യത്തിന്‍റെ സ്‌ക്രീന്‍ഷോട്ട്)

സംശയം ജനിപ്പിച്ച് ഡൊമൈന്‍ വിവരങ്ങളും

ഈ വെബ്‌സൈറ്റിന്‍റെ ഡൊമൈന്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായ വിവരങ്ങളും നിഗുഢതയ്‌ക്ക് കൂടുതല്‍ തെളിവാകുന്നു...

ഒക്‌ടോബര്‍ 10-ാം തീയതിയാണ് ഈ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിനകം ഈ സന്ദേശം വൈറലാവുകയും ചെയ്തു. 2021 ഒക്‌ടോബര്‍ 10 വരെയാണ് ഡൊമൈന്‍ കാലാവധി. ഐപി ലൊക്കേഷന്‍ ലഭ്യമായിരിക്കുന്നത് കാനഡയിലും. വെബ്‌സൈറ്റിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളെല്ലാം മറച്ചുവെച്ച നിലയിലാണ്. ഇതും സൈറ്റിന്‍റെ ആധികാരികത ചോദ്യചിഹ്നമാക്കുന്നു. 

 

നിഗമനം

തെരഞ്ഞെടുപ്പ്, മണിചെയിന്‍, പുതിയ ഉല്‍പന്നങ്ങളുടെ പ്രൊമോഷന്‍ എന്നിവയ്‌ക്കായുള്ള വിവരശേഖരണത്തിനാവാം ഈ വെബ്‌സൈറ്റ് എന്ന് സൈബര്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു. സൈറ്റിലെ പോപ്-അപ് പരസ്യത്തിലൂടെ വരുമാനം നേടാനാണ് ശ്രമം എന്ന സംശയവും ഐടി വിദഗ്ധര്‍ സജീവമായി പങ്കുവെക്കുന്നുണ്ട്. വൈറല്‍ സന്ദേശം കണ്ട് ഇപ്പോള്‍ തലവയ്‌ക്കേണ്ടതില്ല എന്ന് വ്യക്തം.

 

 

click me!