പേര് യശോദ, അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് 51 ലക്ഷം രൂപ നല്‍കിയ സ്ത്രീയുടെ ചിത്രമോ ഇത്? വസ്തുത അറിയാം

By Jomit Jose  |  First Published Jan 24, 2024, 10:20 AM IST

ഈ അവകാശവാദത്തോടെയുള്ള പോസ്റ്റുകള്‍ എഫ്ബിയില്‍ നിറയുന്ന പശ്ചാത്തലത്തില്‍ യാഥാര്‍ഥ്യം എന്താണ് എന്ന് വിശദമായി പരിശോധിക്കാം


അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിര്‍മാണത്തിനായി നിരവധിയാളുകള്‍ സംഭാവന നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ കര്‍മ്മ ദിനത്തിലും വലിയ പ്രഖ്യാപനങ്ങളുണ്ടായി. ഈ സാഹചര്യത്തില്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു സന്ദേശം വൈറലാണ്. 51 ലക്ഷം രൂപ ഒരു വൃദ്ധ സ്ത്രീ അയോധ്യയിലെ രാമക്ഷേത്രത്തിന് സമര്‍പ്പിച്ചു എന്നാണ് മലയാളത്തിലുള്ള വിവിധ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നത്. ഈ അവകാശവാദത്തോടെയുള്ള പോസ്റ്റുകള്‍ എഫ്ബിയില്‍ നിറയുന്ന പശ്ചാത്തലത്തില്‍ യാഥാര്‍ഥ്യം എന്താണ് എന്ന് വിശദമായി പരിശോധിക്കാം. നിലത്തിരിക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രം സഹിതമാണ് പ്രചാരണമെല്ലാം. 

പ്രചാരണം

Latest Videos

undefined

വിനു വിനോദ് ടിവിഎം എന്ന വ്യക്തി 2024 ജനുവരി 21ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത രണ്ട് സ്ത്രീകളുടെ ചിത്രത്തിനൊപ്പമുള്ള വിവരണം ഇങ്ങനെ...

'ആ മഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നത് യശോദ 👇അവർക്ക് 20 വയസ്സ് ഉള്ളപ്പോൾ ഭർത്താവ് മരണപ്പെട്ടു. തനിച്ചായ യശോദ വൃന്ദാവനത്തിൽ ദർശനത്തിന് പോകുന്ന ഭക്തന്മാരുടെ പാദരക്ഷകൾ സംരക്ഷിക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടു. ദർശനം കഴിഞ്ഞ് തിരിച്ചു വരുന്ന ഭക്തർ നൽകുന്ന ചെറിയ തുക 30 വർഷം കൂട്ടിവെച്ച് അവർ 51 ലക്ഷം രൂപ സമാഹരിച്ചു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന വാർത്തയറിഞ്ഞ യശോദ 51,10,025 രൂപ അമ്പലത്തിനായി സമർപ്പിച്ചു🙏 എല്ലാവരുടേയും രാമൻ എല്ലായിടത്തും രാമൻ'.

സമാന പോസ്റ്റ് മറ്റ് നിരവധിയാളുകളും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളതായി കാണാം. അവയുടെ ലിങ്കുകള്‍ 1, 2, 3, 4 എന്നിവയില്‍ വായിക്കാം. 

വിവിധ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍

വസ്‌തുതാ പരിശോധന

ഫേസ്‌ബുക്ക് പ്രചാരണത്തിന്‍റെ വസ്തുത എന്താണ് എന്നറിയാന്‍ പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ചെയ്തത്. മലയാളത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന് സമാനമായി ഇംഗ്ലീഷില്‍ എക്‌സിലും ഇതേ പ്രചാരണം നടക്കുന്നതായി ഈ പരിശോധനയില്‍ മനസിലായി. 2024 ജനുവരി 20നാണ് ഇത്തരമൊരു ട്വീറ്റ് പ്രത്യേക്ഷപ്പെട്ടത്.

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ

എന്നാല്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ലഭിച്ച മറ്റൊരു ഫലം പറയുന്നത് വൈറല്‍ പോസ്റ്റുകളിലുള്ള ചിത്രം 2020 സെപ്റ്റംബര്‍ 23ന്, അതായത് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്നതിന് മൂന്ന് വര്‍ഷത്തിലധികം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതാണ് എന്നാണ്. അന്ന് ഫോട്ടോ സഹിതം പങ്കുവെച്ചിട്ടുള്ള എഫ്ബി പോസ്റ്റില്‍ പറയുന്നത് 51,02,050 രൂപയില്‍ 40,00,000 രൂപ ഗോശാല നിര്‍മിക്കാന്‍ യശോദ എന്ന സ്ത്രീ നല്‍കിയെന്നാണ്. ഇതോടെ ഈ ഫോട്ടോ വര്‍ഷങ്ങള്‍ പഴക്കമുള്ളതും 2024 ജനുവരി 22ന് നടന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മവുമായി ബന്ധമില്ലാത്തതുമാണ് എന്ന് വ്യക്തമായി. 

2020ലെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സമാന ചിത്രം കാണാം

ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കാന്‍ കീവേഡ് സെര്‍ച്ചും നടത്തി. ഇതില്‍ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2017 മെയ് 26ന് പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടെത്താനായി. മധ്യപ്രദേശിലെ കത്നിയില്‍ നിന്നുള്ള 70 വയസുകാരിയായ വിധവ ഫൂല്‍വതി ഗോശാല നിര്‍മിക്കാന്‍ 40 ലക്ഷം രൂപ നല്‍കി എന്നാണ് ഈ വാര്‍ത്ത. ഭര്‍ത്താവിന്‍റെ മരണ ശേഷം ഫൂല്‍വതി മഥുരയിലേക്ക് 1982ല്‍ വരികയായിരുന്നു. ബാങ്കേ ബിഹാരി ക്ഷേത്രത്തില്‍ എത്തുന്നവരുടെ ഷൂസുകള്‍ രണ്ടാം നമ്പര്‍ ഗേറ്റില്‍ സൂക്ഷിക്കുന്ന തൊഴിലെടുത്തും കത്നിയിലുള്ള വസ്തു വിറ്റ് സമാഹരിച്ച തുകയും ചേര്‍ത്താണ് ഫൂല്‍വതി ഇത്രയും വലിയ തുക സമാഹരിച്ചത് എന്ന് വാര്‍ത്തയില്‍ വിശദമാക്കുന്നു.

അയോധ്യയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വൈറല്‍ സന്ദേശങ്ങളില്‍ പറയുന്നത് പോലെ യശോദ എന്നല്ല ഇവരുടെ പേര് എന്ന് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയില്‍ നിന്ന് ഉറപ്പിക്കാം. 

ചിത്രം- ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത

നിഗമനം

യശോദ എന്ന് പേരുള്ള വിധവ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയതായുള്ള പ്രചാരണം വ്യാജമാണ്. ഫൂല്‍വതി എന്ന സ്ത്രീയുടെ 2017 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം മലയാളത്തിലടക്കം തകൃതിയായി നടക്കുന്നത്. 

Read more: ബുർജ് ഖലീഫയിൽ ശ്രീരാമൻ്റെ ചിത്രം പ്രദർശിപ്പിച്ചോ? വ്യാപകമായ പ്രചാരണത്തിൻ്റെ സത്യം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!