Fact Check: ഡ്രൈവറില്ലാ ടാക്‌സി ചെന്നൈയില്‍! വൈറലായി വീഡിയോ, സംഭവം സത്യമോ

By Web Team  |  First Published Oct 27, 2023, 2:30 PM IST

ഡ്രൈവറില്ലാ ടാക്‌സി ലോകത്താദ്യമായി ചെന്നൈയില്‍ സര്‍വീസ് തുടങ്ങി എന്നാണ് വീഡിയോയുടെ തലക്കെട്ടില്‍ പറയുന്നത്


ചെന്നൈ: തമിഴ് സംസാരിക്കുന്ന ഒരു മുത്തശ്ശി ഡ്രൈവറില്ലാ ടാക്‌സി കാറില്‍ യാത്ര ചെയ്യുകയാണ്- സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ. ചെന്നൈയിലാണ് ഈ വാഹനമെന്നും ലോകത്തെ ആദ്യ ഡ്രൈവര്‍രഹിത ടാക്‌സി നഗരത്തില്‍ ഓടുന്നുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ അവകാശപ്പെടുന്നു. എന്താണ് ഈ വീഡിയോയുടെ വസ്‌തുത എന്ന് പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

'ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് ലോകത്താദ്യമായി ചെന്നൈയില്‍ തുടങ്ങി. ആസ്വദിക്കൂ യാത്ര' എന്ന തലക്കെട്ടോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഒരു മുത്തശ്ശിക്ക് അരികിലേക്ക് കാര്‍ വന്ന് നില്‍ക്കുന്നതും അവര്‍ അതില്‍ കയറുന്നതും വാഹനം ഡ്രൈവറില്ലാതെ അവരെ കൊണ്ട് യാത്ര പോകുന്നതും അഞ്ച് മിനുറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. ദൃശ്യങ്ങളില്‍ കാണുന്ന മുത്തശ്ശി തമിഴ് ഭാഷയിലാണ് സംസാരിക്കുന്നത്. ഡ്രൈവറില്ലാത്ത കാറിലാണ് പോകുന്നത് എന്ന് ഈ അമ്മൂമ്മ ക്യാമറയില്‍ നോക്കി പറയുന്നുണ്ട്. ലോകത്ത് ആദ്യമായാണ് ഡ്രൈവറില്ലാ ടാക്‌സി സൗകര്യം നടപ്പിലാക്കിയിരിക്കുന്നത് എന്നും മുത്തശ്ശി വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. കാഴ്‌ചക്കാരില്‍ വലിയ ആശ്ചര്യം സൃഷ്‌ടിക്കുന്നതാണ് വീഡിയോ. ഈ ഡ്രൈവറില്ലാ ടാക്‌സി ചെന്നൈയില്‍ തന്നെയോ എന്ന് പരിശോധിക്കാം. 

വസ്‌തുത

ഡ്രൈവറില്ലാ കാറുകളുടെ ടാക്‌സി ഇന്ത്യയില്‍ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ ഈ വീഡിയോ എവിടെ നിന്നാണ് എന്ന സംശയം വായനക്കാര്‍ക്ക് കാണും. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഒറിജിനല്‍ ‌ASK INFORMATION എന്ന യൂട്യൂബ് അക്കൗണ്ടില്‍ നിന്ന് 2023 സെപ്റ്റംബര്‍ എട്ടിന് അപ്‌ലോഡ് ചെയ്‌തിട്ടുള്ളതായി കാണാം. യുഎസ്എയിലെ ഡ്രൈവറില്ലാ ടാക്‌സി എന്നാണ് വീഡിയോയുടെ തലക്കെട്ട്. അമേരിക്കയില്‍ ഡ്രൈവറില്ലാ ടാക്‌സി നിലവില്‍ ഉപയോഗത്തിലുണ്ട്. 

Read more: അഭ്യുദയ സഹകരണ ബാങ്കിന്‍റെ ലൈസന്‍സ് ആര്‍ബിഐ എടുത്തുകളഞ്ഞതായി പ്രസ് റിലീസ്! Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!