പിണറായി വിജയനും ജയില്‍മോചിതനാവാന്‍ മാപ്പപേക്ഷിച്ചുകൊണ്ട് കത്ത് നല്‍കിയതായി ആരോപിച്ച് നിരവധി ഫേസ്‌ബുക്ക് പോസ്റ്റുകള്‍
തിരുവനന്തപുരം: വി ഡി സവര്‍ക്കറെ പോലെ പിണറായി വിജയനും ജയില്‍മോചിതനാവാന്‍ മാപ്പപേക്ഷ എഴുതി നല്‍കിയിരുന്നു എന്ന് സാമൂഹ്യമാധ്യമമായ ഫേസ്ബുക്കില്‍ ഒരു പ്രചാരണം ശക്തമാണ്. വി ഡി സവര്‍ക്കറുടെയും പിണറായി വിജയന്‍റെയും എന്നവകാശപ്പെടുന്ന കത്തുകളുടെ പകര്‍പ്പ് സഹിതമാണ് പ്രചാരണം. പ്രമുഖ സിപിഎം നേതാവും നിലവിലെ കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കത്തിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
undefined
വി ഡി സവര്‍ക്കറുടെയും പിണറായി വിജയന്‍റെതുമായി രണ്ട് കത്തുകളുടെ പകര്‍പ്പിന്‍റെ കൊളാഷാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. സവര്‍ക്കറുടെയും പിണറായി വിജയന്‍റെയും ചിത്രം സഹിതമുള്ള രണ്ട് എഴുത്തുകളാണ് കൊളാഷില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. ഈ കൊളാഷ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് കോൺഗ്രസ്സ് പുന്നയിക്കുന്നം എന്ന യൂസര്‍ 2024 ജനുവരി 10ന് ചെയ്ത പോസ്റ്റിന്‍റെ തലക്കെട്ട് ഇങ്ങനെ... 'മാറി പോകരുത്... ജയിലിൽ നിന്നും ഇറങ്ങുവാൻ മാപ്പപേക്ഷ എഴുതിയവർ 1 സവർക്കർ, 2 താമര വിജയൻ'. എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു.
ചിത്രം- കോൺഗ്രസ്സ് പുന്നയിക്കുന്നം ഫേസ്‌ബുക്ക് പോസ്റ്റ്
Raga Renjini, Shihab Karimpara, Shamee Maliyekkal, Deepa Higenus, കൊച്ചാപ്പ മലപ്പുറം, മലപ്പുറത്തെ യൂത്തൻമാർ, Sudhi Joseph തുടങ്ങി മറ്റ് നിരവധിയാളുകളും വി ഡി സവര്‍ക്കറും പിണറായി വിജയനും ജയില്‍മോചിതരാവാന്‍ മാപ്പപേക്ഷിച്ചുകൊണ്ട് കത്ത് നല്‍കിയതായി ആരോപിക്കുന്ന കൊളാഷ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. അവയുടെ സ്ക്രീന്‍ഷോട്ടുകളും ചുവടെ ചേര്‍ക്കുന്നു.
വസ്‌തുതാ പരിശോധന
സവര്‍ക്കറുടെയും പിണറായി വിജയന്‍റെയും പേരുകളില്‍ പ്രചരിക്കുന്ന കത്തുകള്‍ സത്യമോ എന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വസ്‌തുതാ പരിശോധന നടത്തി. സവര്‍ക്കറുടെ കത്ത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തി. ഇതില്‍ ലഭിച്ച ഫലങ്ങള്‍ സവര്‍ക്കറുടെ കത്തുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ജയില്‍ നിന്നുള്ള സവര്‍ക്കറുടെ മാപ്പപേക്ഷകളെ കുറിച്ച് ദേശീയ മാധ്യമമായ ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനവും ദി ക്വിന്‍റ് പബ്ലിഷ് ചെയ്‌ത ഫാക്ട് ചെക്ക് സ്റ്റോറിയും ലിങ്കുകളില്‍ വായിക്കാനാവുന്നതാണ്. സവര്‍ക്കറുടെ കത്തിന്‍റെ കോപ്പി ഫ്രണ്ട്‌ലൈന്‍ ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇരു മാധ്യമ റിപ്പോര്‍ട്ടുകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ.
പിണറായി വിജയന്‍ ജയില്‍ മോചിതനാവാന്‍ മാപ്പപേക്ഷ എഴുതി നല്‍കി എന്നാരോപിക്കപ്പെടുന്ന കത്തിന്‍റെ നിജസ്ഥിതി പരിശോധിക്കുകയാണ് അടുത്തതായി ചെയ്‌തത്. ഇതിനായി പിണറായിയുടെ പേരിലുള്ള കത്തിന്‍റെ വസ്‌തുത മനസിലാക്കാന്‍ കീവേഡ് പരിശോധന നടത്തി. ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമമായ ദി ന്യൂസ് മിനുറ്റ് 2018 മെയ് 20ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ഈ പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചു. ഫേസ്‌ബുക്കില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന കത്തിന്‍റെ പകര്‍പ്പ് ദി ന്യൂസ് മിനുറ്റിന്‍റെ വാര്‍ത്തയില്‍ കാണാം. എന്നാല്‍ ഫേസ്‌ബുക്കില്‍ പലരും ഉന്നയിക്കുന്നത് പോലെയല്ല പിണറായിയുടെ കത്തിന്‍റെ യാഥാര്‍ഥ്യം എന്ന് ഈ വാര്‍ത്തയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം മനസിലാക്കി.
ചിത്രം- ദി ന്യൂസ് മിനുറ്റ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
അമ്മയുടെ ചികില്‍സയ്ക്കായി തനിക്ക് പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ 1976 നവംബര്‍ 9ന് അടിയന്തിരാവസ്ഥാക്കാലത്ത് നല്‍കിയ കത്താണിത്. അടിയന്തിരാവസ്ഥയുടെ നാളുകളില്‍ കൂത്തുപറമ്പ് എംഎല്‍എയായിരുന്നു അദേഹം. അന്ന് പിണറായി വിജയനെ 'മിസ' തടവുകാരായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് അമ്മയുടെ അനാരോഗ്യം പരിഗണിച്ച് തനിക്ക് പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് പിണറായി ആഭ്യന്തര സെക്രട്ടറിക്ക് കത്തെഴുതിയത് എന്ന് ദി ന്യൂസ് മിനുറ്റിന്‍റെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു. ജയിലില്‍ വച്ച് പിണറായി മാപ്പിരക്കുകയായിരുന്നു എന്ന പ്രചാരണം വ്യാജമാണ് എന്ന് ഈ തെളിവുകളില്‍ നിന്ന് വ്യക്തം.
ചിത്രം- ദി ന്യൂസ് മിനുറ്റ് വാര്‍ത്തയിലെ ഉള്ളടക്കം
നിഗമനം
ജയിലില്‍ കിടക്കവെ പിണറായി വിജയന്‍ മാപ്പപേക്ഷ നല്‍കി എന്ന ഫേസ്‌ബുക്കിലെ പ്രചാരണം തെറ്റാണ്. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടപ്പോള്‍ അമ്മയുടെ ചികില്‍സക്കായി തനിക്ക് പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് പിണറായി എഴുതിയ കത്താണ് വി ഡി സവര്‍ക്കറുമായി താരതമ്യം ചെയ്തുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഫേസ്‌ബുക്കില്‍ നിരവധിയാളുകള്‍ പ്രചരിപ്പിക്കുന്നത്.
Read more: എല്ലാ ഇന്ത്യക്കാര്‍ക്കും അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ 2000 രൂപയോ? സത്യമിത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം