ഈഫല്‍ ടവറിന് തീപ്പിടിച്ചതായി 2024 ജനുവരി 15ന് മൂന്ന് ചിത്രങ്ങളോടെ പ്രത്യക്ഷപ്പെട്ട ട്വീറ്റിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്
പാരീസ്: ഫ്രാന്‍സിലെ പാരീസ് നഗരത്തിന്‍റെ മുഖമായി അറിയപ്പെടുന്ന നിര്‍മിതിയാണ് ഈഫല്‍ ടവര്‍. വര്‍ഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ വിശ്വ നിര്‍മിതി കാണാന്‍ പാരീസില്‍ എത്തുന്നത്. ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ഈഫല്‍ ടവറിന് തീപ്പിടിച്ചോ? ടവറില്‍ അഗ്നിബാധയുണ്ടായി എന്ന തരത്തില്‍ നിരവധി ചിത്രങ്ങളും വീഡിയോയുമാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പ്രചരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം.
This is true, the Eiffel Tower is on fire pic.twitter.com/UHRdj6401q
— they (@nguyenthey)പ്രചാരണം
undefined
ഈഫല്‍ ടവറിന് തീപ്പിടിച്ചതായി 2024 ജനുവരി 15ന് മൂന്ന് ചിത്രങ്ങളോടെ പ്രത്യക്ഷപ്പെട്ട ട്വീറ്റിലെ വിവരങ്ങള്‍ ഇങ്ങനെ. 'പാരീസിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന, ലോകത്തെ ഏറ്റവും മഹത്തായ സ്മാരകങ്ങളിലൊന്നായ ഈഫല്‍ ടവറിന് തീപ്പിടിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ക്ക് തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്' എന്നുമുള്ള കുറിപ്പോടെയാണ് മൂന്ന് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈഫല്‍ ടവറിന് തീപ്പിടിച്ചതായി ഈ ചിത്രങ്ങളില്‍ കാണാം. ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ.
ഈഫല്‍ ടവറിന് തീപ്പിടിച്ചതായി മറ്റനേകം ട്വീറ്റുകളുമുണ്ട്. ഈഫല്‍ ടവറിന്‍റെ ചിത്രങ്ങള്‍ മാത്രമല്ല, ഒരു വീഡിയോയും ഈ ട്വീറ്റുകള്‍ക്കൊപ്പം വൈറലാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പ്രത്യേക സാഹചര്യം പരിഗണിച്ച് പാരീസില്‍ മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകം ആശങ്കയോടെ ഈ കാഴ്ചകള്‍ കാണുകയാണ് എന്നുമൊക്കെ ട്വീറ്റുകളിലെ വിവരണങ്ങളില്‍ പറയുന്നു.
ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
വസ്തുതാ പരിശോധന
എന്നാല്‍ ഈഫല്‍ ടവറിന് തീപ്പിടിച്ചതായി പറയുന്ന ട്വീറ്റുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ അവയിലൊന്നില്‍ ഈഫലിന് തീപ്പിടിച്ചിട്ടില്ല എന്നും, കൃത്രിമമായി തയ്യാറാക്കിയ ഫോട്ടോകളും വീഡിയോകളുമാണ് പ്രചരിക്കുന്നത് എന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് കാണാനായി. അതേസമയം ടിക്‌ടോക് വീഡിയോയില്‍ നിന്നുള്ള ഭാഗമാണ് എക്സില്‍ പ്രചരിക്കുന്നത് എന്ന് മറ്റൊരു ട്വീറ്റിലും കാണാനായി. ഭാവനയില്‍ സൃഷ്ടിച്ചതാണ് ഈ തീപ്പിടുത്തം എന്നും ഈഫലില്‍ തീപ്പിടുത്തമുണ്ടായിട്ടില്ല എന്നും മറ്റ് ട്വിറ്റര്‍ ഉപയോക്താക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും കണ്ടെത്താനായി. ഈഫലിലെ തീപ്പിടുത്തം എന്ന തരത്തില്‍ പ്രചരിക്കുന്ന കഥ കള്ളമാണ് എന്ന് ഇതോടെ സൂചന ലഭിച്ചു.
ഇക്കാര്യം ഉറപ്പിക്കാനായി ഈഫല്‍ ടവറിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റും, സാമൂഹ്യമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചു. ഇവയിലൊന്നും ടവറില്‍ തീപ്പിടിച്ചതായി വാര്‍ത്തകളൊന്നും കാണാനായില്ല. മാത്രമല്ല. ഈഫലില്‍ തീപിടിച്ചാല്‍ അത് ആഗോള വാര്‍ത്തയാവേണ്ടതാണ്. എന്നാല്‍ കീവേഡ് സെര്‍ച്ചില്‍ തീപ്പിടുത്തം സംബന്ധിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചില്ല. ഈഫല്‍ ടവറിന്‍റെ ഏറ്റവും പുതിയ ദൃശ്യം അധികൃതര്‍ 2024 ജനുവരി 19ന് ട്വീറ്റ് ചെയ്തപ്പോള്‍ തീപ്പിടിച്ചതിന്‍റെ ലക്ഷണമൊന്നും അവിടെ കാണാനുമില്ല. ഈഫല്‍ ടവറിന് തീപ്പിടിച്ചു എന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ് എന്ന് ഈ സൂചനകളില്‍ നിന്ന് ഉറപ്പിക്കാം.
🇫🇷 En passe de devenir la Reine des Neiges 🥶
🌐 Frozen 🥶 pic.twitter.com/nNRvtvq7hS
നിഗമനം
പാരീസിലെ ഈഫല്‍ ടവറിന് തീപ്പിടിച്ചതായി പ്രചരിക്കുന്ന വീഡിയോയും ചിത്രങ്ങളും വ്യാജമാണ്. ഈഫലിന് തീപ്പിടിച്ചതായി ഒരു സംഭവം ഈയടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read more: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ ജോലി, പ്രതിഫലം 28000 രൂപ എന്ന വാഗ്ദാനം ശരിയോ? സത്യമിത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം