വൈറലായി രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ; ഓസ്ട്രേലിയന്‍ ടൂറിസ്റ്റ് പകര്‍ത്തിയ ചിത്രത്തിന് പിന്നില്‍? Fact Check

By Jomit Jose  |  First Published Oct 2, 2023, 11:06 AM IST

ഈ വൈറല്‍ ചിത്രവും എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ആണോ അതോ യഥാര്‍ഥമോ?


എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ നരേന്ദ്ര മോദിയുടെ ഒരു ചിത്രം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ചിത്രം കര്‍ണാടകയിലെ ഗോകര്‍ണത്ത് നിന്ന് ഫ്രഞ്ച് ടൂറിസ്റ്റ് പകര്‍ത്തിയതാണ് എന്നായിരുന്നു പ്രചാരണം. കടല്‍ത്തീരത്തെ തെങ്ങുകളും ആകാശത്തെ മേഘങ്ങളും ചേര്‍ന്ന് മോദിയുടെ രൂപത്തിലുള്ള ചിത്രം പ്രകൃതിയാലൊരുക്കി എന്നായിരുന്നു ചിത്രം സഹിതമുള്ള പ്രചാരണം. ഇതിനോട് സാമ്യമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഈ വൈറല്‍ ചിത്രവും എഐ ആണോ അതോ യഥാര്‍ഥമോ? ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ഇക്കാര്യം പരിശോധിച്ചു. 

Latest Videos

undefined

പ്രചാരണം

ഗോവയിലെ കോള്‍വ ബീച്ചില്‍ നിന്ന് ഓസ്ട്രേലിയന്‍ ടൂറിസ്റ്റ് പകര്‍ത്തിയതാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രമെന്നാണ് Ductar Fakir 2.0 എന്ന യൂസര്‍ ട്വീറ്റ് ചെയ്‌തത്. സെപ്റ്റംബര്‍ 27-ാം തിയതിയായിരുന്നു ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് എല്ലാവരിലേക്കും ഷെയര്‍ ചെയ്യാനുള്ള ആഹ്വാനവും ട്വീറ്റിനൊപ്പമുണ്ടായിരുന്നു. മൂന്ന് ലക്ഷത്തിലേറെ പേര്‍ ഈ ചിത്രം ഇതിനകം കണ്ടു. ഗോവയിലെ കോള്‍വ ബീച്ചില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണോ ഇതെന്ന് നമുക്ക് നോക്കാം. 

This photograph was clicked by a Australian Tourist in Colva beach, South Goa & it's a 'message to entire Planet Earth by mother Nature'. 🏞️

RT and share it maximum !! pic.twitter.com/Scmb3ugmP6

— Ductar Fakir 2.0 (@Chacha_huu)

വസ്‌തുത

രാഹുല്‍ ഗാന്ധിയുടേതായി പ്രചരിക്കുന്ന ചിത്രവും എഐ സാങ്കേതിക വിദ്യയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സഹായത്തോടെ തയ്യാറാക്കിയതാണ് എന്നതാണ് വസ്‌തുത. ഇക്കാര്യം ട്വീറ്റ് ചെയ്‌തയാള്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. നരേന്ദ്ര മോദിയുടെ എഐ ചിത്രത്തെ പൊളിക്കാന്‍ തമാശരൂപേഷ ചെയ്തതാണ് ഈ ട്വീറ്റ് എന്നും ഇയാള്‍ പിന്നീടൊരു ട്വീറ്റിലൂടെ വിശദീകരിക്കുന്നു. എന്നാല്‍ ചിത്രം കണ്ട് ചിലരെങ്കിലും വിശ്വസിച്ചു എന്നതാണ് സത്യം. ഏറെ തമാശകള്‍ പങ്കുവെക്കപ്പെടുന്ന പാരഡി ട്വിറ്റര്‍ അക്കൗണ്ടാണിത് എന്നും പരിശോധിച്ചപ്പോള്‍ വ്യക്തമായി. ഇതോടെ, രാഹുല്‍ ഗാന്ധിയുടേതായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മാര്‍ഗത്തിലൂടെ തയ്യാറാക്കിയ ഗ്രാഫിക്‌സാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. 

വിശദീകരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്

Read more: തെങ്ങോലകള്‍ക്കിടയിലെ മോദി ചാരുത; ചിത്രം യഥാര്‍ഥമോ വരച്ചതോ എന്ന് ഇനി സംശയം വേണ്ടാ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!