Fact Check: 'ഹൈപ്പര്‍‌ടെന്‍ഷനെ കുറിച്ച് ഇനി ടെന്‍ഷന്‍ വേണ്ട, അത്ഭുത മരുന്നുമായി എയിംസ്' എന്ന് ലേഖനം! വസ്‌തുത

By Web Team  |  First Published Nov 11, 2023, 8:04 AM IST

ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഹൈപ്പര്‍‌ടെന്‍ഷനെ നേരിടാനുള്ള മരുന്നിനെ കുറിച്ച് പറയുന്നത് എന്നാണ് പ്രചാരണം


ദില്ലി: ഹൈപ്പര്‍‌ടെന്‍ഷന്‍ നിരവധി പേരെ കുഴക്കുന്ന രോഗാവസ്ഥകളിലൊന്നാണ്. ഏറെക്കാലം മരുന്നുകള്‍ കഴിക്കുന്നതിന് പകരം ഒരൊറ്റ മരുന്ന് കൊണ്ട് ഹൈപ്പര്‍‌‌ടെന്‍ഷന്‍ ഇല്ലാണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ ആശ്വാസമായിരിക്കില്ലേ. ഇത്തരത്തില്‍ ഹൈപ്പര്‍‌ടെന്‍ഷന്‍ മാറ്റാന്‍ കഴിയുന്ന ഒരു അത്ഭുത മരുന്ന് ദില്ലിയിലെ എയിംസ് (All India Institute of Medical Sciences) കണ്ടെത്തിയെന്നും ഓണ്‍ലൈനായി വില്‍ക്കുന്നു എന്നുമാണ് ഒരു ലേഖനം പറയുന്നത്. എന്നാല്‍ ഈ ലേഖനവും മരുന്നും കെട്ടുകഥ മാത്രമാണ് എന്ന ഞെട്ടിക്കുന്ന വസ്‌തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പ്രചാരണം

Latest Videos

undefined

ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഹൈപ്പര്‍‌ടെന്‍ഷനെ നേരിടാനുള്ള മരുന്നിനെ കുറിച്ച് പറയുന്നത് എന്നാണ് പ്രചാരണം. ഈ മരുന്ന് രക്തസമ്മര്‍ദം അനായാസം നിയന്ത്രിക്കുമെന്ന് ലേഖനത്തില്‍ അവകാശപ്പെടുന്നു.

ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ട്

ഈ ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ട് ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. 'എന്തുകൊണ്ടാണ് ഫാര്‍മസികള്‍ ഇതിനെ കുറിച്ച് നിശബ്‌ദരായിരിക്കുന്നത്. ഹൈപ്പര്‍‌ടെന്‍ഷന്‍ എന്നേക്കുമായി ഇല്ലാതാകും. നമ്മുടെ ഏറ്റവും മികച്ച ശാസ്‌ത്രഞ്ജര്‍ വലിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നു' എന്ന എഴുത്തും ഇന്ത്യാ ടുഡേയുടേത് എന്ന് അവകാശപ്പെടുന്ന സ്ക്രീന്‍ഷോട്ടിനോടൊപ്പമുണ്ട്. 

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

എന്നാല്‍ ഇന്ത്യാ ടുഡേയോട് സാമ്യമുള്ള വെബ്‌സൈറ്റിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എങ്കിലും ഇതിന് ഇന്ത്യാ ടുഡേയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്‌തുത. അതിനാല്‍ തന്നെ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ലേഖനം എന്ന് പറയുന്നതില്‍ പിശകുണ്ട്. ഇന്ത്യാ ടുഡേ വെബ്സൈറ്റിന്‍റെ വിലാസം https://www.indiatoday.in/ എന്നാണെങ്കില്‍ പാരഡി വെബ്സൈറ്റിന്‍റെ യുആര്‍എല്‍ https://inecuruhi.shop/ എന്നാണ്.

മാത്രമല്ല, തങ്ങളുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് ഇന്ത്യാ ടുഡേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദില്ലി എയിംസ് അധികൃതരുടെ പ്രതികരണം സഹിതമാണ് അത്ഭുത മരുന്നിനെ കുറിച്ചുള്ള വാര്‍ത്ത ഇന്ത്യാ ടുഡേ നിഷേധിച്ചിരിക്കുന്നത്. ലേഖനത്തില്‍ പറയുന്നത് പോലെയൊരു അത്ഭുത മരുന്ന് ഇല്ലായെന്ന് എയിംസ് വക്‌താവ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ലേഖനം വന്നതായി പറയുന്ന വെബ്‌സൈറ്റ് വ്യാജമാണ് എന്നും ഇതിലൂടെ നടക്കുന്നത് തട്ടിപ്പാണ് എന്നുകൂടിയും ഇന്ത്യാ ടുഡേ ഫാക്ട് ചെക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

Read more: സംഘര്‍ഷത്തിനിടെ ഇസ്രയേലും-പലസ്‌തീനും ഫുട്ബോള്‍ മൈതാനത്ത് കൊമ്പുകോര്‍ക്കുന്നു? സത്യമിത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!