ഇല്ല, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്‍റെ ഹോട്ടല്‍ മൊറോക്കോ ഭൂകമ്പ ബാധിതര്‍ക്കായി തുറന്നുകൊടുത്തിട്ടില്ല!

By Jomit Jose  |  First Published Sep 13, 2023, 2:15 PM IST

മൊറോക്കോന്‍ ഭൂകമ്പ ദുരന്തബാധിതര്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെസ്റ്റാന സിആര്‍7 മരാക്കേഷ് ഹോട്ടല്‍ സൗജന്യ താമസമൊരുക്കുന്നു എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത


മരാക്കേഷ്: അതിശക്തമായ ഭൂകമ്പത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് മൊറോക്കോ. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇതുവരെ മൂവായിരത്തോളം പേരുടെ ജീവനെടുത്തു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയും അനേകര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. മൊറോക്കോയിലെ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെത്തിയ ഒരു ആശ്വാസ വാര്‍ത്ത പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. 

മൊറോക്കോന്‍ ദുരന്തബാധിതര്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെസ്റ്റാന സിആര്‍7 മരാക്കേഷ് ഹോട്ടല്‍ സൗജന്യ താമസമൊരുക്കുന്നു എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയില്‍ മൊറോക്കോയിലെ മരാക്കേഷ് നഗരത്തിലുള്ള ഹോട്ടലാണിത്. ഭൂകമ്പം കനത്ത നാശം വിതച്ച നഗരമാണ് മരാക്കേഷ്. മാര്‍ക്ക, സ്പോര്‍ട്‌ബൈബളില്‍ അടക്കമുള്ള പല ഫുട്ബോള്‍ മാധ്യമങ്ങളും സിആര്‍7ന്‍റെ ഹോട്ടല്‍ കാര്യം വാര്‍ത്തയാക്കി. ചില മലയാളം ഓണ്‍ലൈനുകളും ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ക്രിസ്റ്റ്യാനോ ലോകത്തിന് മാതൃകയായി എന്നുപറഞ്ഞ് ഏറെപ്പേര്‍ അദേഹത്തെ പ്രശംസിച്ചു.

Latest Videos

undefined

സോഷ്യല്‍ മീഡിയയിലും വലിയ പ്രചാരമാണ് ഈ വാര്‍ത്ത നേടിയത്. 'ലോകത്തെ നടുക്കിയ മൊറോക്കോ ഭൂകമ്പത്തിന് ഇരയായവർക്ക് മരാക്കേഷിലുള്ള തന്‍റെ സ്റ്റാർ ഹോട്ടൽ വിട്ടുനൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ മാതൃകയായി. ആയിരത്തോളം പേർ മരണത്തിന് കീഴടങ്ങിയ ഭൂകമ്പത്തിൽ റൊണാൾഡോയുടെ സഹായത്തിന് ലോകം കയ്യടിക്കുകയാണ്. ഫാനിസം മാറ്റി കൈയ്യടിക്കാം ഈ റൊണാൾഡോയുടെ പ്രവർത്തിയെ'... എന്നുമായിരുന്നു ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്

വസ്‌തുത

എന്നാല്‍ പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തത് പോലെയല്ല വാര്‍ത്തയുടെ വാസ്‌തവം. മൊറോക്കോയിലെ ഭൂകമ്പ ബാധിതര്‍ക്ക് മരാക്കേഷിലെ സിആര്‍7 ഹോട്ടല്‍ താമസമൊരുക്കുന്നതായുള്ള വാര്‍ത്ത ഹോട്ടല്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട് എന്ന് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ വ്യക്തമായി. ഹോട്ടല്‍ അധികൃതരുടെ പ്രതികരണം വാര്‍ത്തയില്‍ ഗോള്‍ ഡോട് കോം ചേര്‍ത്തിട്ടുള്ളത് ആധികാരികത വ്യക്തമാക്കുന്നു. 'പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. പെസ്റ്റാന സിആര്‍7 ഹോട്ടലില്‍ ഇത്തരത്തില്‍ ഭൂകമ്പ ബാധിതര്‍ക്ക് താമസമൊരുക്കിയിട്ടില്ല' എന്നും ഹോട്ടല്‍ അധികൃതരുടെ പ്രതികരണമായി ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ടിലുണ്ട്. ക്രിസ്റ്റ്യാനോയുടെ മരാക്കേഷിലുള്ള ഹോട്ടല്‍ സംബന്ധിച്ച് നിലവിലുള്ള പ്രചാരണം വ്യാജമാണ് എന്ന് ഈ തെളിവുകള്‍ വ്യക്തമാക്കുന്നു.

ഗോള്‍ ഡോട് കോം വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

Read more: സൗദിയില്‍ നരേന്ദ്ര മോദിയുടെ കറങ്ങുന്ന സ്വര്‍ണ പ്രതിമ എന്ന് വീഡിയോ പ്രചാരണം- Fact Check

 

click me!