ആപ്പിളിനും വിലങ്ങിട്ട് ചൈന, ഐഫോണ്‍ രാജ്യത്ത് നിരോധിച്ചു?

By Web Team  |  First Published Oct 3, 2023, 10:55 AM IST

എല്ലാ ഐഫോണുകളും നിരോധിക്കാന്‍ ചൈന നിയമം പാസാക്കി എന്നാണ് ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിലുള്ള കാര്‍ഡില്‍ പറയുന്നത്


ബെയ്‌ജിങ്ങ്‌: ഒട്ടേറെ വിദേശ ഉല്‍പന്നങ്ങള്‍ക്ക് നിരോധനമുള്ള രാജ്യമാണ് ചൈന എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെക് ലോകത്തെ ഏറ്റവും പോപ്പുലറായ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ ആപ്പിളിന്‍റെ ഐഫോണുകളും ചൈന നിരോധിച്ചോ? എല്ലാ ഐഫോണുകള്‍ക്കും ചൈന നിരോധനം ഏര്‍പ്പെടുത്തി എന്നാണ് സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിലുള്ള കാര്‍ഡില്‍ കാണുന്നത്. ഇത് ശരിയോ? 

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

Latest Videos

undefined

പ്രചാരണം

എല്ലാ ഐഫോണുകളും നിരോധിക്കാന്‍ ചൈന നിയമം നിര്‍മ്മിച്ചു എന്നാണ് ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിലുള്ള കാര്‍ഡില്‍ പറയുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിന്‍റെ ചിത്രം സഹിതമാണ് പോസ്റ്റര്‍. ഒരു വീഡിയോ കൂടി പോസ്റ്റിനൊപ്പമുണ്ട്. മൂവായിരത്തിലേറെ ലൈക്കുകള്‍ ഈ പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു. അതിനാല്‍ ഈ പോസ്റ്ററിന് പിന്നിലെ യാഥാര്‍ഥ്യം പരിശോധിക്കാം. 

വസ്‌തുത

എന്നാല്‍ ചൈനയില്‍ എല്ലാ ഐഫോണുകളും നിരോധിച്ചു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാം ഐഫോണുകളും നിരോധിച്ചതായി ആധികാരികമായ മാധ്യമ വാര്‍ത്തകളൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ല. ചൈന എല്ലാ ഐഫോണുകളും നിരോധിച്ചു എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റര്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് വ്യക്തം. അതേസമയം പോസ്റ്റിലെ രണ്ടാമത്തെ സ്ലൈഡായി കാണുന്ന വീഡിയോയില്‍ വസ്‌തുത പറയുന്നുമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഐഫോണുകള്‍ ഓഫീസില്‍ കൊണ്ടുവരുന്നതും ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതും ചൈനീസ് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട് എന്നാണ് വീഡിയോയിലെ ഭാഷ്യം. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തതാണ്. 

ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

നിഗമനം

ചൈന എല്ലാ ഐഫോണുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത വിശ്വസനീയമല്ല. അതേസമയം ചൈനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഐഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വാര്‍ത്തയാണ് ചൈനയില്‍ എല്ലാ ഐഫോണുകളും വിലക്ക് എന്ന തരത്തില്‍ തെറ്റായി പ്രചരിക്കുന്നത്. ഐഫോണുകള്‍ ഓണ്‍ലൈനായി ചൈനയില്‍ ഇപ്പോഴും ലഭ്യമാണ് എന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ വ്യക്തമായി. 

Read more: ഇന്ത്യന്‍ പരസ്യത്തിലെ വ്യാജനെ പൊളിച്ചടുക്കി ജര്‍മന്‍ അംബാസഡര്‍; എന്തൊരു നാണക്കേട്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!