Fact Check: 'ഇസ്രയേലിന്‍റെ ഈ ഉല്‍പന്നങ്ങളെല്ലാം നിങ്ങള്‍ ബഹിഷ്‌കരിക്കുക'; ആഹ്വാനം വന്‍ മണ്ടത്തരമായിപ്പോയി

By Jomit Jose  |  First Published Oct 26, 2023, 8:07 AM IST

ഇസ്രയേലി ഉല്‍പന്നങ്ങള്‍ എന്ന് അവകാശപ്പെടുന്ന വിവിധ ബ്രാന്‍ഡുകളുടെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് പ്രചാരണം


ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ക്യാംപയിന്‍ നടക്കുന്നുണ്ട്. പ്രധാനമായും ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലും ട്വിറ്ററിലുമാണ് ക്യാംപയിന്‍. ഇസ്രയേലി ഉല്‍പന്നങ്ങള്‍ എന്ന് അവകാശപ്പെടുന്ന വിവിധ ബ്രാന്‍ഡുകളുടെ ചിത്രങ്ങളും വീഡിയോകളും സഹിതമാണ് പ്രചാരണം. എന്നാല്‍ ഈ പ്രചാരണത്തില്‍ പരാമര്‍ശിക്കുന്ന ബ്രാന്‍ഡുകളും ഉല്‍പന്നങ്ങളും ഇസ്രയേലി കമ്പനികളുടേത് അല്ല എന്നതാണ് യാഥാര്‍ഥ്യം. 

പ്രചാരണം

Latest Videos

undefined

ഫേസ്‌ബുക്കില്‍ 2023 ഒക്ടോബര്‍ 19ന് ടി പി മുസ്‌തഫ എന്നയാളുടെ പോസ്റ്റ് ശ്രദ്ധിക്കുക. 'ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക ... പലസ്ഥീനിൽ ഈ ചെന്നായ്ക്കൾ നടത്തുന്ന കൂട്ടക്കുരുതിക്ക് നമ്മൾ അറിയാതെ പോലും അവരെ സഹായിക്കാതിരിക്കുക'. അക്വാഫിന, കെഎഫ്‌സി, നോക്കിയ, സിഎന്‍എന്‍, പെപ്‌സിക്കോ, നെസ്‌ലെ, പോളോ, കിറ്റ്‌കാറ്റ്, ലെയ്‌സ്, മോട്ടറോള തുടങ്ങി ബഹിഷ്‌കരിക്കേണ്ട ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ വിശദമായി ഈ പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്നത് കാണാം. 

പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

സമാനമായി മറ്റ് പലരും ഇതേ ആഹ്വാനം സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത് കാണാം. 'മുസ്ലിം കുട്ടികളെ ക്രൂരമായി കൊല്ലുന്ന ഇസ്രായേലിൻ തീവ്രവാദികളുടെ സാധനങ്ങൾ ബഹിഷ്കരിക്കുക' എന്ന കുറിപ്പോടെ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റും കാണാം. കൊക്കക്കോള, മക്‌ഡൊണാള്‍ഡ്‌സ്, പെപ്‌സി, നെസ്‌ലെ, കുര്‍ക്കുറെ, മാഗി തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ പേരുകളാണ് പോസ്റ്റിനൊപ്പമുള്ള വീഡിയോയിലുള്ളത്. 

പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

ഇസ്രയേലി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി ഇത്തരം നിരവധി പോസ്റ്റുകള്‍ എഫ്‌ബിയില്‍ പലരും പങ്കുവെച്ചിട്ടുണ്ട്. ലിങ്ക് 1, 2, 3. സമാന രീതിയിലുള്ള സന്ദേശം ഒരു ചിത്രം സഹിതം വാട്‌സ്‌ആപ്പിലൂടെയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

വാട്‌സ്‌ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് 

വസ്‌തുത

എന്നാല്‍ ഇസ്രയേലി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള പോസ്റ്റുകളിലും വാട്‌സ്‌ആപ്പ് സന്ദേശങ്ങളിലും പറയുന്ന ബ്രാന്‍ഡുകളും കമ്പനികളും ഇസ്രയേലില്‍ നിന്നുള്ളവയല്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. പോസ്റ്റുകളില്‍ പറയുന്ന കുപ്പിവെള്ള ബ്രാന്‍ഡായ അക്വാഫിനയും ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സിയും ഫുഡ്, സ്‌നാക്‌സ്, ബിവറേജ് ശൃംഖലയായ പെപ്‌സിക്കോയും ഉരുളക്കിഴങ്ങ് ചിപ്‌സ് നിര്‍മാതാക്കളായ ലെയ്‌സും സോഫ്റ്റ് ഡ്രിങ്ക് ശൃംഖലയായ കൊക്കക്കോളയും ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്‌സും ടെലികമ്മ്യൂണിക്കേഷന്‍ പ്രുഖരായ മോട്ടറോളയും അമേരിക്കന്‍ ബ്രാന്‍ഡുകളാണ്.

പ്രസിദ്ധമായ നെസ്‌ലേ സ്വിസ് മള്‍ട്ടിനാഷണല്‍ ഫുഡ് ആന്‍ഡ് ഡ്രിങ്ക് പൊസസിംഗ് ഭീമന്‍മാരാണ്. മാഗി ഉദയം ചെയ്‌തതും സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. അതേസമയം ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖരായ നോക്കിയ ഫിന്‍ലന്‍ഡില്‍ നിന്നുള്ളതും മാധ്യമരംഗത്തെ പ്രമുഖരായ സിഎന്‍എന്‍ അമേരിക്കന്‍ കമ്പനിയുമാണ്. 

നിഗമനം

ഇസ്രയേലിന്‍റെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലുള്ള പോസ്റ്റുകളിലും സന്ദേശങ്ങളിലും പറയുന്ന ബ്രാന്‍ഡുകളും ഉല്‍പന്നങ്ങളും ഇസ്രയേലി കമ്പനികളുടേത് അല്ല. ഇവയില്‍ മിക്കതും അമേരിക്കയില്‍ നിന്നുള്ള കമ്പനികളും ബ്രാന്‍ഡുകളുമാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ തുടങ്ങി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകളുടെ പേരുകളും പോസ്റ്റുകളില്‍ പരാമര്‍ശിക്കുന്നതായും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ തെളിഞ്ഞു. 

Read more: സ്നേഹത്തില്‍ പൊതിഞ്ഞ പാവക്കുട്ടികള്‍, ഈ സമ്മാനമെല്ലാം പലസ്‌തീനിലെ കുട്ടികള്‍ക്കോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!