ഇതിനൊരു അവസാനമില്ലേ; വീണ്ടും കജോളിന്‍റെ ഡീപ് ഫേക്ക് വീഡിയോ!

By Jomit JoseFirst Published Nov 24, 2023, 10:48 AM IST
Highlights

റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ലഭിച്ച ഫലം പറയുന്നത് ദൃശ്യങ്ങളില്‍ കാണുന്നത് ബോളിവുഡ് സുന്ദരി കജോള്‍ അല്ല എന്നാണ്, അപ്പോള്‍ എങ്ങനെ ഈ വീ‍ഡിയോ? 

ബോളിവുഡ് സൂപ്പര്‍ താരം കജോള്‍ ക്യാമറയ്‌ക്ക് മുന്നില്‍ വസ്ത്രം മാറുന്നതായി മുമ്പ് ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നിരുന്നു. കജോളിന്‍റെതായി മറ്റൊരു ഫേക്ക് വീഡിയോ കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്താണ് ഈ വീഡിയോയുടെ പിന്നിലെന്നും വസ്‌തുതയും വിശദമായി നോക്കാം.

പ്രചാരണം

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Kajol Official (@kajol_official92)

kajol_official92 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 2023 നവംബര്‍ 18-ാം തിയതിയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. കജോളിനോട് മുഖസാദൃശ്യമുള്ള ഒരു സ്ത്രീ കൈയില്‍ ഒരു വലിയ പൂവും പിടിച്ച് വെള്ള വസ്‌ത്രമണിഞ്ഞ് ഒരു മുറിക്കുള്ളില്‍ വച്ച് പോസ് ചെയ്യുന്നതിന്‍റെ റീല്‍സാണിത്. സെക്കന്‍ഡുകള്‍ മാത്രമേ റീല്‍സിന് ദൈര്‍ഘ്യമുള്ളൂ.

പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുതാ പരിശോധന

കജോളിന്‍റെ പേരില്‍ മുമ്പ് ഡീപ് ഫേക്ക് വീഡിയോ വന്നിട്ടുണ്ട് എന്നതിനാല്‍ kajol_official92 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട റീല്‍സ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വസ്‌തുതാ പരിശോധനയ്‌ക്ക് വിധേയമാക്കി. കജോളിന്‍റെ അക്കൗണ്ട് തന്നെയോ എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്‌തത്. വെരിഫൈഡ് ടിക്‌മാര്‍ക്ക് കാണാത്തതിനാല്‍ ഇത് കജോളിന്‍റെ ഒഫീഷ്യല്‍ ഇന്‍സ്റ്റ അക്കൗണ്ട് അല്ല എന്ന് തുടക്കത്തിലെ ബോധ്യപ്പെട്ടു. കജോളിന്‍റേതായി പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് പിന്നീട് ചെയ്‌തത്. ഈ പരിശോധനയില്‍ ലഭിച്ച ആദ്യ ഫലം sanjanasingh_official എന്ന ഇന്‍സ്റ്റഗ്രാം യൂസറുടെ അക്കൗണ്ടില്‍ നിന്നുള്ളതായിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറാണ് സഞ്ജന സിംഗ് എന്ന് അവരുടെ ഇന്‍സ്റ്റ പ്രൊഫൈല്‍ പറയുന്നു. 

സഞ്ജന സിംഗിന്‍റെ ഇന്‍സ്റ്റ പ്രൊഫൈല്‍

സഞ്ജന സിംഗിന്‍റെ ഇന്‍സ്റ്റ പ്രൊഫൈല്‍ പരതിയപ്പോള്‍ 2023 സെപ്റ്റംബര്‍ 6-ാം തിയതി അപ്‌ലോഡ് ചെയ്‌തിരുന്ന ഒരു വീഡിയോ കാണാനായി. കജോളിന്‍റെത് എന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോയിലെ പോലെ കയ്യിലൊരു വലിയ പൂവും വലതുകൈയില്‍ മൂന്ന് മോതിരങ്ങളും ഇടതുകൈയില്‍ വളകളും ചെവിയില്‍ വലിയ കമ്മലുകളും വെളുത്ത നിറത്തിലുള്ള വസ്‌ത്രവും പശ്ചാത്തലത്തിലായി കറങ്ങുന്ന ഫാനുമൊക്കെ ദൃശ്യങ്ങളില്‍ കാണാം. കജോളിന്‍റെതായി പ്രചരിക്കുന്ന വീഡിയോയിലും ഇതേ വെള്ള വസ്‌ത്രവും ആഭരണങ്ങളും പശ്ചാത്തലവുമാണ് എന്നത് ഇരു വീഡിയോകളും സമാനമാണ് എന്ന് മനസിലാക്കാന്‍ സഹായകമായി.

സഞ്ജന സിംഗിന്‍റെ വീഡിയോയില്‍ കജോളിന്‍റെ മുഖം ഡീപ് ഫേക്ക് ചെയ്‌താണ് വൈറല്‍ വീഡിയോ തയ്യാറാക്കി kajol_official92 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത് എന്ന് ഇതോടെ ഉറപ്പായി. 

വീഡിയോയുടെ ഒറിജിനലും ഫേക്കും


മാത്രമല്ല, സഞ്ജന സിംഗ് പോസ്റ്റ് ചെയ്‌ത് രണ്ട് മാസത്തിന് ശേഷമാണ് kajol_official92 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കജോളിന്‍റെത് എന്ന അവകാശവാദത്തോടെ വീഡിയോ പ്രത്യക്ഷപ്പെട്ടത് എന്നതും ദൃശ്യം വ്യാജമാണ് എന്ന് വ്യക്തമാക്കുന്നു. 

നിഗമനം

ബോളിവുഡ് താരം കജോളിന്‍റെതായി പ്രചരിക്കുന്ന വീഡിയോ വ്യാജവും കൃത്രിമമായി നിര്‍മിച്ചതുമാണ്. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുടെ വീഡിയോയില്‍ കജോളിന്‍റെ മുഖം ഡീപ് ഫേക്ക് ചെയ്‌താണ് വ്യാജ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വ്യാജ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്ന kajol_official92 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കജോളിന്‍റെ വേറെയും ഡീപ് ഫേക്ക് വീഡിയോകള്‍ പരിശോധനയില്‍ കണ്ടെത്തി. 

Read more: നടി കജോൾ വസ്ത്രം മാറുന്നതായി ഡീപ്‌ഫേക്ക് നഗ്ന വീഡിയോ; ഞെട്ടി രാജ്യം

click me!