വള്ളവും ബോട്ടും തമ്മില്‍ കൂട്ടിയിടിക്കുന്ന എട്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണിത്
ലക്ഷദ്വീപ് വലിയ വാര്‍ത്താപ്രധാന്യം നേടിയിരിക്കുന്ന സമീപകാല പശ്ചാത്തലത്തില്‍ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ് ഒരു വീഡിയോ. ജലത്തില്‍ വച്ച് വള്ളവും ബോട്ടും തമ്മില്‍ കൂട്ടിയിടിക്കുന്നതാണ് വീഡിയോയില്‍. ഇത് ലക്ഷദ്വീപില്‍ നിന്നുള്ള ദൃശ്യമാണ് എന്ന് ഒരു ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ദൃശ്യത്തിന്‍റെ വസ്തുത പരിശോധിക്കാം.
പ്രചാരണം
undefined
'ലക്ഷദ്വീപ്, ഇന്ത്യ' എന്നിങ്ങനെ ലൊക്കേഷന്‍ നല്‍കിയാണ് മുഹമ്മദ് ഫാത്തി എന്ന വ്യക്തി ഫേസ്‌ബുക്കില്‍ 2024 ജനുവരി 11ന് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വള്ളവും ബോട്ടും തമ്മില്‍ കൂട്ടിയിടിക്കുന്ന എട്ട് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. ബോട്ടും വള്ളവും തമ്മില്‍ കൂട്ടിയിടിക്കുന്നതും വള്ളം തുഴയുന്നവര്‍ ജലത്തിലേക്ക് മറിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ലക്ഷദ്വീപില്‍ നിന്നുള്ളതല്ല, കേരളത്തില്‍ നിന്നുള്ളതാണ് എന്ന് ചിലര്‍ കമന്‍റ് ബോക്‌സില്‍ സൂചിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ദൃശ്യത്തിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം.
വസ്‌തുതാ പരിശോധന
വീഡിയോയുടെ വസ്‌തുത എന്താണ് എന്നറിയാന്‍ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തുകയാണ് ആദ്യം ചെയ്‌തത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഈ സംഭവത്തെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട് എന്നും നിരവധി യൂട്യൂബ് ചാനലുകളില്‍ ഇതേ വീഡിയോയും സംഭവത്തിന്‍റെ മറ്റ് ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങളും അപ്‌ലോഡ് ചെയ്‌തിട്ടുള്ളതാണ് എന്നും പരിശോധനയില്‍ മനസിലാക്കാനായി. എന്നാല്‍ ഇത് ലക്ഷദ്വീപില്‍ നടന്ന അപകടമാണ് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലെ ഫലങ്ങള്‍ പറയുന്നില്ല. പാണ്ടനാട് സിബിഎൽ വള്ളംകളിയിൽ വിജയാഹ്ലാദപ്രകടനത്തിനിടെ വീയപുരം ചുണ്ടൻ ബോട്ടിൽ ഇടിച്ചു എന്ന തരത്തിലാണ് ഓണ്‍ലൈന്‍ വാര്‍ത്തകളെല്ലാം.
'ആർപ്പോ ഇർറോ...ആരവം മുഴക്കി തുഴഞ്ഞ് വരവെ ചുണ്ടൻ ഇടിച്ച് കയറിയത് ബോട്ടിലേക്ക്; ചുണ്ട് ഒടിഞ്ഞു, ഡ്രൈവർ അറസ്റ്റിൽ' എന്ന തലക്കെട്ടില്‍ അപകടത്തെ കുറിച്ച് 2023 ഡിസംബര്‍ 3ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയിരുന്നു എന്ന് തുടര്‍ പരിശോധനയില്‍ വ്യക്തമായി. 'ചാമ്പ്യൻസ് ബോട്ട് ലീഗ് പാണ്ടനാട് വള്ളംകളിയുടെ ഫൈനലിന് ശേഷം ആഹ്ളാദത്തോടെ വിജയികളായ വീയപുരം ചുണ്ടൻ തിരികെ സ്റ്റേജിന് സമീപത്തേക്ക് നീങ്ങവേയാണ് അപകടം സംഭവിച്ചത്, വള്ളത്തിനും ബോട്ടിനും സാരമായ കേടുപാടുകൾ സംഭവിക്കുകയും ഒരു തുഴച്ചിൽകാരന് പരിക്കേൽക്കുകയും ചെയ്തു' എന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം.
ഈ സൂചന വച്ച് നടത്തിയ കീവേഡ് സെര്‍ച്ചില്‍ ചെങ്ങന്നൂർ പാണ്ടനാട് നടന്ന സിബിഎൽ വള്ളംകളിക്കിടെ ചുണ്ടൻ വള്ളത്തിലേക്ക് ഇടിച്ചുകയറി ബോട്ട് എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റ് ന്യൂസ് 2023 ഡിസംബര്‍ 3ന് അപ്‌ലോഡ് ചെയ്ത വീഡിയോയും കണ്ടെത്താനായി. വള്ളവും ബോട്ടും തമ്മിലിടിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ചുവടെയുള്ള വീഡിയോയില്‍ കാണാം. ലക്ഷദ്വീപിലേത് എന്ന തരത്തില്‍ മുഹമ്മദ് ഫാത്തി എന്ന വ്യക്തി ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കേരളത്തിലെ ആലപ്പുഴയിലെ പാണ്ടനാട് വള്ളംകളിയില്‍ നിന്നുള്ളതാണ് എന്ന് വ്യക്തം.
നിഗമനം
വള്ളവും ബോട്ടും തമ്മില്‍ കൂട്ടിയിടിച്ച സംഭവം ലക്ഷദ്വീപില്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ കേരളത്തിലെ ആലപ്പുഴയില്‍ നിന്നുള്ളതാണ്.
Read more: Fact Check- ജയിൽ മോചിതനാവാന്‍ പിണറായി വിജയൻ മാപ്പപേക്ഷ നൽകിയിരുന്നോ? കത്തിന്‍റെ സത്യമിത്