വിചിത്രം! മനുഷ്യ ശരീരത്തില്‍ മുള കെട്ടിവച്ച് റെയില്‍വേ ലെവല്‍ ക്രോസില്‍ ഗതാഗതം നിയന്ത്രണം; സംഭവം ഇന്ത്യയിലോ?

By Web Team  |  First Published Jan 3, 2024, 10:11 AM IST

മനുഷ്യന്‍മാര്‍ ശരീരത്തില്‍ മുള വച്ചുകെട്ടി ഓപ്പറേറ്റ് ചെയ്യുന്ന റെയില്‍വേ ലെവല്‍ ക്രോസ് സംവിധാനം ഇന്ത്യയിലുണ്ടോ?


ഏറെ അപകടങ്ങള്‍ നടക്കുന്നയിടമാണ് റെയില്‍വേ ലെവല്‍ ക്രോസുകള്‍. പലയിടത്തും സിഗ്നലുകള്‍ ഓട്ടോമാറ്റിക്ക് അല്ലാത്തതും വേണ്ടത്ര ഗാര്‍ഡുകള്‍ ഇല്ലാത്തതും ലെവല്‍ ക്രോസുകളില്‍ ട്രെയിന്‍ തട്ടി ആളുകള്‍ മരിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ അപകടം സൃഷ്ടിക്കുന്ന അനേകം ലെവല്‍ ക്രോസുകള്‍ ഉള്ള നാടായിരുന്നു ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ ലെവല്‍ ക്രോസുകള്‍ ആധുനികരിക്കാനുള്ള പ്രവൃത്തികള്‍ നടക്കുകയാണ്. ഇതിനിടയിലും മനുഷ്യന്‍മാര്‍ ശരീരത്തില്‍ മുള വച്ചുകെട്ടി ഓപ്പറേറ്റ് ചെയ്യുന്ന റെയില്‍വേ ലെവല്‍ ക്രോസ് സംവിധാനം ഇന്ത്യയിലുണ്ടോ?

പ്രചാരണം

Latest Videos

undefined

ശരീരത്തില്‍ നീളമുള്ള മുള വച്ചുകെട്ടി ലെവല്‍ക്രോസില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഒരാളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ട്രെയിന്‍ വരാറാകുമ്പോള്‍ ഇയാള്‍ തലതാഴ്ത്തി കുനിയുന്നതും ട്രെയിന്‍ കടന്നുപോയിക്കഴിഞ്ഞാല്‍ നിവര്‍ന്ന് നില്‍ക്കുന്നതുമായ രീതിയിലാണ് വീഡിയോ. ഇയാള്‍ കുനിയുകയും നിവരുകയും ചെയ്യുന്നതിന് അനുസരിച്ച് മുളകൊണ്ടുള്ള റെയില്‍വേ ഗേറ്റ് പ്രവര്‍ത്തിക്കുന്നു. 'മോങ്ങി ജി യുടെ ഡിജിറ്റൽ ഇന്ത്യ' എന്ന തലക്കെട്ടില്‍ 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ മനോജ് കെ പി കല്ലില്‍ എന്ന യൂസര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത് ചുവടെ കാണാം. ഇതിനകം ആയിരത്തിലേറെ ഷെയറുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. മോദിജിയുടെ ഇന്ത്യയിലാണ് ഈ വിചിത്ര ലെവല്‍ ക്രോസ് സംവിധാനം എന്നാണ് വീഡിയോയുടെ കമന്‍റ് ബോക്‌സില്‍ നിരവധിയാളുകളുടെ പരിഹാസം. 

വസ്‌തുത

എന്നാല്‍ ഈ വിചിത്ര ലെവല്‍ ക്രോസ് ഇന്ത്യയിലല്ല, നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിലാണ് എന്നാണ് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. പ്രചരിക്കുന്ന ലെവല്‍ക്രോസ് ബംഗ്ലാദേശിലാണ് എന്ന് വ്യക്തമാക്കിത്തരുന്ന നിരവധി തെളിവുകളുണ്ട്. സമാന വീഡിയോ ബംഗാളി ഭാഷയിലുള്ള തലക്കെട്ടുകളോടെ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതാണ് എന്ന് പരിശോധനയില്‍ കണ്ടെത്താനായി. പാളത്തിലൂടെ കടന്നുപോകുന്ന ട്രെയിന്‍റെ ബോഗിയിലും ബംഗാളിയിലുള്ള എഴുത്തുകള്‍ കാണാം. ലെവല്‍ ക്രോസിലെ യഥാര്‍ഥ സംഭവമല്ല, ഇത് സ്ക്രിപ്റ്റഡ് വീഡിയോയാണ് എന്ന സൂചനയുമുണ്ട്. അതേസമയം ബംഗ്ലാദേശില്‍ എവിടെ നിന്നുള്ള വീഡിയോയാണിത് എന്ന് വ്യക്തമല്ല.

Read more: 2100 രൂപ അടയ്ക്കൂ, നാല് ശതമാനം പലിശയ്ക്ക് അഞ്ച് ലക്ഷം രൂപ ലോണ്‍! സത്യമോ? Fact Check

click me!