ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൈബര്‍ തട്ടിപ്പ് വ്യാപകം എന്ന മുന്നറിയിപ്പുമായി കമ്പനി
ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന്‍റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നു. bsnltowersite.in എന്ന മേല്‍വിലാസത്തിലാണ് വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഈ വെബ്‌സൈറ്റിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് ബിഎസ്എന്‍എല്‍ മുന്നറിയിപ്പ് നല്‍കി.
പ്രചാരണം ഇങ്ങനെ
സൈബര്‍ തട്ടിപ്പ് വീരന്‍മാര്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനെയും വെറുതെ വിടുന്നില്ല. ബിഎസ്എന്‍എല്ലിന്‍റേത് എന്ന് തോന്നിക്കുന്ന വെബ്സൈറ്റ് നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. വെബ്‌വിലാസം കണ്ടാല്‍ ഈ വെബ്‌സൈറ്റ് ബിഎസ്എന്‍എല്‍ ഉടമസ്ഥതയിലുള്ളത് തന്നെയെന്ന് ആരും വിശ്വസിച്ചുപോകും. ബിഎസ്എന്‍എല്‍ ടവര്‍ സൈറ്റ് മാനേജ്‌മെന്‍റിലേക്ക് സ്വാഗതം എന്ന വിവരണം വെബ്‌സൈറ്റിലുണ്ട്. ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിക്കുന്നതിനായി ലഭിച്ച ആപ്ലിക്കേഷനുകളുടെ എണ്ണവും തള്ളിയ അപേക്ഷകളുടെ എണ്ണവും അനുമതി നല്‍കിയ അപേക്ഷകളുടെ എണ്ണവും അപേക്ഷയുടെ ഇ-സ്റ്റാറ്റസ് അറിയാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത് കാണാം.
വ്യാജ വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ
നിങ്ങളുടെ സ്വന്തം സ്ഥലത്ത് ടവര്‍ സ്ഥാപിക്കാനായി അപേക്ഷിക്കാനുള്ള ഓപ്ഷനും വെബ്‌സൈറ്റില്‍ ക്രമീകരിച്ചിരിക്കുന്നു. ടവറുകള്‍ ഗ്രാമ, നഗര മേഖലകളില്‍ സ്ഥാപിക്കുമ്പോള്‍ മാസം തോറും എത്ര രൂപ അഡ്വാന്‍സും വാടകയും ലഭിക്കുമെന്ന വിവരണവും സൈറ്റിലുണ്ട്. വിശ്വസനീയത തോന്നുംവിധം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ലോഗോ സഹിതമാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
വ്യാജ വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ
വസ്‌തുത അറിയിച്ച് ബിഎസ്എന്‍എല്‍
എന്നാല്‍ ഈ വെബ്‌സൈറ്റ് വ്യാജമാണെന്നും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ബിഎസ്എന്‍എല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഈ വെബ്‌സൈറ്റിനെ കുറിച്ച് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന് ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു. ബിഎസ്എന്‍എല്ലുമായി ഇടപാടുകള്‍ നടത്തും മുമ്പ് എല്ലാ വെബ്‌സൈറ്റുകളുടെയും ആധികാരികത പരിശോധിക്കണമെന്നും ബിഎസ്എന്‍എല്ലിന്‍റെ നിര്‍ദേശമുണ്ട്.
🚨 Fake Website Alert 🚨
This website is FAKE and NOT associated with BSNL. 🚫
Please be cautious, because https://t.co/k2LMYKsFcu does not belong to BSNL.
Stay safe online and always verify official sources. Remember, your security is our priority.… pic.twitter.com/VQwmIL6KPX
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം