രക്ഷകവേഷമണിഞ്ഞ് 'ബാറ്റ്‌മാന്‍' ക്യാപിറ്റോള്‍ ഹില്‍സില്‍; വീഡിയോ സത്യമോ?

By Web Team  |  First Published Jan 8, 2021, 2:59 PM IST

രക്ഷകവേഷം അണിഞ്ഞ് ഒരു ബാറ്റ്‌മാന്‍ വേഷധാരി പ്രത്യക്ഷപ്പെട്ടോ ക്യാപിറ്റോള്‍ ഹില്‍സിലെ പ്രതിഷേധക്കാര്‍ക്കിടയില്‍. 


വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോള്‍ ഹില്‍സില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. അമേരിക്കയിലെ പ്രസിഡന്‍റ് കസേര ജോ ബൈഡന് കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നാല് പേരുടെ മരണത്തിലേക്ക് നയിച്ച അക്രമസംഭവങ്ങളിലേക്ക് വഴിവെച്ചത്. ഇതിനിടെ രക്ഷകവേഷം അണിഞ്ഞ് ഒരു ബാറ്റ്‌മാന്‍ വേഷധാരി പ്രത്യക്ഷപ്പെട്ടോ ക്യാപിറ്റോള്‍ ഹില്‍സിലെ പ്രതിഷേധക്കാര്‍ക്കിടയില്‍. 

Latest Videos

undefined

 

പ്രചാരണം 

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ബാറ്റ്‌മാന്‍ പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ബാറ്റ്‌മാന്‍റെ സ്യൂട്ടണിഞ്ഞയാള്‍ ക്യാപിറ്റോള്‍ ഹില്‍സിലെത്തിയ ട്രംപ് അനുകൂലികളില്‍ ഒരാളാണ് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യുഎസ് ക്യാപിറ്റോളില്‍ ബാറ്റ്‌മാന്‍ എത്തി എന്ന കുറിപ്പുകളോടെയാണ് പ്രചാരണം. 

 

വസ്‌തുത

എന്നാല്‍ പ്രചരിക്കുന്ന വീഡിയോ നിലവിലെ ക്യാപിറ്റോള്‍ കലാപത്തില്‍ നിന്നുള്ളതല്ല. കഴിഞ്ഞ വര്‍ഷം കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഫിലഡെൽഫിയയില്‍ നടന്ന പ്രതിഷേധത്തില്‍ നിന്നുള്ളതാണ് വീഡിയോ. 

വസ്‌തുത പരിശോധന രീതി

1. പ്രചരിക്കുന്ന വീഡിയോ പഴയതാണ് എന്ന് തെളിയിക്കുന്ന നിരവധി തെളിവുകളുണ്ട്. 2020 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഈ വീഡിയോ ഉള്‍പ്പെടുത്തിയിട്ടുള്ളതായി കാണാം.  

2. നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഈ വീഡിയോ കഴിഞ്ഞ വര്‍ഷം മെയ് 31ന് ട്വീറ്റ് ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്. ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ 'ബ്ലാക്ക് ലിവ്സ് മാറ്റര്‍' പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു ഈ ട്വീറ്റുകളെല്ലാം. 

3. 'Justice George Floyd' എന്ന പ്ലക്കാര്‍ഡ് പ്രതിഷേധക്കാരില്‍ ഒരാള്‍ പിടിച്ചിരിക്കുന്നത് വീഡിയോയുടെ അവസാന ഭാഗത്ത് കണ്ടെത്താനാകും. ഇതും ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ പഴയതാണ് എന്ന് തെളിയിക്കുന്നു. 

 

നിഗമനം

ബാറ്റ്‌മാന്‍ വേഷധാരിയുടെ വൈറല്‍ വീഡിയോയ്‌ക്ക് നിലവിലെ ക്യാപിറ്റോള്‍ കലാപവുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ വര്‍ഷത്തെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്നും മനസിലാക്കാം. 


 

click me!