സ്‌പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡുമായി ബന്ധപ്പെട്ട ഒരു പ്രചാരണം ശരിയോ എന്ന് പരിശോധിക്കാം
നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളില്‍ ഫുട്ബോള്‍ രംഗവുമായി ബന്ധപ്പെട്ട് ഏറെ വ്യാജ പ്രചാരണങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പലസ്‌തീന്‍ പതാക വീശി ഗാസയ്‌ക്ക് പിന്തുണ അറിയിച്ചുവെന്നും ഗാസയിലെ കുട്ടികളെ ആശ്വസിപ്പിച്ച് സിആര്‍7 വീഡിയോ പങ്കുവെച്ചുവെന്നും വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതോടെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫുട്ബോള്‍ മൈതാനങ്ങളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം വിശ്വസിക്കാനാവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ സ്‌പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡുമായി ബന്ധപ്പെട്ട ഒരു പ്രചാരണം ശരിയോ എന്ന് പരിശോധിക്കാം.
പ്രചാരണം
undefined
സ്‌പാനിഷ് ഫുട്ബോളിലെ വമ്പന്‍ ക്ലബുകളിലൊന്നായ അത്‌ലറ്റികോ മാഡ്രിഡിന്‍റെ ഹോം വേദിയില്‍ ആരാധകര്‍ ഗാസയ്‌ക്ക് പിന്തുണയുമായി കൂറ്റന്‍ പലസ്‌തീന്‍ പതാക പ്രദര്‍ശിപ്പിച്ചു എന്നാണ് ട്വിറ്ററിലും ഫേസ്‌ബുക്കിലും പലരും പറയുന്നത്. 'പലസ്‌തീനെ പിന്തുണയ്‌ക്കുന്നതിന് അത്‌ലറ്റികോ മാഡ്രിഡ് ആരാധകര്‍ക്ക് നന്ദി' എന്നാണ് ബ്ലഡ് ഓഫ് ഫുട്ബോള്‍ എന്ന ഫേസ്‌ബുക്ക് പേജില്‍ 2023 ഒക്ടോബര്‍ 22ലെ പോസ്റ്റില്‍ പറയുന്നത്. നിറഞ്ഞ അത്‌ലറ്റികോ ഗ്യാലറിക്കിടയില്‍ വലിയ പലസ്തീന്‍ പതാക ചിത്രത്തില്‍ കാണാം. ഇത്തരമൊരു വലിയ പലസ്തീന്‍ പതാക അത്‌ലറ്റികോയുടെ ഗ്യാലറിയില്‍ ഉയര്‍ന്നോ എന്ന് നമുക്ക് പരിശോധിക്കാം.
എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
ഈ ചിത്രം ശരിതന്നെയോ എന്ന് പരിശോധിക്കാന്‍ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് ആദ്യം വിധേയമാക്കി. ഇതില്‍ ലഭിച്ച ഫലങ്ങളിലൊന്ന് അത്‌ലറ്റികോ യൂണിവേഴ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ളതായിരുന്നു. പ്രചരിക്കുന്ന സമാന ചിത്രം അത്‌ലറ്റികോ യൂണിവേഴ്‌സ് ട്വീറ്റ് ചെയ്‌തിട്ടുണ്ടെങ്കിലും ഈ ഫോട്ടോയ്‌ക്ക് താഴെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചിത്രമാണ് ഇതെന്ന് കമ്മ്യൂണിറ്റി നോട്ട് ചേര്‍ത്തിട്ടുള്ളതായി കണ്ടെത്താനായി. ഇതോടെ ചിത്രം യഥാര്‍ഥമല്ല എന്ന സംശയം ബലപ്പെട്ടു. കൂടുതല്‍ പരിശോധനകള്‍ പിന്നാലെ നടത്തി.
അത്‌ലറ്റികോ യൂണിവേഴ്‌സിന്‍റെ ട്വീറ്റ്
വിശദ പരിശോധനയില്‍ വെളിവായ കാര്യങ്ങള്‍ ഇങ്ങനെ... 1. ചിത്രം സൂം ചെയ്‌ത് നോക്കിയപ്പോള്‍ പല ആരാധകരുടെയും കൈകള്‍ അപൂര്‍ണമാണെന്നും വിരലുകള്‍ പലയിടത്തും മാഞ്ഞുപോയിരിക്കുന്നതായും കാണാനായി. 2. ഇത്തരമൊരു ചിത്രവും അത്‌ലറ്റികോ മാഡ്രിഡിന്‍റെ കണ്ടെത്താനുമായില്ല. 3. രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സ് ഫോട്ടോ വ്യാജമാണ് എന്ന് അത്‌ലറ്റികോ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതായും പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇതോടെ പ്രചരിക്കുന്ന ചിത്രം വ്യാജമാണ് എന്നുറപ്പായി.
നിഗമനം
അത്‌ലറ്റികോ മാഡ്രിഡിന്‍റെ ആരാധകര്‍ ഗാസയ്‌ക്ക് പിന്തുണയുമായി കൂറ്റന്‍ പലസ്‌തീന്‍ പതാക ഗ്യാലറിയില്‍ വീശി എന്ന് ചിത്രം സഹിതമുള്ള പ്രചാരണം തെറ്റാണ്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നത് എന്നാണ് മനസിലാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം