'കേരളത്തിലെ റോഡിലുള്ള കുഴിയില്‍ ചിത്രം വരച്ച് പ്രതിഷേധം, കേസ് എടുക്കുമോ പിണറായി പൊലീസ്'; പോസ്റ്റിന്‍റെ സത്യം

By Web TeamFirst Published Dec 5, 2023, 10:25 AM IST
Highlights

റോഡിലെ ഗര്‍ത്തം ഉപയോഗപ്പെടുത്തി ഒരു കലാകാരന്‍ ചിത്രം വരയ്‌ക്കുന്നതിന്‍റെ ഫോട്ടോയാണ് ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്

കേരളത്തിലെ റോഡുകളുടെ വികസത്തെ ചൊല്ലിയുള്ള വാക്‌വാദങ്ങള്‍ പൊടിപൊടിക്കുകയാണ്. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് റോഡുകള്‍ മെച്ചപ്പെട്ടു എന്ന് ഭരണപക്ഷ അനുകൂലികളും കൂടുതല്‍ മോശമായി എന്ന് പ്രതിപക്ഷ അണികളും ആരോപിക്കുന്നു. വാക്‌വാദം തുടരുന്നതിനിടെ ഒരു ഫോട്ടോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ വൈറലാവുകയാണ്. റോ‍ഡിലെ കുഴിയില്‍ ചിത്രം വരച്ച് കലാകാരന്‍ തന്‍റെ പ്രതിഷേധം അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് നോക്കാം. 

പ്രചാരണം

Latest Videos

റോഡിലെ ഗര്‍ത്തം ഉപയോഗപ്പെടുത്തി ഒരു കലാകാരന്‍ ചിത്രം വരയ്‌ക്കുന്നതിന്‍റെ ഫോട്ടോയാണ് ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. 'റോഡിലെ കുഴി കണ്ടപ്പോള്‍ ഇത് പോലൊരു ചിത്രം വരച്ച് പ്രതിഷേധിച്ച ഈ കലാകാരനെ സപ്പോര്‍ട്ട് ചെയ്യണേ. ഇയാള്‍ക്ക് എതിരെ കേസ് എടുക്കുമോ കേരള പോലീസ്' എന്ന ചോദ്യത്തോടെയാണ് 2023 ഡിസംബര്‍ 1ന് രാജേന്ദ്രന്‍ കുന്നത്ത് എന്നയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. 

വസ്‌തുതാ പരിശോധന

ചിത്രത്തിന്‍റെ വസ്‌തുത മനസിലാക്കാന്‍ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ആദ്യം ചെയ്‌തത്. ഫോട്ടോ ഷെയറിംഗ് ഏജന്‍സിയായ ഗെറ്റി ഇമേജസ് 2014 ജൂണ്‍ ആറിന് ഇതേ ചിത്രം അപ്‌ലോഡ് ചെയ്‌തിട്ടുള്ളതാണ് എന്ന് പരിശോധനയില്‍ കണ്ടെത്താനായി. ബെംഗളൂരുവില്‍ 2014 ജൂണ്‍ ആറിനാണ് ഈ ചിത്രം വരച്ചത് എന്നും ഇത് വരച്ച കലാകാരന്‍റെ പേര് ബാദല്‍ നഞ്ജുണ്ടസ്വാമി എന്നാണെന്നും ഗെറ്റി ഇമേജസ് നല്‍കിയ വിവരണത്തില്‍ കാണാം. വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിക്കായി മഞ്ജുനാഥ് കിരണാണ് ഈ ഫോട്ടോ പകര്‍ത്തിയത് എന്നും ഗെറ്റി ഇമേജസ് വിവരണത്തില്‍ പറയുന്നു. മാന്‍ഹോളിന്‍റെ പശ്ചാത്തലത്തില്‍ യമരാജനെ വരയ്‌ക്കുകയായിരുന്നു ബാദല്‍ നഞ്ജുണ്ടസ്വാമി ചെയ്‌തത്. 

ദേശീയ മാധ്യമമായ ദി ഹിന്ദു 2023 ഫെബ്രുവരി 27ന് Bengaluru city is his canvas എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയും റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായി. ചിത്രകാരനായ ബാദല്‍ നഞ്ജുണ്ടസ്വാമിയുടെ വിവിധ ചിത്രങ്ങളെ കുറിച്ചാണ് ഈ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. ഫേസ്‌ബുക്കില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം മറ്റൊരു ആംഗിളില്‍ നിന്ന പകര്‍ത്തിയത് വാര്‍ത്തയ്‌ക്കൊപ്പം ദി ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ രണ്ട് തെളിവുകള്‍ കൊണ്ടുതന്നെ റോഡും ചിത്രവും ബെംഗളൂരുവിലാണ് എന്ന് വ്യക്തമായി. 

ഇതേ ചിത്രം ബാദല്‍ നഞ്ജുണ്ടസ്വാമി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 2021 ജൂണ്‍ 5ന് പോസ്റ്റ് ചെയ്‌തിരിക്കുന്നതായും പരിശോധനയില്‍. ഏഴ് വര്‍ഷം മുമ്പത്തെ ലോക പരിസ്ഥിതി ദിന ചിത്രം എന്നുപറഞ്ഞുകൊണ്ടാണ് ബാദല്‍ നഞ്ജുണ്ടസ്വാമി ഫോട്ടോ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ഇതിനാല്‍തന്നെ ചിത്രം 2014ലെ ചിത്രമാണിത് എന്ന് ഉറപ്പിക്കാം. 

നിഗമനം

കേരളത്തിലെ റോഡിലെ വലിയ കുഴിയില്‍ ചിത്രം വരച്ച് കലാകാരന്‍ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ബെംഗളൂരു നഗരത്തില്‍ നിന്ന് 2014 ജൂണ്‍ ആറിന് പകര്‍ത്തിയ ചിത്രമാണിത്. 

Read more: വീണ്ടുമൊരു ആഢംബര ബസ് വൈറല്‍; മൂന്ന് നിലകള്‍, ലിമോസിന്‍ കാറിനെ വെല്ലുന്ന സൗകര്യം! പക്ഷേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!