കാട്ടുതീ പോലെ പടർന്ന് രശ്മിക മന്ദാനയുടെ പുതിയ വീഡിയോ; രോക്ഷാകുലരായി ആരാധകർ, സംഭവം ഡീപ്ഫേക്ക്! Fact Check

By Jomit Jose  |  First Published Dec 15, 2023, 3:40 PM IST

രശ്മിക മന്ദാനയുടേതായി മറ്റൊരു വ്യാജ വീഡിയോ കൂടി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയർ ചെയ്യപ്പെടുകയാണ്


രാജ്യത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഡീപ്‍ഫേക്ക് വീഡിയോയുടെ ഏറ്റവും വലിയ ഇരകളിലൊരാളാണ് നടി രശ്മിക മന്ദാന. മന്ദാനയുടെതായി രണ്ട് ഡീപ്‍ഫേക്ക് വീഡിയോകള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രശ്മിക മന്ദാനയുടേതായി മറ്റൊരു വ്യാജ വീഡിയോ കൂടി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയർ ചെയ്യപ്പെടുകയാണ്. ഈ ദൃശ്യവും ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡീപ് ഫേക്കായി നിർമിച്ചതാണ്. 

NB: വീഡിയോ ചേർക്കുന്നില്ല, പകരം സ്ക്രീന്‍ഷോട്ടുകള്‍ മാത്രം വാർത്തയില്‍ ഉള്‍ക്കൊള്ളിക്കുന്നു

Latest Videos

undefined

പ്രചാരണം

PRASHU എന്ന എക്സ് (പഴയ ട്വിറ്റർ) യൂസറാണ് രശ്മിക മന്ദാനയുടെതായി മറ്റൊരു ഡീപ് ഫേക്ക് വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ട്വീറ്റ് ചെയ്ത ഒരാള്‍. 'രശ്മിക മന്ദാനയുടെ മറ്റൊരു ഡീപ് ഫേക്ക് വീഡിയോ കൂടി, ഇത്തരം വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കുക, നടിയുടെ ജീവിതം വച്ച് പന്താടരുത്' എന്നുമുള്ള കുറിപ്പോടെയാണ് പ്രഷു 7 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോ 2023 ഡിസംബർ 13ന് ട്വീറ്റ് ചെയ്തത്. ലിഫ്റ്റിലേക്ക് ആരോ കയറാന്‍ വരുമ്പോള്‍ വാതില്‍ അടയുന്നത് ഒഴിവാക്കാന്‍ നടി കൈനീട്ടുന്നതായാണ് വീഡിയോ. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ

നടിയുടെ വ്യാജ വീഡിയോ പ്രചരിപ്പിക്കരുത് എന്ന് അഭ്യർഥിക്കുന്നയാള്‍ തന്നെ എന്തിനാണ് ദൃശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ട്വീറ്റിന്‍റെ താഴെ മറ്റ് യൂസർമാർ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.

വസ്തുതാ പരിശോധന

നടി രശ്മിക മന്ദാനയുടെ ഡീപ്‍ഫേക്ക് വീഡിയോകള്‍ മുമ്പും വൈറലായിട്ടുള്ള പശ്ചാത്തലത്തില്‍ പുതിയ ദൃശ്യത്തിന്‍റെ ആധികാരികത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം പരിശോധിച്ചു.  ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കിയപ്പോള്‍ വൈറല്‍ വീഡിയോയുടെ ഒറിജിനല്‍ കണ്ടെത്താനായി. ഇന്‍സ്റ്റഗ്രാമിലാണ് മുമ്പ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് രശ്മിക മന്ദാനയല്ല, മറ്റൊരാളാണ്.

ഒറിജിനല്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ചുവടെ

ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന ഈ വീഡിയോയിലേക്ക് രശ്മിക മന്ദാനയുടെ മുഖം എഡിറ്റ് ചെയ്ത് ചേർത്താണ് ഡീപ്‍ഫേക്ക് വീഡിയോ നിർമിച്ചിരിക്കുന്നത് എന്ന് വ്യക്തം. ഇരു വീഡിയോകളുടെയും പശ്ചാത്തലവും ആളിന്‍റെ വസ്ത്രധാരണവും ശരീരഭാഷയുമെല്ലാം സമാനമാണ് എന്ന് കാണാം. 

ഇരു വീഡിയോകളും തമ്മിലുള്ള സാമ്യം

രശ്മിക മന്ദാനയുടെതായി മുമ്പ് പ്രചരിച്ചിരുന്ന ഒരു വീഡിയോയും (ലിഫ്റ്റിലേക്ക് രശ്മികയുടെ മുഖം ഉള്ളയാള്‍ കയറിവരുന്ന ദൃശ്യം) ഇതേയാളുടെ മുഖത്തിന്‍റെ സ്ഥാനത്ത് രശ്മികയെ മോർഫ് ചെയ്ത് ചേർത്ത് തയ്യാറാക്കിയതായിരുന്നു. എന്നാല്‍ ആരാണ് പുതിയ ഡീപ്‍ഫേക്ക് വീഡിയോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് എന്ന് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന് കണ്ടെത്താന്‍ സാധിച്ചില്ല. 

നിഗമനം  

ലിഫ്റ്റിനുള്ളില്‍ വച്ചുള്ള രശ്മിക മന്ദാനയുടെ വീഡിയോ ഡീപ്ഫേക്കാണ്. മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ രശ്മികയുടെ മുഖം മോർഫ് ചെയ്താണ് വൈറല്‍ ദൃശ്യം തയ്യാറാക്കിയിരിക്കുന്നത്. 

Read more: ഡീപ്‌ഫേക്ക് എന്ന കൈവിട്ട കളി; വൈറലായി ആലിയ ഭട്ടിന്‍റെ അശ്ലീല വീഡിയോയും, സംഭവിക്കുന്നത് എന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!