അഫ്‌ഗാനില്‍ തോക്കുമായി നൃത്തം, ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ചതിന് പിന്നാലെ വീഡിയോ, സത്യമോ?

By Web Team  |  First Published Oct 27, 2023, 8:55 AM IST

പാകിസ്ഥാനെ പരാജയപ്പെടുത്തിയ ശേഷം അഫ്‌ഗാനിസ്ഥാനിലെ അന്തരീക്ഷം ഇങ്ങനെയാണ് എന്ന കുറിപ്പോടെയാണ് വീഡിയോ


ഇന്ത്യ വേദിയായിക്കൊണ്ടിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെ അഫ്‌ഗാനിസ്ഥാന്‍ അട്ടിമറിച്ചിരുന്നു. എട്ട് വിക്കറ്റിനായിരുന്നു ഏഷ്യയിലെ വിസ്‌മയ ടീമായ അഫ്‌ഗാന്‍റെ ജയം. എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ അഫ്‌ഗാനിസ്ഥാന്‍ അവര്‍ക്കെന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ജയം സ്വന്തമാക്കിയപ്പോള്‍ അഫ്‌ഗാനിലെ ആരാധകര്‍ തോക്കുകളുമായി നൃത്തം ചെയ്‌താണോ ആ വിജയം ആഘോഷിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയും അതിന്‍റെ വസ്‌തുതയും പരിശോധിക്കാം.

പ്രചാരണം

Latest Videos

undefined

പാകിസ്ഥാനെ പരാജയപ്പെടുത്തിയ ശേഷം അഫ്‌ഗാനിസ്ഥാനിലെ അന്തരീക്ഷം ഇങ്ങനെയാണ് എന്ന കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) ദിനേശ് കുമാര്‍ എന്ന യൂസര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു മിനുറ്റും 35 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡ‍ിയോയില്‍ നിരവധി പേര്‍ തോക്കുകള്‍ കൊണ്ട് നൃത്തംവെക്കുന്നതാണുള്ളത്. 

पाकिस्तान को हराने के बाद अफगानिस्तान में जश्न का माहौल ।
🤣🤣🤣 pic.twitter.com/AFBCr2uND1

— Dinesh Kumar (@DineshKumarLive)

വസ്‌തുത 

വീഡിയോയ്‌ക്ക് ക്ലാരിറ്റിക്കുറവുള്ളതിനാല്‍ ഉറവിടം കണ്ടുപിടിക്കുക എളുപ്പമായിരുന്നില്ല. ഏറെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കേണ്ടിവന്നു. ഇതിനൊടുവില്‍ ലഭിച്ച ഒരു ഫലം പറയുന്നത് ന് ഈ വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതായാണ്. S a ROOMI cricket CLUB എന്ന പേജിലാണ് അന്ന് ഒരു മിനുറ്റും 35 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. താലിബാന്‍ നൃത്തം എന്ന തലക്കെട്ടിലാണ് വീഡിയോ.

സമാനമായി 2021ല്‍ മറ്റ് ചില അക്കൗണ്ടുകളില്‍ നിന്നും എഫ്‌ബിയില്‍ വീഡിയോ ഷെയര്‍ ചെയ്‌തിട്ടുണ്ട്. എന്നാല്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നല്ല, ഈ വീഡിയോ പാകിസ്ഥാനില്‍ നിന്നുള്ളതാണ് എന്ന ഫാക്ട് ചെക്കുകള്‍ മുമ്പ് വന്നിട്ടുള്ളതാണെന്നും പരിശോധനയില്‍ കണ്ടെത്താനായി. പാകിസ്ഥാനിലെ ഒരു കല്യാണാഘോഷം ആണിത് എന്നാണ് റിപ്പോര്‍ട്ട്. 

നിഗമനം

ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ശേഷം അഫ്‌ഗാനിസ്ഥാനില്‍ തോക്കുകള്‍ കൊണ്ടുള്ള നൃത്തം എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ പഴയതും 2021ലെതുമാണ്. അതേസമയം 2023 ഒക്ടോബര്‍ 23-ാം തിയതിയാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെ അഫ്‌ഗാന്‍ പരാജയപ്പെടുത്തിയത്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പാകിസ്ഥാനില്‍ നിന്നുള്ളതാണ് എന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് മുമ്പ് തെളിയിച്ചിട്ടുണ്ട്. 

Read more: മാറുന്ന കേരളം, വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഫ്ലൈ ഓവര്‍ കേരളത്തിലോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!