ജവാന്‍ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ഒരു വീഡിയോ
മുംബൈ: ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. നാളെ സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാനാണ് ജവാന്‍ എത്തുന്നത് എന്നാണ് ആരാധകരുടെ പ്രതീക്ഷ. രജനികാന്ത് ചിത്രം ജയിലറോടെ ഇന്ത്യന്‍ സിനിമയില്‍ ദക്ഷിണേന്ത്യ ഒരിക്കല്‍ക്കൂടി ബോക്‌സ് ഓഫീസ് കയ്യടക്കിയപ്പോള്‍ ജവാന്‍ വടക്കേയിന്ത്യന്‍ ബോക്‌സ് ഓഫീസിലേക്ക് കോടിക്കിലുക്കം തിരികെ കൊണ്ടുവരും എന്നാണ് ബോളിവുഡിന്‍റെ പ്രതീക്ഷ. ആരാധകരുടെ ആകാംക്ഷ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ജവാന്‍ സിനിമയുടെ ആക്ഷന്‍ ദൃശ്യങ്ങള്‍ ചോര്‍ന്നോ?
നിരവധി ആക്ഷന്‍ രംഗങ്ങളുള്ള തകര്‍പ്പന്‍ സിനിമയായിരിക്കും ജവാന്‍ എന്നാണ് പ്രതീക്ഷ. ഇതോടെയാണ് ചിത്രത്തിന്‍റെ ഫൈറ്റ് രംഗം ചോര്‍ന്നു എന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പടര്‍ന്നത്. ജവാനിലെ ആക്ഷന്‍ സീന്‍ ചോര്‍ന്നു എന്ന കുറിപ്പോടെയാണ് ഒരാള്‍ വീഡിയോ ഫേസ്‌ബുക്കില്‍ പങ്കുവെച്ചത്. ഷാരൂഖ് ഖാന്‍റെ സിനിമയായത് കൊണ്ടുതന്നെ പുറത്തുവന്നതും വീഡിയോ വൈറലായി. നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ഊര്‍ന്നിറങ്ങുന്നതാണ് വീഡിയോയില്‍. ഫേസ്‌ബുക്കിന് പുറമെ ട്വിറ്ററിലും ഈ വീഡിയോ കാണാന്‍ സാധിക്കും.
സ്ക്രീന്‍ഷോട്ട്
വസ്‌തുത
വൈറലായിരിക്കുന്ന വീഡിയോയ്‌ക്ക് ജവാന്‍ സിനിമയുമായി ബന്ധമില്ല എന്നാണ് വ്യക്തമായിരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഒരു ബംഗാളി ചിത്രത്തില്‍ നിന്നുള്ള വീഡിയോയാണ് ഷാരൂഖിന്‍റെ ജവാനിലേത് എന്ന തരത്തില്‍ പ്രചരിക്കുന്നത്. വീഡിയോയിലുള്ളത് ഷാരൂഖ് ഖാന്‍ അല്ല, ബോഡി ഡബിളായ മന്‍സൂര്‍ അലി ഖാനാണ്. ഇക്കാര്യം അവകാശപ്പെട്ട് മന്‍സൂര്‍ അലി ഖാന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ സ്റ്റണ്ട് വീഡിയോ മന്‍സൂര്‍ ഖാന്‍ 2023 ഓഗസ്റ്റ് 18-ാം തിയതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഷാരൂഖ് ഖാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ജവാന്‍ നാളെ തിയറ്ററുകളിലെത്തും.
Read more: ജി20 ഉച്ചകോടി; മാനം രക്ഷിക്കാന്‍ ദില്ലിയിലെ ചേരികള്‍ കെട്ടിമറച്ചു എന്നുള്ള ചിത്രം തെറ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം